2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഓണക്കിറ്റില്‍ വെളിച്ചെണ്ണ ഇല്ല, റേഷന്‍ കട വഴി പ്രത്യേകമായി നല്‍കും

 

സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ ഇത്തവണ വെളിച്ചെണ്ണ ഉണ്ടാവില്ലെന്നും എന്നാല്‍ വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ ഷോപ്പ് വഴി ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍.വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിതെന്ന് മന്ത്രി പറഞ്ഞു.ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. ആദ്യം അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാക്കുക. പിന്നീട് പി.എച്ച്‌.എച്ച്‌ കാര്‍ഡ് ഉടമകള്‍ക്കും ശേഷം നീല, വെള്ള കാര്‍ഡുകാര്‍ക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും.

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യ മന്ത്രി പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്ന് ഓണക്കിറ്റ് പാക്കിങ്ങ് നടക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കേന്ദ്രം സന്ദര്‍ശിച്ചു മന്ത്രി പറഞ്ഞു.കൗണ്‍സിലര്‍ രാഖി രവികുമാര്‍, സപ്ലൈകോ തിരുവനന്തപുരം റീജ്യനല്‍ മാനേജര്‍ ജലജ ജി. എസ് റാണി, ഡിപ്പോ മാനേജര്‍ അനില്‍കുമാര്‍ ജെ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

0 comments: