കേരളത്തില്‍ നാലു സർവകലാശാലകളിലായാണ് സയൻസ്, ആർട്സ്, കൊമേഴ്സ്, വൊക്കേഷണല്‍, മറ്റുചില മേഖലകള്‍ എന്നിവയിലെ ബിരുദപഠനങ്ങള്‍ക്ക് അവസരമുള്ളത്.കേരള, മഹാത്മാഗാന്ധി (എം.ജി.), കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലാണ് ഈ മേഖലകളില്‍ റഗുലർ പഠനാവസരം ഉള്ളത്.ഇവ കൂടാതെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള കലാമണ്ഡലം കല്പിത സർവകലാശാല എന്നിവയും പ്ലസ്ടു യോഗ്യത അടിസ്ഥാനമാക്കി കോഴ്സുകള്‍ നടത്തുന്നുണ്ട്.
സർവകലാശാല അനുസരിച്ച്, വിവിധവിഷയങ്ങളിലെ ബി.എ., ബി.എസ്സി., ബി.കോം.; ബി.സി.എ., ബി.ബി.എം., ബി.ബി.എ., ബി.എസ്.ഡബ്ല്യു., ബി.ടി. എ. (ബാച്ച്‌ലർ ഓഫ് തിയേറ്റർ ആർട്സ്), ബി.എച്ച്.എ. (ഹോട്ടല്‍ അഡ്മിനിസ്ട്രേഷൻ) ഉള്‍പ്പെടെയുള്ള മൂന്നുവർഷ കോഴ്സുകളുണ്ട് (ചില ഓണേഴ്സ് പ്രോഗ്രാമുകളും ഉണ്ട്). പരമ്പരാഗത വിഷയങ്ങളിലെ കോഴ്സുകളും ന്യൂജനറേഷൻ/ സ്പെഷ്യലൈസേഷൻ കോഴ്സുകളും ബിരുദതലത്തില്‍ ലഭ്യമാണ്. അടുത്തകാലത്തായി അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.എ./എം.എസ്സി. കോഴ്സുകളും ചില അഫിലിയേറ്റഡ് കോളേജുകളില്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്സുകളുടെ പട്ടിക, ഓരോ കോഴ്സ് പ്രവേശനത്തിനും വേണ്ട വിദ്യാഭ്യാസയോഗ്യത എന്നിവ സർവകലാശാലയുടെ പ്രവേശന പ്രോസ്പെക്ടസില്‍ നല്‍കിയിരിക്കും.
അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവേശനം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ്. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുള്ള ഇൻഡക്സിങ് ചട്ടങ്ങള്‍ സർവകലാശാലകളുടെ പ്രോസ്പെക്ടസില്‍ നല്‍കിയിരിക്കും. മ്യൂസിക് ഉള്‍പ്പെടെയുള്ള ചില പ്രോഗ്രാമുകള്‍ക്ക് അഭിരുചി പരീക്ഷ ഉണ്ടായേക്കും.
കോളേജുകള്‍
അഫിലിയേറ്റഡ് കോളേജുകളില്‍ ഗവണ്‍മെൻറ്, എയ്ഡഡ് (ഈ രണ്ട് വിഭാഗങ്ങളിലുമുള്ള സ്വയംഭരണ/ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെ), സ്വാശ്രയ കോളേജുകള്‍ (സെല്‍ഫ് ഫിനാൻസിങ്) എന്നിവയുണ്ട്. ഗവണ്‍മെൻറ്/എയ്ഡഡ് കോളേജുകളില്‍ സമാനമായ ഒരു ഫീസ്ഘടനയും സ്വാശ്രയ കോളേജുകളില്‍ മറ്റൊരു ഫീസ്ഘടനയുമായിരിക്കും.ഓരോ സർവകലാശാലയുടെയും പരിധിയിലുള്ള ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകളിലെ പ്രവേശനം അതത് സർവകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത അലോട്മെൻറ് പ്രക്രിയ/ഏകജാലക സംവിധാനം വഴിയാകും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ പ്രസിദ്ധപ്പെടുത്തുന്നതും പ്രവേശനനടപടികള്‍ നടത്തുന്നതും അതത് സർവകലാശാലയുടെ പ്രവേശന വെബ്സൈറ്റ് വഴിയാണ്.
കേരള സർവകലാശാല വെബ്സൈറ്റ്
|admissions.keralauniversity.ac.in
മഹാത്മാഗാന്ധി സർവകലാശാല വെബ്സൈറ്റ്
കോഴിക്കോട് സർവകലാശാല വെബ്സൈറ്റ്
കണ്ണൂർ സർവകലാശാല വെബ്സൈറ്റ്
| admission.kannuruniversity.ac.in
2023-24 ലെ പ്രവേശനവിവരങ്ങള്‍ സർവകലാശാലാ അഡ്മിഷൻ വെബ്സൈറ്റുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. അത് പരിശോധിച്ച് നടപടിക്രമങ്ങള്‍ മനസ്സിലാക്കാം.
ഓട്ടോണമസ് കോളേജ്
ഓട്ടോണമസ് കോളേജുകളിലെ പ്രവേശനം അതത് കോളേജുകള്‍ നേരിട്ട് അപേക്ഷ ക്ഷണിച്ച് സർവകലാശാലാ/സർക്കാർ ചട്ടങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. ഈ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കണം. നിലവില്‍ ആർട്സ് ആൻഡ് സയൻസ് വിഭാഗത്തില്‍ കേരളത്തില്‍ 20 ഓട്ടോണമസ് കോളേജുകള്‍ ഉണ്ട്. ഒരു സർക്കാർ കോളേജും 19 എയ്ഡഡ് കോളേജുകളും.
സർവകലാശാല തിരിച്ചുള്ള കണക്ക്:
- കേരള- രണ്ട് (ഫാത്തിമമാതാ നാഷണല്‍ കൊല്ലം, മാർ ഇവാനിയോസ് തിരുവനന്തപുരം)
- മഹാത്മാഗാന്ധി-10 (മഹാരാജാസ് എറണാകുളം -ഗവണ്‍മെൻറ്, അസംപ്ഷൻ ചങ്ങനാശ്ശേരി, സി.എം.എസ്. കോട്ടയം, മാർ അത്തനേഷ്യസ് കോതമംഗലം, മരിയൻ കുറ്റിക്കാനം, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസ് കളമശ്ശേരി, സേക്രഡ് ഹാർട്ട് തേവര, സെയ്ൻറ് ആല്‍ബർട്സ് എറണാകുളം, എസ്.ബി. ചങ്ങനാശ്ശേരി, സെയ്ൻറ് തെരേസാസ് എറണാകുളം)
- കോഴിക്കോട്-എട്ട് (ക്രൈസ്റ്റ് ഇരിങ്ങാലക്കുട, ഫാറൂഖ് കോഴിക്കോട്, എം.ഇ.എസ്. മമ്പാട് മലപ്പുറം, സെയ്ൻറ് ജോസഫ്സ് ദേവഗിരി, സെയ്ൻറ് ജോസഫ്സ് ഇരിങ്ങാലക്കുട, സെയ്ൻറ് തോമസ് തൃശ്ശൂർ, വിമല തൃശ്ശൂർ, കാർമല്‍ മാള)
- കണ്ണൂർ-ഇല്ല.
അഫിലിയേറ്റഡ് കോളേജുകളില്‍ ലഭ്യമായ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് കോഴ്സുകള്‍
- മഹാത്മാഗാന്ധി സർവകലാശാല: എം.എസ്സി. കംപ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് ആൻഡ് മെഷിൻ ലേണിങ്. കംപ്യൂട്ടർ സയൻസ് - ഡേറ്റാ സയൻസ്. എം.എസ്സി. -ബേസിക് സയൻസസ്-ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്. എം.എ. -ലാംഗ്വേജസ്-ഇംഗ്ലീഷ്. ഇൻറഗ്രേറ്റഡ് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഐ.എം.സി.എ.).
- കോഴിക്കോട്: എം.എസ്സി.-സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി വിത്ത് കംപ്യൂട്ടേഷണല്‍ ബയോളജി. എം.എ.-പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷണല്‍ റിലേഷൻസ്, ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, മലയാളം.
- കണ്ണൂർ: എം.എസ്സി. കംപ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് ആൻഡ് മെഷിൻ ലേണിങ്.
- കേരള സർവകലാശാലയില്‍ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് കോഴ്സ് ആരംഭിച്ചിട്ടില്ല. അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ്.
സർവകലാശാലാ പഠനവകുപ്പുകളിലെ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകള്‍
അതത് സർവകലാശാലകള്‍ നടത്തുന്ന പ്രവേശനപരീക്ഷവഴി ഇവയിലേക്ക് പ്രവേശനം നല്‍കുന്നു.
- കോഴിക്കോട്: (കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമണ്‍ അഡ്മിഷൻ ടെസ്റ്റ്): എം.എസ്സി.-ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി. എം.എ.-ഡിവലപ്മെൻറ് സ്റ്റഡീസ്.
- മഹാത്മാഗാന്ധി (കോമണ്‍ അഡ്മിഷൻ ടെസ്റ്റ്): ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാംസ് ഇൻ സോഷ്യല്‍ സയൻസസ് -ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയൻസ്. ഇൻറഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാംസ്-കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയണ്‍മെൻറല്‍ സയൻസസ്.
- സർവകലാശാലകളിലെ പഠനവകുപ്പിലേക്കുള്ള പ്രവേശനത്തിന് പ്രത്യേകം വിജ്ഞാപനം ഉണ്ടായിരിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനത്തില്‍ ഇത് ഉള്‍പ്പെടില്ല.
സീറ്റുകള്‍
അഫിലിയേറ്റഡ് കോളേജുകളിലെ ഓരോ കോഴ്സിലെയും സീറ്റുകളെ പലവിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഗവണ്‍മെൻറ്/എയ്ഡഡ്/സെല്‍ഫ് ഫിനാൻസിങ് കോളേജുകളില്‍, കാറ്റഗറി/കമ്യൂണിറ്റി പരിഗണനയില്ലാതെ നികത്തുന്ന സീറ്റുകളാണ് മെറിറ്റ് സീറ്റുകള്‍.ഗവണ്‍മെൻറ് കോളേജുകളില്‍ 50 ശതമാനം സീറ്റുകള്‍ ജനറല്‍ മെറിറ്റ് സീറ്റുകളാണ്. ബാക്കി സംവരണസീറ്റുകളും. എയ്ഡഡ് കോളേജുകളില്‍ മുന്നാക്ക കമ്യൂണിറ്റി കോളേജുകളില്‍ 50-ഉം പിന്നാക്ക കമ്യൂണിറ്റി കോളേജുകളില്‍ 40-ഉം ശതമാനം സീറ്റുകള്‍ ജനറല്‍ മെറിറ്റില്‍ ആയിരിക്കും. സ്വാശ്രയവിഭാഗത്തില്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് കാറ്റഗറിയില്‍ ആണ്. മെറിറ്റ് സീറ്റിലെ 50 ശതമാനം സീറ്റുകള്‍ ജനറല്‍ മെറിറ്റിലാണ്. ബാക്കി സംവരണ വിഭാഗത്തിലും.
എയ്ഡഡ് കോളേജുകളില്‍, കോളേജ് നടത്തുന്ന മാനേജ്മെന്റിന്റെ കമ്യൂണിറ്റിയിലെ അപേക്ഷകരെ പരിഗണിച്ച്, സർവകലാശാലാ അലോട്മെൻറ് വഴി, കോളേജ് നികത്തുന്ന സീറ്റുകളാണ് കമ്യൂണിറ്റി ക്വാട്ട സീറ്റുകള്‍.എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ കോളേജുകളിലും സ്ഥാപനം നികത്തുന്ന സീറ്റുകളാണ് മാനേജ്മെൻറ് സീറ്റുകള്‍. എല്ലാ വിഭാഗം കോളേജുകളിലും സർവകലാശാല അനുസരിച്ച് മെറിറ്റ് സീറ്റുകളിലെ സംവരണസീറ്റുകളില്‍ പട്ടികജാതി, പട്ടികവർഗം, സോഷ്യലി ആൻഡ് എജുക്കേഷണലി ബാക്ക്വേഡ് (എസ്.ഇ.ബി.സി.), ഇക്കണോമിക്കലി വീക്കർ സെക്ഷൻസ് (മുന്നാക്കവിഭാഗങ്ങളിലേത്) (ഇ.ഡബ്ല്യു.എസ്.), സ്പോർട്സ്, ഭിന്നശേഷി, ലിംഗ്വിസ്റ്റിക് മെനോറിറ്റി, ട്രാൻസ്ജെൻഡർ തുടങ്ങിയ സംവരണസീറ്റുകള്‍ ഉണ്ടാകാം. സംവരണം, സംവരണ സീറ്റുകളുടെ വിഭജനം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട പ്രോസ്പെക്ടസില്‍ ഉണ്ടാകും. ഏതുതരം സീറ്റിലും പ്രവേശനം തേടുന്നവർ സർവകലാശാലയുടെ ഏകജാലക സംവിധാനത്തില്‍ നിർബന്ധമായും രജിസ്റ്റർചെയ്യണം.
0 comments: