2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം; നിയമക്കുരുക്കില്‍ 6705 സീറ്റ്

 

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകരില്‍ രണ്ട് ലക്ഷത്തോളം പേര്‍ പുറത്തുനില്‍ക്കുമ്പോഴും നിയമക്കുരുക്കില്‍പെട്ട് 307 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ 6705 സീറ്റ്.ഈ സീറ്റുകളുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ടാം അലോട്ട്മെന്‍റിലും ഉള്‍പ്പെടുത്താനായിട്ടില്ല. മൂന്നാം അലോട്ട്മെന്‍റ് പൂര്‍ത്തിയായി സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് വിജ്ഞാപനമിറക്കും മുമ്പെങ്കിലും കേസില്‍ തീര്‍പ്പ് വന്നില്ലെങ്കില്‍ പ്രവേശന നടപടികള്‍ സ്തംഭിക്കും.

മുന്നാക്ക സമുദായ മാനേജ്മെന്‍റിന് കീഴിലുള്ള സ്കൂളുകളില്‍ കമ്യൂണിറ്റി ക്വോട്ടയിലുള്ളതും സ്വതന്ത്ര മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ അധികമായി കൈവശം വെച്ചിരുന്നതും പിന്നീട് സര്‍ക്കാര്‍ തിരിച്ചെടുത്തതുമായ 10 ശതമാനം സീറ്റുകളാണ് ഹൈകോടതിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്നത്.

സ്വതന്ത്ര മാനേജ്മെന്‍റുകള്‍ 20 ശതമാനം മാനേജ്മെന്‍റ് ക്വോട്ട സീറ്റിന് പുറമെ അധികമായി കൈവശം വെച്ചിരുന്ന 10 ശതമാനം സീറ്റ് സര്‍ക്കാര്‍ ഉത്തരവിലൂടെ തിരിച്ചെടുത്ത് ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ചിരുന്നു.ഇതിനെ ചോദ്യം ചെയ്ത് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി ശരിവെച്ച കോടതി ഇതോടൊപ്പം മുന്നാക്ക സമുദായ മാനേജ്മെന്‍റുകള്‍ക്ക് 20 ശതമാനം മാനേജ്മെന്‍റ് ക്വോട്ടക്ക് പുറത്ത് അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാക്കുകയും ഈ സീറ്റുകള്‍ കൂടി മെറിറ്റില്‍ ലയിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുകള്‍ കൂടി പരിഗണിച്ച്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗം ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാക്കിയ വിധിക്കെതിരെ എന്‍.എസ്.എസ് ഹൈകോടതിയെ സമീപിച്ചു. പിന്നാലെ സര്‍ക്കാറും കമ്യൂണിറ്റി ക്വോട്ട സീറ്റ് നിലനിര്‍ത്താന്‍ കോടതിയിലെത്തി. തുടര്‍ന്ന് സ്വതന്ത്ര മാനേജ്മെന്‍റുകളില്‍നിന്ന് തിരിച്ചെടുത്ത സീറ്റുകളും മുന്നാക്ക സമുദായ മാനേജ്മെന്‍റ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയും ചേര്‍ത്തുള്ള 6705 സീറ്റുകള്‍ മാറ്റിവെച്ച്‌ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുകയായിരുന്നു.

കോടതിവിധിക്കനുസൃതമായി തുടര്‍ന്നുള്ള ഘട്ടത്തില്‍ തര്‍ക്കത്തിലുള്ള സീറ്റില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ രണ്ടാം അലോട്ട്മെന്‍റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമ്ബോഴും കേസില്‍ തീര്‍പ്പായിട്ടില്ല. രണ്ടാം അലോട്ട്മെന്‍റില്‍ പ്രവേശനം 17ന് പൂര്‍ത്തിയാക്കാനും 22ന് മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം. 24ന് പ്രവേശനം പൂര്‍ത്തിയാക്കി 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.


അതിന് മുമ്ബെങ്കിലും കേസില്‍ വിധി വന്നാല്‍ മാത്രമേ ഒഴിച്ചിട്ടിരിക്കുന്ന 307 സ്കൂളുകളിലെ സീറ്റുകള്‍ തൊട്ടുപിറകെ വരുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്താനാവൂ. പുതിയ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/ വിഷയ കോമ്ബിനേഷന്‍ ട്രാന്‍സ്ഫര്‍ അനുവദിക്കേണ്ടിവരും. ഇതിന് ശേഷമേ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിക്കാന്‍ സാധിക്കൂ. അപ്പോഴേക്കും വിധി വന്നില്ലെങ്കില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടപടികള്‍ സ്തംഭനത്തിലാകും.

0 comments: