2024, ജനുവരി 9, ചൊവ്വാഴ്ച

കേരളത്തിലെ സർവകലാശാലകളിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേരള സർക്കാർ

 

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സർക്കാരും. സർവകലാശാലകളിൽ അടിമുടി മാറ്റത്തിനാണ് കേരള സർക്കാരൊരുങ്ങുന്നത്. നാല് വർഷ ബിരുദ കോഴ്സുകൾ വ്യാപിപ്പിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നവീകരണം. 10 സർവകലാശാലകളിലെ നിയമ ഭേദഗതിക്കുള്ള കരട് ബിൽ തയ്യാറാക്കുന്നതായാണ് വിവരം

പരീക്ഷ ഫലത്തിനായി മാസങ്ങളോളം കാത്തിരിക്കുന്ന രീതിക്ക് അന്ത്യമാകുമെന്നാണ് സുപ്രധാന മാറ്റം. പരീക്ഷ നടന്ന് ഒരു മാസത്തിനകം ഫലപ്രഖ്യാപനവും അതിവേഗം സർട്ടിഫിക്കറ്റും ലഭ്യമാക്കും. ഫലം വന്നാൽ 30 ദിവസത്തിനകം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകണം. സമയക്രമം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഡിഗ്രി അംഗീകരിക്കാനുള്ള അധികാരം എല്ലാ സർവകലാശാലകളിലും സിൻഡിക്കേറ്റിന് നൽകും.

അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ അക്കാദമിക് കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാനും മാസത്തിൽ രണ്ട് തവണയെങ്കിലും യോഗം ചേരാനും ബില്ലിൽ നിർദ്ദേശമുണ്ട്. ശ്യാം മേനോൻ കമ്മീഷൻ, സർവകലാശാല നിയമ പരിഷ്‌കാര കമ്മീഷൻ, പരീക്ഷ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശയാണ് ബില്ലിലൂടെ നടപ്പാക്കുക. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

വരുന്ന പതിറ്റാണ്ടുകളിലേക്കുള്ള വലിയ വിദ്യാഭ്യാസ മാറ്റത്തിന്‌റെ തുടക്കമാണ് പുതിയ വിദ്യാഭ്യാസ നയം. പാരമ്പര്യമായി കണ്ടു ശീലിച്ച കിന്റർ ഗാർട്ടൻ (LKG&UKG) , ലോവർ പ്രൈമറി (LP), അപ്പർ പ്രൈമറി(UP), ഹൈസ്‌കൂൾ(HS), ഹയർ സെക്കൻഡറി(HSS) എന്നീ തലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തതയുള്ള 5+3+3+4 ഫോർമുലയിലേക്ക് സ്‌കൂൾ വിദ്യാഭ്യാസം മാറുന്നതാണ് സുപ്രധാന മാറ്റം. തുടർന്നുള്ള കോളേജ് വിദ്യാഭ്യാസത്തിൽ ബിരുദതലത്തിൽ നാലുവർഷക്കാലയളവെന്ന രീതിയിലാണ് മാറ്റം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

0 comments: