2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ക്ലാസുകൾക്ക് തുടക്കം, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

 

സംസ്ഥാനത്ത് പ്ലസ് വൺ, വിഎച്ച്എസ്ഇ ക്ലാസുകൾക്ക് തുടക്കം. ഇരു വിഭാഗങ്ങളിലുമായി നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്. 389 സ്കൂളുകളിലായി, മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാർത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഇന്ന് വൈകീട്ട് പൂർത്തിയാകും. തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് തുടങ്ങും. ഇത്തവണ അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം കിട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആഗ്രഹിച്ച സ്കൂളുകളിലോ, കോഴ്സിലോ പ്രവേശനം കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാൽ എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും അഡ്മിഷൻ ഉറപ്പാക്കാൻ 89 ബാച്ചുകൾ പുതുതായി അനുവദിച്ചു, 30 ശതമാനം സീറ്റ് വർധിപ്പിച്ചു... മന്ത്രി കൂട്ടിച്ചർത്തു. 

എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ അക്കാദമിക് മുന്നേറ്റം ഉണ്ടാക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിലാകും ഇത്തവണ ക്ലാസുകളെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അക്കാദമിക് ആയി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനം നൽകും. ഹയർസെക്കണ്ടറി പാസ്സായ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിനായി ഗൈഡൻസ് നൽകുമെന്നും ശിവൻകുട്ടി അറിയിച്ചു. 

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരി​ഗണിക്കപ്പെടാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേ​ക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ എഴുതി പുതുക്കി നൽകാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്ക് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

പരാതികൾ പരിഹരിക്കാനും അപാകതകൾ ഇല്ലെന്ന് ഉറപ്പാക്കാനും, മുഖ്യഘട്ട അലോട്ട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധനയും പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുള്ള പരിശോധനയും നടത്താൻ ഇക്കുറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


0 comments: