2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

സ്മാര്‍ട്ട്ഫോണ്‍ യൂസര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത; ഫുള്‍ സ്ക്രീന്‍ പരസ്യങ്ങള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍

 

സ്മാര്‍ട്ട്ഫോണ്‍ യൂസര്‍മാരെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്ന ഒന്നാണ് പരസ്യങ്ങള്‍. ആപ്പുകള്‍ക്കുള്ളിലുള്ളതിന് പുറമെ, സ്ക്രീന്‍ മുഴുവന്‍ നിറയുന്ന ആഡുകളും സുഖകരമായ ഉപയോഗത്തിന് തടസ്സം നില്‍ക്കുന്നവയാണ്. മറ്റേതെങ്കിലും പ്രധാന കാര്യം ചെയ്യാന്‍ തുനിയുമ്പോഴാകും സ്ക്രീനില്‍ പരസ്യം പ്രത്യക്ഷപ്പെടുക. എന്നാല്‍, ഒടുവില്‍ ഗൂഗിള്‍ അതിനൊരു പരിഹാരവുമായി എത്തുകയാണ്. ഇനിമുതല്‍ ആപ്പുകള്‍ക്ക് ഫുള്‍സ്ക്രീന്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ല. സെപ്തംബര്‍ 30 മുതലാണ് പുതിയ പ്ലേസ്റ്റോര്‍ നിയമം ഗൂഗിള്‍ കൊണ്ടുവരുന്നത്.

നാം പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ ചിലത്, തുറക്കുമ്പോഴും ക്ലോസ് ചെയ്യുമ്പോഴുമാണ് ഫുള്‍ സ്ക്രീന്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 15-30 സെക്കന്‍ഡുകള്‍ കാത്തുനിന്നാല്‍ മാത്രമാണ് അത്തരം പരസ്യങ്ങര്‍ ക്ലോസ് ചെയ്യാന്‍ സാധിക്കുക. ഇത്തരം ശല്യങ്ങളെയാണ് അടുത്ത മാസം മുതല്‍ ഗൂഗിള്‍ അവസാനിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍, ആപ്പുകളില്‍ റിവാര്‍ഡ് സമ്മാനിക്കുന്ന തരത്തില്‍ നല്‍കുന്ന പരസ്യങ്ങള്‍ തുടരാവുന്നതാണ്.

സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഉപയോക്താവിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പൂര്‍ണ്ണ സ്‌ക്രീന്‍ പരസ്യങ്ങളെയാണ് ഗൂഗിള്‍ ഒഴിവാക്കുന്നത്. ഉദാഹരണത്തിന്, ഏതെങ്കിലും വെബ്സൈറ്റ് ലോഡ് ചെയ്യുമ്പോഴോ, ഒരു ഗെയിം കളിക്കുമ്പോഴോ ഉള്ളടക്കത്തിലൂടെ സ്ക്രോള്‍ ചെയ്യുമ്പോഴോ പോപ്പ്‌അപ്പ് ആയി വരുന്ന പരസ്യങ്ങള്‍. അതേസമയം, ചില സാഹചര്യങ്ങളില്‍ പൂര്‍ണ്ണ സ്‌ക്രീന്‍ പരസ്യങ്ങള്‍ അനുവദനീയമാണ്, ഉദാഹരണത്തിന്; ഒരു ഗെയിം അതിന്റെ ഉപയോക്താക്കള്‍ക്ക് ഒരു പരസ്യം കാണുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.അതേസമയം, യൂട്യൂബ് വിഡിയോകള്‍ക്ക് നടുവില്‍ വരുന്ന പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് കാലങ്ങളായി യൂസര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. അതില്‍ ഗൂഗിള്‍ തല്‍ക്കാലത്തേക്ക് നടപടിയൊന്നു സ്വീകരിച്ചിട്ടില്ല.

0 comments: