2024, ജനുവരി 22, തിങ്കളാഴ്‌ച

2025 -26 അധ്യയന വർഷം മുതൽ പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പകർപ്പ് –കൂടെ ഓഡിയോ വിഡിയോ ഉള്ളടക്കവും

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പകർപ്പ് കൂടി പുറത്തിറക്കാൻ തീരുമാനിച്ചെങ്കിലും അവ പാഠപുസ്തക പേജുകളുടെ വെറും ‘സോഫ്റ്റ് കോപ്പി’ ആയിരിക്കില്ല. പാഠഭാഗങ്ങളുടെ സ്വയംപഠനത്തിനും വിലയിരുത്തലിനും വിദ്യാർഥികളെ സഹായിക്കുന്ന ഓൺലൈൻ സംവിധാനമാണത്.ഇതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും ഓഡിയോ–വിഡിയോ ഉള്ളടക്കങ്ങളും സജ്ജമാക്കേണ്ടതിനാൽ 2025–26 അധ്യയന വർഷം മുതലാകും ഡിജിറ്റൽ പതിപ്പ് ലഭ്യമാകുക. സ്വയംപഠനത്തിന് സഹായിക്കുന്ന ദൃശ്യ–ശ്രവ്യ ഉള്ളടക്കവും സ്വയംവിലയിരുത്തലിനു ക്വിസ് പോലുള്ളവയും ഉൾപ്പെടുത്തും. 

രക്ഷിതാക്കൾക്കുള്ള മാർഗനിർദേശക പുസ്തകവും കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾക്കൊപ്പം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ലഭ്യമാക്കും. എൽപി, യുപി, ഹൈസ്കൂൾ എന്നീ 3 വിഭാഗങ്ങളിലുള്ള രക്ഷിതാക്കൾക്കായി 3 കൈപ്പുസ്തകങ്ങളാണ് എസ്‌സിഇആർടി തയാറാക്കിയിരിക്കുന്നത്. കുട്ടികളോടുള്ള സമീപനം എങ്ങനെയാകണമെന്നും അവരുടെ ശാരീരിക–മാനസിക ആരോഗ്യത്തിനും വൈകാരിക വളർച്ചയ്ക്കും എങ്ങനെ സഹായിക്കണമെന്നുമാണ് ഉള്ളടക്കം. മനഃശാസ്ത്രജ്ഞർ, ഡയറ്റീഷ്യൻ, വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവരുടെ നിർദേശം അനുസരിച്ചാണ് ഉള്ളടക്കം തയാറാക്കിയത്. അധ്യാപകർക്കുള്ള പുസ്തകങ്ങൾ വേനലവധിക്കാലത്തെ പരിശീലന സെഷനുകളിൽ തന്നെ വിതരണം ചെയ്യും....

0 comments: