2023, ജൂലൈ 26, ബുധനാഴ്‌ച

ജോലി സാധ്യത ഏറെയുള്ള ഫാർമസി കോഴ്‌സുകളെ അടുത്തറിയാം

 


പുതിയ  രോഗങ്ങളും മഹാമാരികളും ജീവന് ഭീഷണിയായി തീരുമ്പോൾ  മരുന്ന് ഗവേഷണത്തിനും അവയുടെ വികസനത്തിനും പ്രസക്തിയേറുകയാണ്. വിവിധ മരുന്നുകളുടെ നിർമാണം, വിതരണം, ഗുണനിയന്ത്രണം, അവയുടെ ഗവേഷണം, പാർശ്വ ഫലങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠന ശാഖയാണ് ഫാർമസി. ലോകാത്താകമാനം ഫാർമസ്യൂട്ടിക്കൽ വ്യവസായം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ജോലിക്കും ഉപരിപഠനത്തിനുമുള്ള സാധ്യതകൾ ഏറെയുണ്ട്‌. ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ്, ജനറ്റിക് എൻജിനിയറിങ്‌ തുടങ്ങിയ മേഖലകളിലെ വൻ കുതിച്ചുചാട്ടം ഫാർമസ്യൂട്ടിക്കൽ രംഗത്ത് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.  ഫാർമസി മേഖലകളിലുള്ള പ്രധാന പഠനാവസരങ്ങളെ പരിചയപ്പെടാം.

ബാച്ചിലർ ഓഫ്  ഫാർമസി

ഫാർമസി മേഖലയിലെ ബിരുദ കോഴ്‌സാണ് ബിഫാം (ബാച്ച്‌ലർ ഓഫ്‌ ഫാർമസി). നാല് വർഷമാണ് പഠനം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി വിഷയങ്ങൾ പഠിച്ച്   ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കേരള എൻജിനിയറിങ്‌ പ്രവേശന പരീക്ഷയിലെ ഒന്നാം പേപ്പർ (ഫിസിക്‌സ്, കെമിസ്ട്രി) മാർക്ക് പരിഗണിച്ച് തയ്യാറാക്കുന്ന കീം റാങ്ക് ലിസ്റ്റിൽനിന്നാണ് കേരളത്തിലെ പ്രവേശനം. കേരളത്തിൽ 5 സർക്കാർ സ്ഥാപനങ്ങളും 52 സ്വാശ്രയ സ്ഥാപനങ്ങളുമാണുള്ളത്. സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളും സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റുകളുമാണ് കീം റാങ്ക് ലിസ്റ്റ് വഴി നികത്തുന്നത്. ബാക്കി 50 ശതമാനം സ്വാശ്രയ സീറ്റുകൾക്ക് കീം ബിഫാം റാങ്ക് നിർബന്ധമില്ല. അപേക്ഷിച്ചാൽ മതി.

തൊഴിൽ സാധ്യതയും ഉപരി പഠനവും

ബിഫാം പൂർത്തിയാക്കിയവർക്ക് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി, ഹോസ്പിറ്റലുകൾ, ഫാർമസികൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ (ഡ്രഗ് ഇൻസ്‌പെക്ടർ, ഡ്രഗ് അനലിസ്റ്റ്) തുടങ്ങിയവയിൽ ജോലി സാധ്യതയുണ്ട്. അധ്യാപനം, ഗവേഷണം  മേഖലകളിൽ താൽപ്പര്യമുള്ളവർ ഉപരിപഠനത്തിന് തയ്യാറെടുക്കേണ്ടതുണ്ട് . ബിഫാം പഠനത്തിന് ശേഷം എംഫാം (മാസ്റ്റർ ഓഫ് ഫാർമസി ), ഫാം ഡി (ലാറ്ററൽ പ്രവേശനം), എംബിഎ ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്‌, എംബിഎ ഫാർമ മാർക്കറ്റിങ്‌, എംഎസ്‌സി ക്ലിനിക്കൽ റിസർച്ച് /ബയോ ഇൻഫർമാറ്റിക്സ് /ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, എംടെക് ബയോടെക്നോളജി/മെഡിക്കൽ ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്  തുടങ്ങിയ മേഖലകളിൽ ഉപരിപഠനം നടത്താം.

ഡിപ്ലോമ ഇൻ ഫാർമസി

രണ്ട് വർഷപഠനവും മൂന്ന് മാസ (500 മണിക്കൂർ) പ്രായോഗിക പരിശീലനവുമടങ്ങിയ ഫാർമസി ഡിപ്ലോമ കോഴ്‌സുകൾ സർക്കാർ മേഖലയിലും അംഗീകൃത സ്വകാര്യ ഫാർമസി കോളേജുകളിലും ലഭ്യമാണ്. പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയോടൊപ്പം ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ വഴിയാണ് അഡ്മിഷൻ. ഡിഫാമുകാർക്ക് ലാറ്ററൽ എൻട്രി വഴി ബിഫാം പ്രവേശനത്തിന് അവസരമുണ്ട്. പ്രധാനമായും ഫാർമസികളിലും മരുന്ന് ഉൽപ്പാദന/ വിതരണ കമ്പനികളിലും ആശുപത്രികളിലുമാണ്  അവസരങ്ങൾ. കേന്ദ്ര സർക്കാരിന്റെ പുതിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഫാർമസിസ്റ്റായി രജിസ്‌ട്രേഷൻ ലഭിക്കണമെങ്കിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ ഇൻ ഫാർമസി എക്‌സിറ്റ് എക്‌സാമിനേഷൻകൂടി ജയിക്കേണ്ടതുണ്ട്.

ഡോക്‌ടർ ഓഫ് ഫാർമസി

ഇന്ത്യയിൽ  ഫാർമസി പഠന രംഗത്ത് താരതമ്യേന പുതിയ കോഴ്‌സാണ് ഫാംഡി. ഗവേഷണത്തിനും ക്ലിനിക്കൽ പ്രാക്ടീസിനുമാണ് മുൻതൂക്കം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയുമുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷാ വിജയമാണ് യോഗ്യത. 50 ശതമാനം മാർക്കോടെ ഡിഫാം  പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. കേരളത്തിൽ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരമുള്ളത്. അതാത് സ്ഥാപനത്തിൽ നേരിട്ട് അപേക്ഷിക്കണം. ആറ് വർഷ കോഴ്സാണ്. അവസാന വർഷം ഇന്റേൺഷിപ്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റായി പ്രവർത്തിക്കാം. ഇന്ത്യയിൽ അവസരങ്ങൾ കുറവാണെങ്കിലും വിദേശ രാജ്യങ്ങളിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുകൾക്ക് മികച്ച തൊഴിലവസരങ്ങളുണ്ട്. ഫാർമസ്യൂട്ടിക്കൽ വ്യവസായം, ഗവേഷണം, മാർക്കറ്റിങ്‌ മേഖലകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ബിഫാം ബിരുദധാരികൾക്ക് ഫാംഡി ( പോസ്റ്റ് ബക്കാലോറിയേറ്റ് ) കോഴ്‌സ് വഴി മൂന്ന് വർഷം കൊണ്ട് ഫാംഡി ബിരുദം നേടാം. രണ്ട് വർഷം പഠനവും ഒരു വർഷം ഇന്റേൺഷിപ്പും.

ബിഫാം ആയുർവേദ

ബിഫാം ആയുർവേദ നാലു വർഷ കോഴ്സാണ്‌. ഫിസിക്സ്,കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു പരീക്ഷാ വിജയമാണ് യോഗ്യത. കണ്ണൂർ പറശ്ശിനിക്കടവ്  ആയുർവേദ മെഡിക്കൽ കോളേജിലാണ് ഈ കോഴ്‌സുള്ളത്.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ)

തിരുവനന്തപുരം,കോഴിക്കോട് ഗവൺമെന്റ്‌ ഹോമിയോ മെഡിക്കൽ കോളേജുകളിൽ   ഹോമിയോ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സുണ്ട്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ യോഗ്യത പത്താം ക്ലാസ് വിജയമാണ്.

പഠന സ്ഥാപനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ചിന്റെ വിവിധ ക്യാമ്പസുകളായ മൊഹാലി, അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി എന്നിവിടങ്ങളിൽ ഫാർമസി മേഖലയിലെ വിവിധ കോഴ്‌സുകളുണ്ട്. 

ജാമിയ ഹംദർദ്, പഞ്ചാബ് യൂണിവേഴ്‌സിറ്റി, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ്‌ സയൻസ് പിലാനി, ജെഎസ്എസ്. കോളേജ് ഓഫ് ഫാർമസി ഊട്ടി, മണിപ്പാൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മണിപ്പാൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി  മുംബൈ,  എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ ടെക്‌നോളജി ചെന്നൈ, അമൃത വിശ്വപീഠം കോയമ്പത്തൂർ, ജാദവ്പുർ യൂണിവേഴ്സിറ്റി കൊൽക്കത്ത തുടങ്ങിയവയും ഈ മേഖലയിലെ  സ്ഥാപനങ്ങളാണ്.


0 comments: