2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

വണ്‍ ഇന്ത്യ വണ്‍ ചാര്‍ജര്‍'; ഏകീകൃത ചാര്‍ജര്‍ നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം

രാജ്യമൊട്ടാകെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ലെറ്റ് അടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍.യൂറോപ്പില്‍ വണ്‍ ചാര്‍ജര്‍ നയം 2024ല്‍ നടപ്പാക്കും. ഇതിന്റെ ചുവടുപിടിച്ച്‌ ഇന്ത്യയിലും പൊതുവായുള്ള ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു.

നിലവില്‍ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്പ് ടോപ്പുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും വ്യത്യസ്ത ചാര്‍ജറാണ് ഉപയോഗിക്കുന്നത്. ഓരോ കമ്പനിയുടെ ഫോണ്‍ അനുസരിച്ച്‌ ചാര്‍ജറിലും വ്യത്യാസമുണ്ട്. ഒന്നിലധികം ചാര്‍ജര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച്‌ എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേപോലെ ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ അടക്കം പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

ഒന്നിലധികം ചാര്‍ജര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാല്‍ ഇ- വെയ്സ്റ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വ്യത്യസ്ത ചാര്‍ജര്‍ ആണ്. ഇത് ഏകീകരിച്ചാല്‍ ഒരു ചാര്‍ജര്‍ മാത്രം മതിയാകും. യൂറോപ്പില്‍ മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും അടക്കം എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിന് ടൈപ്പ് സി ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുംവിധം പരിഷ്‌കരണം നടപ്പാക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

0 comments: