2024, ജനുവരി 24, ബുധനാഴ്‌ച

വിദേശ പഠനത്തിന് തയാറെടുക്കുന്നവരാണോ നിങ്ങൾ, എന്നാൽ ശ്രദ്ധിച്ചോളൂ; ക്യാനഡയിൽ സ്റ്റുഡന്‍റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി

 

വിദേശ വിദ്യാർ‌ഥികൾക്ക് പരിധി നിശ്ചയിച്ച് ക്യാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പരിധി ഏർപ്പെടുത്തിയതിന്‍റെ ഭാഗമായി 2024-ൽ പുതിയ പഠന വിസകളിൽ 35 ശതമാനം കുറവുണ്ടാകും. 2024-ൽ 3,64,000 പുതിയ വിസകളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 5,60,000 പഠന വിസകളാണ് അനുവദിച്ചിരുന്നത്. രണ്ട് വർഷത്തേക്ക് പരിധി നിലനിൽക്കുമെന്നും 2025-ൽ നൽകുന്ന പെർമിറ്റുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ പുനർനിർണയിക്കുമെന്നും ഇമിഗ്രേറ്റ് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതെ വിദേശ വിദ്യാർഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ ക്യാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവർ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് തൊഴിൽ പെർമിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ നീക്കം കൂടുതലും ബാധിക്കുക ഇന്ത്യയിൽ നിന്നുള്ളവരെയായിരിക്കും. 2022ൽ f 3,19,000 വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്ന് ക്യാനഡയിൽ എത്തിയത്.

0 comments: