2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

5ജിക്ക് വലിയ വില കൊടുക്കേണ്ടി വരുമോ? കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇതൊക്കെ


ഒക്ടോബറിൽ രാജ്യത്ത് 5ജി സേവനങ്ങൾ എത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനു തൊട്ടു പിന്നാലെ ജിയോയുടെ 5ജി ഫോണും ഉടനെ വിപണിയിലിറങ്ങുമെന്നും സൂചനകൾ എത്തിയിരുന്നു. ഇപ്പോഴിതാ സേവനങ്ങളുടെ നിരക്ക് സംബന്ധിച്ചുള്ള വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്പനികൾ. 5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഗതിശക്തി സഞ്ചാര പോർട്ടലിൽ 5ജി റൈറ്റ് ഓഫ് വർക്ക് ആപ്ലിക്കേഷൻ ഫോം കഴി‍ഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. കൂടാതെ സർക്കാർ ‘ദി ഇന്ത്യൻ ടെലിഗ്രാഫ് റൈറ്റ് ഓഫ് വേ റൂൾസ്, 2022’യും അവതരിപ്പിച്ചു. 4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഒരേ പേരിലുള്ള ഫോണുകളിൽ 5ജി സേവനം സപ്പോർട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേർഷൻ ഇറങ്ങുന്നുണ്ട്.

ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്. അതിൽ മികച്ച മാർഗം ഫോണിന്റെ സവിശേഷതകൾ ഓൺലൈനിൽ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവും.

ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുള്ളൂ.

ഇപ്പോഴത്തെ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും. 3ജിയിൽനിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വന്ന സമയം ഓർമയില്ലേ, അതുപോലെ സിംകാർഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരില്ല. അഥവാ അങ്ങനെയൊരു ആവശ്യം വന്നാൽ അതാത് ടെലികോം സേവന ദാതാക്കൾ ഉപഭോക്താക്കളെ ബന്ധപ്പെടും.


0 comments: