2024, ജനുവരി 30, ചൊവ്വാഴ്ച

പ്ലസ്‌ടുവിനുശേഷം പഠിക്കാം അഗ്രിക്കൾച്ചർ സയന്‍സ് ; എവിടെ പഠിക്കാം ?

 

മണ്ണിനെ സ്നേഹിക്കുന്ന, കൃഷി ഒരു പാഷനും കരിയറുമാക്കാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് കൃഷിയെക്കുറിച്ചുള്ള സമഗ്രപഠനമായ അഗ്രിക്കള്‍ച്ചറല്‍ (Agriculture) സയന്‍സ് അഥവാ കാര്‍ഷികശാസ്ത്രം.   .ബയോളജി ,കെമിസ്ട്രി ,ഫിസിക്‌സ്,മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള പഠനതത്വങ്ങള്‍ കാര്‍ഷികരംഗത്ത് എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ മര്‍മം.

കാര്‍ഷികവിളകളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍, കുറഞ്ഞ സ്ഥലത്ത് നിന്ന് ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, അവയുടെ വിപണനം എന്നിവയെല്ലാം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ പഠിക്കാനുണ്ടാകും.ഫൂഡ് സയന്‍സ്, പ്ലാന്റ് സയന്‍സ്, സോയില്‍ സയന്‍സ്, അനിമല്‍ സയന്‍സ് എന്നീ സ്‌പെഷലൈസേഷനുകളും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ കീഴില്‍ വരുന്നു.

ഭക്ഷ്യോല്‍പാദനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിച്ചതില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് പ്രൊഫഷനലുകള്‍ക്ക് കാര്യമായ പങ്കുണ്ട്.മണ്ണ്, ജലസംരക്ഷണം, കീടനിയന്ത്രണം, കാര്‍ഷികരംഗത്തെ യന്ത്രവത്കരണം എന്നീ മേഖലകളിലും അഗ്രിക്കള്‍ച്ചറല്‍ സയന്‍സുകാര്‍ക്ക് ഫലപ്രദമായി പലകാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ സാധിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ബിരുദക്കാരുടെ ആവശ്യം കൂടി കൂടി വരുകയാണ്.സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല സ്വകാര്യമേഖലയിലും ഈ വിഭാഗക്കാര്‍ക്ക് പ്രിയമേറെയാണിപ്പോള്‍.മണ്ണിനോട് മനസുകൊണ്ടടുപ്പവും കൃഷിയില്‍ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരു കരിയര്‍ സാധ്യതയാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്.

എന്ത് പഠിക്കണം ?

കാര്‍ഷികമേഖലയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അഗ്രിക്കള്‍ച്ചറില്‍ ബിരുദം നേടാം.കേരളത്തിനകത്തും പുറത്തുമുള്ള മിക്ക കാര്‍ഷിക സര്‍വകലാശാലകളിലും ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് ചേരാം. പ്രവേശനപരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. നാലുവര്‍ഷമാണ് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി.

ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉപരിപഠനത്തിനായി എം.എസ്.സിക്ക് ചേരാം. രണ്ടു വര്‍ഷമാണ് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നീ നിലകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് സഹായകരമാകും. കേരളത്തിലെ കൃഷി ഓഫീസറാകാനുള്ള യോഗ്യതയും ഇത് തന്നെയാണ്. കാര്‍ഷികരംഗത്ത് തന്നെയുള്ള വിവിധ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. കോഴ്‌സ് ചെയ്യുന്നതിനും സര്‍വകലാശകളില്‍ സൗകര്യമുണ്ട്.

ഫോറസ്ട്രി, വൈല്‍ഡ്‌ലൈഫ്, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്, ഡെയറി സയന്‍സ്, അനിമല്‍ ഹസ്ബന്‍ഡറി, പരിസ്ഥിതി തുടങ്ങി പഠിതാവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ അനുബന്ധ കോഴ്‌സ് പൂര്‍ത്തിയാക്കാം.

അതിനനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ നിന്നുള്ള അവസരവും ഇത്തരക്കാരെ തേടിയെത്തും.ഓര്‍ഗാനിക് ഫാമിങ്, വാട്ടര്‍ ഹാര്‍വസ്റ്റിങ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കാര്‍ഷിക അനുബന്ധ വിഷയങ്ങളില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യിലെ സ്കൂൾ ഓഫ് അഗ്രിക്കൾച്ചർ വഴി വിദൂരവിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.

എവിടെ പഠിക്കാം ?

കാര്‍ഷിക ശാസ്ത്രത്തില്‍ മികച്ച രീതിയില്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്ന മുപ്പത്തഞ്ചിലധികം കാര്‍ഷിക സര്‍വകലാശാലകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലുമായുണ്ട്.

▫️ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന ആചാര്യ എന്‍.ജി. രംഗ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ പ്രധാനം.ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ഫൂഡ്‌സയന്‍സ്, ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി തുടങ്ങി നിരവധി കോഴ്‌സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്.

▫️കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന സ്ഥാപനം.ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി. ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്, ബി.ടി. ഇന്‍ഫോര്‍മാറ്റിക്‌സ്, ബി.എസ്.സി. അഗ്രിബിസിനസ് മാനേജ്‌മെന്റ്, എം.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു.

▫️തമിഴ്‌നാട്ടില്‍ തന്നെയുള്ള അണ്ണാമലൈ സര്‍വകലാശാലയും കാര്‍ഷികശാസ്ത്ര പഠനത്തിന് പേരുകേട്ട സ്ഥാപനമാണ്. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രോണമി, എം.ബി.എ. അഗ്രി-ബിസിനസ് തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെയുള്ളത്.

▫️ബാംഗ്‌ളൂരിലെ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി, ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, ബി.ടെക് ഫൂഡ് സയന്‍സ്, എം.എസ്.സി. അഗ്രി ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളുണ്ട്.

▫️ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. (അഗ്രിക്കള്‍ച്ചര്‍) മൈക്രോബയോളജി, മാസ്റ്റര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, എം.ടെക് അഗ്രിക്കള്‍ച്ചര്‍ പ്രൊസസിങ് ആന്‍ഡ് ഫൂഡ് എഞ്ചിനിയറിങ് എന്നീ കോഴ്‌സുകളുണ്ട്.

അലഹബാദിലെ സാം ഹിഗ്ഗിംഗ്‌ ബോതം യുനിവേർസിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻ്റ് ടെക്നോളജിയിൽ നിന്ന് ബി എസ് സി - അഗ്രികൾച്ചർ, ഹോട്ടികൾച്ചർ, ഫോറസ്ട്രി, ഡയറി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് എന്നിവ പഠിക്കാം.

പഠനം കേരളത്തില്‍

രാജ്യത്തെ കാര്‍ഷികസര്‍വകലാശാലകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് കേരള കാര്‍ഷികസര്‍വകലാശാല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജുകളുടെ നിയന്ത്രണം കേരള കാര്‍ഷികസര്‍വകലാശാലയ്ക്കാണ്.

തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്. പി.എച്ച്.ഡി. സൗകര്യവും ഇവിടെയുണ്ട്.

കാസര്‍ക്കോട്ടെ പടന്നക്കാടുളള കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ എന്നീ കോഴ്‌സുകളാണുള്ളത്.വയനാട് അമ്പലവയൽ കാർഷിക കോളേജിൽ ബിഎസ്സി അഗ്രികൾച്ചർ കോഴ്‌സും നടത്തുന്നു.കാർഷിക വാഴ്സിറ്റിക്ക് കീഴിലെ പട്ടാമ്പി കേന്ദ്രത്തിൽ 2 വർഷത്തെ അഗ്രികൾച്ചർ ഡിപ്ളോമ കോഴ്സ് നടത്തുന്നുണ്ട്

തൃശൂര്‍ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകളും പി.എച്ച്.ഡി. പഠനസൗകര്യവുമുണ്ട്.

വെള്ളാനിക്കരയില്‍ തന്നെയുള്ള കോളേജ് ഓഫ് ഫോറസ്ട്രിയില്‍ ബി.എസ്.സി. (ഫോറസ്ട്രി), എം.എസ്.സി. (ഫോറസ്ട്രി) കോഴ്‌സുകളുണ്ട്.

മലപ്പുറം തവനൂരിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്, ബി.ടെക് ഫുഡ് എഞ്ചിനിയറിങ് കോഴ്‌സുകള്‍ നടത്തുന്നു.

നീറ്റ് പരീക്ഷയെഴുതിയ സ്കോർ /റാങ്ക് വെച്ച് കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ച് വിദ്യാർത്ഥികളിൽ നിന്ന് ഓപ്ഷൻ സ്വീകരിച്ചാണ് മേൽപറഞ്ഞ കേരളത്തിലെ കാർഷിക കോളേജുകളിലേക്കുള്ള 85% സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നത്. ബാക്കി 15% സീറ്റിലേക്ക് പ്രവേശനം ICAR പരീക്ഷ വഴിയാണ്.

0 comments: