2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

സുകന്യ സമൃദ്ധി യോജന; പലിശ നിരക്ക് എങ്ങനെയാണ് കണക്കുകൂട്ടുന്നത് ? എത്രയാണ് നിക്ഷേപ പരിധി? ജനങ്ങളുടെ സംശയങ്ങള്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ വിശദമായ മറുപടി നല്‍കി കെ സുരേന്ദ്രന്‍


പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജനയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ജനങ്ങള്‍ ചോദിച്ച സംശയങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ വിശദമായി മറുപടി നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രത്യേക വീഡിയോയിലൂടെയും ആളുകളുടെ സംശയങ്ങള്‍ ചോദ്യോത്തരമായി വിശദമാക്കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയുമാണ് സുരേന്ദ്രന്‍ മാതാപിതാക്കളുടെ ആശങ്കകള്‍ പരിഹരിച്ചത്.

അക്കൗണ്ട് നേരത്തെ അവസാനിപ്പിച്ചാല്‍ എങ്ങനെ പണം ലഭിക്കും? പലിശ നിരക്ക് എത്രയാണ്? തുടങ്ങിയ ചോദ്യങ്ങളാണ് ആളുകള്‍ ചോദിച്ചത്. നിരവധി സംശയങ്ങള്‍ കമന്റ് ആയി പലരും ചോദിച്ചിരുന്നു. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കേന്ദ്രപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു നടപടിയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജനയെ കുറിചുള്ള വിവരങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത് . നിരവധി സംശയങ്ങള്‍ കമന്റ് ആയി പലരും ചോദിച്ചിരുന്നു. അതിനുള്ള മറുപടികള്‍ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു.

സുകന്യ സമൃദ്ധി യോജന അഥവാ അഥവാ എസ്‌എസ്വൈ സര്‍ക്കാര്‍ അധിഷ്ഠിത ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.2015ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായാണ് എസ്‌എസ്വൈ അവതരിപ്പിക്കപ്പെട്ടത്. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളിലോ എസ്‌എസ്വൈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍കുട്ടിയ്‌ക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്‌എസ്വൈ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക.

അക്കൗണ്ട് ആരംഭിക്കുവാനുള്ള യോഗ്യതകള്‍?

10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷകര്‍ത്താവിനോ ആണ് എസ്‌എസ്വൈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. പദ്ധതി നിയമങ്ങള്‍ പ്രകാരം ഒരു നിക്ഷേപകന് ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ ആരംഭിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുകയുള്ളൂ. ഇരട്ടക്കുട്ടികളുള്ള കുടുംബത്തിലും ഒരു പ്രസവത്തില്‍ 3 കുട്ടികള്‍ ഉള്ള കുടുബത്തിലും രണ്ട് എസ്‌എസ്വൈ അക്കൗണ്ടുകള്‍ മാത്രമാണ് അനുവദിക്കുക.

പലിശ നിരക്ക്?

സാമ്ബത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലുമാണ് എസ്‌എസ്വൈ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. നിലവില്‍ 2021 -22 സാമ്ബത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 7.6 എന്ന ഉയര്‍ന്ന പലിശ നിരക്കാണ് എസ്‌എസ്വൈയില്‍ വാഗ്ദാനം ചെയ്യുന്നത്.

നിക്ഷേപ പരിധിയും കാലാവധിയും?

ഒരു സാമ്ബത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് എസ്‌എസ്വൈ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. അക്കൗണ്ട് ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തേക്കെങ്കിലും ചുരുങ്ങിയ തുക അക്കൗണ്ടില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. പെണ്‍കുട്ടിയ്‌ക്ക് 21 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ 18 വയസിന് ശേഷം വിവാഹിതയാകുന്നത് വരെയോ ആണ് എസ്‌എസ്വൈ പദ്ധതിയുടെ മെച്യൂരിറ്റി കാലാവധി. 18 വയസായാല്‍ അക്കൗണ്ട് നേരിട്ട് കൈകാര്യം ചെയ്യാം. 250 രൂപ ചുരുങ്ങിയത് നിക്ഷേപം നടത്താത്ത അക്കൗണ്ടുകളില്‍ നിന്നും ഓരോ വര്‍ഷത്തേക്കും 50 രൂപ വീതം പിഴ ഈടാക്കും. 18 വയസ് പൂര്‍ത്തിയായാല്‍ ആവശ്യമായ രേഖകള്‍ അക്കൗണ്ട് ആരംഭിച്ചിട്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമര്‍പ്പിച്ച്‌് പെണ്‍കുട്ടിയ്‌ക്ക് നേരിട്ട് അക്കൗണ്ട് കൈകാര്യം ചെയ്യാം.

നേരത്തെ അക്കൗണ്ട് അവസാനിപ്പിച്ചാല്‍?

പെണ്‍കുട്ടിയ്‌ക്ക് 18 വയസ് തികയുകയോ പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാവുകയോ ചെയ്യുമ്ബോള്‍ എസ്‌എസ്വൈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. അക്കൗണ്ടിലെ ബാലന്‍സ് തുകയുടെ 50 ശതമാനമാണ് വിവാഹത്തിനോ ഉപരി പഠനത്തിനോ ആയി പെണ്‍കുട്ടിയ്‌ക്ക് പിന്‍വലിക്കാന്‍ സാധിക്കുക. തുക ഒന്നിച്ചോ, വാര്‍ഷിക ഗഡുക്കളായി 5 വര്‍ഷക്കാലയളവിലോ നിബന്ധനകള്‍ക്കനുസൃതമായി ലഭിക്കും.

നേട്ടങ്ങള്‍?

ഉയര്‍ന്ന പലിശ നിരക്കിന് പുറമേ നികുതി നേട്ടങ്ങളാണ് എസ്‌എസ്വൈ പദ്ധതിയുടെ മുഖ്യ നേട്ടം. എസ്‌എസ്വൈ പദ്ധതിയിലെ നിക്ഷേപത്തിലെ മുതല്‍ തുക, നേടിയ പലിശ, മെച്വൂരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ എസ്‌എസ്വൈ അക്കൗണ്ട് മാറ്റം ചെയ്യാം എന്നതും ഒരു പ്രത്യേകതയാണ്.


0 comments: