2023, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10-ന് തീർക്കണം: ബാലാവകാശ കമ്മീഷൻ

 


കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10-ന് തീർക്കണമെന്ന പുതിയ ഉത്തരവുമായി ബാലാവകാശ കമ്മീഷൻ. റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ അണിനിരത്തിയുളള ഘോഷയാത്രകൾ രാവിലെ 8ന് ആരംഭിച്ച് 10ന് മുമ്പ് അവസാനിപ്പിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണം.കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രകളിൽ കുട്ടികളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും നിർദ്ദേശിച്ചു.കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളെ ടൗണിലെ തിരക്കേറിയ നാഷണൽ ഹൈവേയിൽ, ചുട്ടുപൊള്ളുന്ന വെയിലിൽ, ഭക്ഷണവും കൂടിവെള്ളവും നൽകാതെ മണിക്കൂറുകൾ നടത്തിച്ചു എന്നുള്ള കൊല്ലം കുന്നത്തൂർ ഈസ്റ്റ് സ്വദേശിയുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്.

0 comments: