2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വിവിധ ബാങ്കുകള്‍ വായ്പാനിരക്ക് വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍

 


പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്തുന്നതിന് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വീണ്ടും ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച്‌ വിവിധ ബാങ്കുകള്‍ വായ്പാനിരക്ക് ഉയര്‍ത്തി.ഐസിഐസിഐ ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നിവയാണ് പലിശനിരക്ക് ഉയര്‍ത്തിയത്.

ബാങ്ക് ഓഫ് ബറോഡയുടെ ചില്ലറ വായ്പയുടെ പലിശനിരക്ക് 7.95 ശതമാനമായാണ് ഉയര്‍ത്തിയത്. റിപ്പോനിരക്കിനേക്കാള്‍ 2.55 ശതമാനം കൂടുതലാണിത്. ഐസിഐസിഐ ബാങ്കിന്റെ വായ്പാനിരക്ക് 9.10 ശതമാനമായാണ് ഉയര്‍ത്തിയത്.

കാനറ ബാങ്കിന്റെ പലിശനിരക്ക് അരശതമാനമാണ് വര്‍ധിപ്പിച്ചത്. 8.30 ശതമാനമാണ് വായ്പാനിരക്ക്. റിപ്പോനിരക്ക് അധിഷ്ഠിത വായ്പാനിരക്കാണ് കാനറ ബാങ്ക് വര്‍ധിപ്പിച്ചത്. ഇന്നുമുതല്‍ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു.

ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള വായ്പകളുടെ പലിശനിരക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 7.40 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായാണ് വര്‍ധിപ്പിച്ചത്. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്ക് എട്ടുമുതല്‍ 8.40 ശതമാനം വരെയും അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെയുള്ളതിന്റേത് 8.40 മുതല്‍ 8.80 ശതമാനം വരെയും പത്തുവര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ളതിന്റേത് 8.90 മുതല്‍ 9.30 ശതമാനം വരെയുമാണ് വര്‍ധിപ്പിച്ചത്.കഴിഞ്ഞ ദിവസം റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 5.4 ശതമാനമായാണ് റിപ്പോനിരക്ക് വര്‍ധിപ്പിച്ചത്.


0 comments: