2023, ജൂലൈ 26, ബുധനാഴ്‌ച

നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; ഗ്രാമങ്ങളിലെ മിടുക്കർക്ക് അവസരം

 


ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യായന വർഷത്തേക്ക് (2024-25) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. 6-ാം ക്ലാസ്സിലേക്കാണ്, പ്രവേശനം. ഓഗസ്റ്റ് 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങളുണ്ട്. 2024 ‍‍ജനുവരി 20നു രാവിലെ 11.30നു നടത്തുന്ന ഒ.എം.ആർ. ടെസ്‌റ്റിനെ അടിസ്ഥാനമാക്കിയാണ്, തെരഞ്ഞെടുപ്പ് . ഈ അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരിൽ നിന്നാണ് തെരഞ്ഞെടുപ്പ്. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം

ഓരോ ജില്ലയിലുമുള്ള നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സിലെ 80 സീറ്റിലേക്കാണ്, പ്രവേശനം. ഗ്രാമപ്രദേശങ്ങളിൽ പഠിച്ചവർക്ക്, പ്രത്യേക സംവരണമുണ്ട്. 3,4,5 ക്ലാസുകളിൽ ഗ്രാമ പ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനം നടത്തിയവരെയാണ് ഗ്രാമീണ വിദ്യാർത്ഥികൾക്കുള്ള 75% ക്വാട്ടയിൽ പരിഗണിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിലേക്ക് ഗ്രാമപ്രദേശങ്ങളിൽ പഠിച്ചവർക്കൊപ്പം നഗരപരിധിയിലുള്ളവരേയും പരിഗണിക്കും. ആകെയുള്ള സീറ്റുകളിൽ, 33% സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഗ്രാമീണ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം 2011 സെൻസസോ അതിനു ശേഷമുള്ള വിജ്ഞാപനമോ അനുസരിച്ച് ഗ്രാമപ്രദേശമാണെന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പു വരുത്തണം.സ്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ സ്ഥിരതാമസക്കാരെ മാത്രമേ പരിഗണിക്കൂ.

അപേക്ഷിക്കാനുള്ള യോഗ്യത 

അപേക്ഷകർ, ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലെ സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ ഈ അദ്ധ്യായന വർഷത്തിൽ 5-ാം ക്ലാസിൽ പഠിക്കുന്നവരാകണം. അതാതു ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്കു മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകരുടെ ജനന തീയ്യതി , 2012 മേയ് ഒന്നിനു മുൻപോ 2014 ജൂലൈ 31നു ശേഷമോ ആകരുത്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  • അപേക്ഷകന്റെ സ്കാൻ ചെയ്ത/ ഡിജിറ്റൽ ഫോട്ടോ. (സൈസ് 10 kb മുതൽ 100 kb വരെ) 
  • അപേക്ഷകന്റെയും രക്ഷിതാവിന്റെയും സ്കാൻ ചെയ്ത ഒപ്പ്. (സൈസ് 10 kb മുതൽ 100 kb വരെ) 
  • അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ചതും, അപേക്ഷകന്റെയും രക്ഷിതാവിന്റെയും ഒപ്പോടു കൂടിയതുമായ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്) (സൈസ് 50 kb മുതൽ 300 kb വരെ)

അപേക്ഷാ ക്രമം

അപേക്ഷാ ക്രമം www.navodaya.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് , അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല. അപേക്ഷകന്റെ വീടിരിക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് വഴിയും അപേക്ഷ നൽകാം. അക്ഷയ സെന്ററുകൾ / കോമൺ സർവീസ് സെൻ്ററുകൾ (CSC) മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിൽ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്പ്ലോഡ്ചെയ്യണം.പൂർത്തിയാക്കിയ അപേക്ഷ സമർപ്പിച്ചതിനുശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുന്നത് പിന്നീടുള്ള റഫറൻസിന് ഉപകാരപെടും.അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ചോദ്യമാതൃകകളും www.navodaya.gov.in എന്ന വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിൽ നിന്നു ലഭ്യമാണ്.

ആനുകൂല്യങ്ങൾ 

പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ പഠനം, താമസം, ഭക്ഷണം, യൂണീഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. വിദ്യാർത്ഥികൾ ക്യാംപസിൽ താമസിച്ച് പഠിക്കണം. സിബിഎസ്ഇ സിലബസ് അനുസരിച്ചാണ് അദ്ധ്യായനം. 8-ാം ക്ലാസ്സു വരെ പഠന മാധ്യമം മലയാളമാണ്. 10, 12 ക്ലാസുകളിൽ സിബിഎസ്ഇ പരീക്ഷയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.

പ്രവേശന പരീക്ഷ 

പ്രവേശന പരീക്ഷ അപേക്ഷകർക്ക്, അവർ അഞ്ചാംക്ലാസിൽ പഠിച്ച ഭാഷയിൽ പ്രവേശന പരീക്ഷ എഴുതാനാവസരമുണ്ട്. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ആകെ 80 ചോദ്യങ്ങളുണ്ട്. 120 മിനിറ്റാണ്, പ്രവേശന പരീക്ഷാ സമയം. ആകെ മാർക്ക് 100 ആണ്. താഴെക്കാണുന്ന മേഖലകളിൽ നിന്നായിരിക്കും പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ.

  1. മാനസിക ശേഷി ചോദ്യങ്ങൾ:40 മാർക്ക് :50 സമയം :60 മിനിറ്റ്
  2. അരിത്‌മെറ്റിക് ചോദ്യങ്ങൾ: 20 മാർക്ക് : 25 സമയം : 30 മിനിറ്റ്
  3. ഭാഷ ചോദ്യങ്ങൾ: 20 മാർക്ക് : 25 സമയം : 30 മിനിറ്റ്

0 comments: