2024, ജനുവരി 16, ചൊവ്വാഴ്ച

3 വര്‍ഷത്തേക്ക് 1,30,000 രൂപ വാര്‍ഷിക ഫെലോഷിപ്; ഗവേഷണത്തിന് അപേക്ഷിക്കാം

 

നവീന ബയോടെക്നോളജി ഗവേഷണത്തിനു യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 'ഹര്‍ ഗോവിന്ദ് ഖുറാന ഇന്നവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ്' ഫെലോഷിപ്പിന് (IYBF) കേന്ദ്രബയോടെക്നോളജി വകുപ്പ് മാര്‍ച്ച്‌ 6 വരെ അപേക്ഷ സ്വീകരിക്കും.പഠനഗവേഷണങ്ങള്‍ക്കുള്ള സ്ഥിരം ചെലവുകളും ആവര്‍ത്തനച്ചെലവുകളും ഫെലോഷിപ്പായി കിട്ടും. 3 വര്‍ഷത്തേക്ക് 1,30,000 രൂപ വാര്‍ഷിക ഫെലോഷിപ്പുണ്ട്. കൂടാതെ, യാത്രയ്ക്കും ഉപയോഗവസ്തുക്കള്‍ക്കുമായി പ്രതിവര്‍ഷം 10 ലക്ഷം, ഉപകരണങ്ങള്‍ക്കു മൊത്തം 10 ലക്ഷം എന്നീ തുകകളും കിട്ടും.അസാധാരണ മികവുകാട്ടുന്ന 20% പേര്‍ക്ക് 2 വര്‍ഷത്തേക്കുകൂടി ഫെലോഷിപ് നീട്ടും. അപേക്ഷകന്റെ ഗവേഷണപദ്ധതി പരിഗണിച്ചാകും ഫെലോഷിപ്.

ഗവേഷണത്തിന് ആവശ്യമെങ്കില്‍ പ്രോജക്‌ട് കാലത്ത് ബയോടെക്നോളജി വകുപ്പ് സ്ഥാപനമാറ്റം അനുവദിക്കും. പക്ഷേ, ഇക്കാര്യത്തില്‍ ഇരുസ്ഥാപനങ്ങളും സമ്മതം അറിയിക്കണം. മാറ്റമുണ്ടായാല്‍ പ്രോജക്‌ട് ഗ്രാന്റ് പുതിയ സ്ഥാപനത്തിലേക്കെത്തും. പ്രോജക്‌ട് വേളയില്‍ ആകെ 3 മാസത്തിലേറെ വിദേശ ഡപ്യൂട്ടേഷൻ അനുവദിക്കില്ല. ഗവേഷണ പ്രബന്ധങ്ങള്‍ ഫെലോയുടെ പേരില്‍ പ്രസിദ്ധപ്പെടുത്താം.

യോഗ്യത 3 വര്‍ഷമെങ്കിലും ഇന്ത്യയില്‍ സ്ഥിരം ജോലിയില്‍ തുടര്‍ന്നുപോരുന്നവര്‍ക്കാണു സഹായം. ജൈവശാസ്ത്രത്തിലെ ഏതെങ്കിലും ശാഖ, ബയോടെക്നോളജി / മെഡിസിൻ / ജൈവശാസ്ത്രശാഖകള്‍ ഇവയൊന്നില്‍ പ്രയോഗമുള്ള കംപ്യൂട്ടേഷനല്‍ സയൻസ്, വെറ്ററിനറി‌/അഗ്രികള്‍ചര്‍ / ഫാര്‍മസ്യൂട്ടിക്കല്‍ സയൻസ് എന്നീ വിഷയങ്ങളിലൊന്നില്‍ പിഎച്ച്‌ഡി വേണം. 

മെഡിസിൻ,ഡന്റിസ്ട്രി, എൻജിനീയറിങ്, ടെക്നോളജി വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദം / തുല്യയോഗ്യതയു ള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാനദിവസം 35 വയസ്സു കവിയരുത്. വനിതകള്‍ക്കും, പട്ടിക / പിന്നാക്ക / ഭിന്നശേഷി വിഭാഗക്കാര്‍ക്കും 40 വരെയാകാം. മികച്ച അക്കാദമികചരിത്രം നിര്‍ബന്ധം. സാങ്കേതിക കണ്ടുപിടിത്തത്തിനു രാജ്യാന്തര പേറ്റന്റ് ലഭിക്കുകയോ, മികച്ച ജേണലുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ഉണ്ടാവണം.

ഇന്ത്യൻ സ്ഥാപനത്തില്‍ ചേര്‍ന്നതിനു ശേഷം പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളാണ് പരിഗണിക്കുക. വേണ്ടത്ര അടിസ്ഥാനസൗകര്യമുള്ള ഇന്ത്യൻ ഗവേഷണസ്ഥാപനത്തിലോ സര്‍വകലാശാലയിലോ പഠനം നടത്തണം. ഈ സ്ഥാപനത്തിലെ അധികാരിവഴി അപേക്ഷ സമര്‍പ്പണം. അപേക്ഷാഫോം സൈറ്റിലുണ്ട്. പൂര്‍ണവിവരങ്ങള്‍ : https://dbtindia.gov.in.

0 comments: