2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പ്ലസ് വണ്‍ പ്രേവേശനം ; മലപ്പുറം ജില്ലയില്‍ 34,106 പേര്‍ പുറത്ത്

പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിച്ചിട്ടും ജില്ലയില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍.എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനില്‍ക്കെയാണ് ഇത്രയധികം കുട്ടികള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത്.

നിലവിലുള്ള കണക്കുപ്രകരം 34,106 പേര്‍ക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റില്‍ അവസരം ലഭിക്കില്ല. ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് അപേക്ഷിച്ചത്. ഇവര്‍ക്കായി മൂന്ന് അലോട്ട്മെന്‍റിലായി 45,997 സീറ്റുകളാണ് മെറിറ്റില്‍ അനുവദിച്ചത്. ഇതില്‍ 45,994 സീറ്റുകളിലേക്കാണ് പ്രവേശനം പൂര്‍ത്തിയായിരിക്കുന്നത്. മൂന്ന് സീറ്റുകള്‍ സംവരണ വിഭാഗത്തിനായി നീക്കിവെച്ചവയാണ്.

നിലവിലുള്ള കണക്കുകള്‍ പ്രകാരം ജനറല്‍ വിഭാഗം - 33,519, ഈഴവ -തിയ്യ - 2850, മുസ്ലിം - 2711, ആംഗ്ലോ ഇന്ത്യന്‍ - 34, ക്രിസ്ത്യന്‍ ഒ.ബി.സി - 25, ഹിന്ദു ഒ.ബി.സി - 427, എസ്.സി - 4360, എസ്.ടി - 222, ഭിന്നശേഷി - 619, കാഴ്ചപരിമിതിയുള്ളവര്‍ - 19, ഒ.ഇ.സി - 15, ധീവര - ആറ്, വിശ്വകര്‍മ - 735, കുശവന്‍ - 95, മുന്നാക്ക സംവരണം - 357 എന്നിങ്ങനെയാണ് പ്രവേശനം നേടിയിരിക്കുന്നത്. ഈഴവ -തിയ്യ വിഭാഗത്തില്‍ രണ്ടും വിശ്വകര്‍മ വിഭാഗത്തില്‍ ഒന്നും സീറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. മുന്നാക്ക സംവരണ വിഭാഗത്തില്‍ ജില്ലയില്‍ 3240 സീറ്റുകള്‍ അനുവദിച്ചിരുന്നുവെങ്കിലും അപേക്ഷകരില്ലാത്തതിനാല്‍ ജനറലിലേക്ക് മാറ്റുകയായിരുന്നു.

മാനേജ്മെന്‍റ് ക്വോട്ടയും കമ്യൂണിറ്റി ക്വോട്ടയും പരിഗണിച്ചാലും നിരവധി പേര്‍ക്ക് അവസരം നഷ്ടമാകും. ഇതിനോടൊപ്പം 69 അണ്‍ എയ്ഡഡ് സ്കൂളുകളിലെ 11,275 സീറ്റ് കൂടി പരിഗണിച്ചാല്‍ ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൊത്തം സീറ്റുകളുടെ എണ്ണം 65,000ത്തോളം ആകും. സര്‍ക്കാര്‍, എയ്ഡഡ്, മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വോട്ട, അണ്‍ എയ്ഡഡ് സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ 15,000ത്തോളം പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ഓപണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും.

വി.എച്ച്‌.എസ്.ഇ - 2790, ഐ.ടി.ഐ - 1124, പോളിടെക്നിക് - 1360ഉം ഉള്‍പ്പെടെ 5 274 സീറ്റുകള്‍ കൂടി പരിഗണിച്ചാലും നിരവധി പേര്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല.മൂന്നാം അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ പ്രവേശനത്തിന് സമയമുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റാണ് ഇനി കാത്തിരിക്കുന്നവരുടെ പ്രതീക്ഷ. പിന്നാക്ക, ന്യൂനപക്ഷ എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയില്‍ സപ്ലിമെന്‍ററി ഘട്ട അപേക്ഷകള്‍ വിതരണം തുടങ്ങിയിട്ടുണ്ട്. 27നകം ഡേറ്റ എന്‍ട്രി പൂര്‍ത്തീകരിച്ച്‌ 29ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 31ന് വൈകീട്ട് അഞ്ചു വരെയാണ് പ്രവേശനം.

0 comments: