2024, ജനുവരി 30, ചൊവ്വാഴ്ച

എസ്.എസ്.എല്‍.സി. പൊതുപരീക്ഷയെത്തി സമാധാനത്തോടെ ഒരുങ്ങാംഒരു കുട്ടിയുടെ പത്തുവർഷത്തെ സ്കൂള്‍ പഠനത്തിന്റെ അവസാനം നടക്കുന്നതാണ് എസ്.എസ്.എല്‍.സി. പൊതുപരീക്ഷ. ആശങ്കയില്ലാതെ സന്തോഷകരമായ അനുഭവമാക്കി പരീക്ഷയെ മാറ്റുകയാണ് വേണ്ടത്.

ഭാഷാവിഷയങ്ങള്‍

ഭാഷാവിഷയങ്ങളില്‍ വിവിധങ്ങളായ ഭാഷാശേഷികള്‍ അളക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകുക. സന്ദർഭം വിശകലനംചെയ്യല്‍, വിമർശനാത്മകമായി വിലയിരുത്തല്‍, കഥ/കവിത/ലേഖനം എന്നിവയുടെ നിരൂപണം തയ്യാറാക്കല്‍, എഡിറ്റോറിയല്‍/ന്യൂസ് റിപ്പോർട്ട് തയ്യാറാക്കല്‍, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, പ്രയോഗഭംഗി വിലയിരുത്തല്‍, വ്യാകരണപ്രയോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. പാഠപുസ്തകം നന്നായി വായിക്കുകയും ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത് ഉത്തരങ്ങള്‍ നന്നായി സംഗ്രഹിച്ച്‌ എഴുതുന്നതിന് സഹായിക്കും. മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ പരിശോധിക്കുന്നത് ചോദ്യങ്ങളെപ്പറ്റി ഒരു പൊതുധാരണ രൂപവത്കരിക്കുന്നതിന് ഉപകരിക്കും. കുറഞ്ഞ സമയക്രമം പാലിച്ച്‌ ഉത്തരങ്ങള്‍ എഴുതുന്നതിന് സമീപകാല ചോദ്യപ്പേപ്പറുകളുടെ ഉത്തരം എഴുതി പരിശീലിക്കുന്നത് ഗുണകരമാകും.

കോർവിഷയങ്ങള്‍

കോർവിഷയങ്ങളായ സയൻസ്, സാമൂഹികശാസ്ത്രം എന്നിവയില്‍ കുറിപ്പ് തയ്യാറാക്കല്‍, താരതമ്യംചെയ്യല്‍, വ്യത്യാസം കണ്ടെത്തല്‍, ശരിയായ ജോഡി കണ്ടെത്തല്‍, മള്‍ട്ടിപ്പിള്‍ ചോയ്സ്, പദജോഡിബന്ധം കണ്ടെത്തല്‍, ഒറ്റപ്പെട്ടതിനെ കണ്ടെത്തല്‍, ചിത്രവിശകലനം, ചിത്രീകരണം പൂർത്തിയാക്കല്‍, പട്ടിക ക്രമപ്പെടുത്തല്‍, പട്ടിക പൂർത്തിയാക്കല്‍, പട്ടികവിശകലനം, പോസ്റ്റർ തയ്യാറാക്കല്‍, ഫ്ളോചാർട്ട് തയ്യാറാക്കല്‍, ഗ്രാഫ് വിശകലനം, തെറ്റായ പ്രസ്താവനകള്‍ കണ്ടെത്തി തെറ്റ് തിരുത്തല്‍, പ്രസ്താവന സാധൂകരിക്കല്‍ തുടങ്ങിയ വിവിധ ചോദ്യമാതൃകകള്‍ പ്രതീക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഓരോ അധ്യായത്തിലെയും പ്രധാന ആശയങ്ങള്‍ നന്നായി ഗ്രഹിക്കേണ്ടതുണ്ട്. ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ നേടിയ ആശയങ്ങള്‍, പ്രക്രിയാശേഷികള്‍ എന്നിവയാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഇതിന് പാഠപുസ്തകം നന്നായി വായിക്കുകയും ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങള്‍ (സയൻസ് ഡയറി, നോട്ട്ബുക്ക് തുടങ്ങിയവ) പരിശോധിക്കുകയും ചെയ്യണം.

ഭൂപടങ്ങള്‍

സാമൂഹികശാസ്ത്രത്തില്‍ പാഠപുസ്തകത്തിലെ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂപടങ്ങള്‍ പ്രത്യേകം ശ്രദ്ധയോടെ വിശകലനംചെയ്യാൻ ശ്രദ്ധിക്കണം. ഇന്ത്യയുടെ രൂപരേഖയില്‍ ഭൂവിവരങ്ങള്‍ അടയാളപ്പെടുത്തുന്നതിനുള്ള ചോദ്യങ്ങള്‍ എല്ലാ വർഷവും ആവർത്തിച്ച്‌ വരുന്നതായി കാണുന്നു. ഭൂവിവരങ്ങള്‍ അടയാളപ്പെടുത്തുമ്പോൾ  ബിന്ദു, രേഖ, ഷെയ്ഡ് എന്നിവ ഉപയോഗിക്കാം. അടയാളപ്പെടുത്തുന്ന ഭൂവിവരത്തിന്റെ പേരെഴുതാൻ വിട്ടുപോകരുത്.ഗണിതത്തിലെ ചോദ്യങ്ങള്‍ക്ക് മനസ്സില്‍ ഉത്തരങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം ഉത്തരക്കടലാസിന്റെ ഒരുഭാഗം ക്രിയകള്‍ ചെയ്തതിനുശേഷം ഓരോചോദ്യത്തിനും ഉത്തരം എഴുതുകയാണ് വേണ്ടത്. ഇതുതന്നെചെയ്യുമ്പോൾ  ഓരോ ഉത്തരമെഴുതുന്നതിനും സമയക്രമം പാലിക്കാൻ ശ്രദ്ധിക്കണം. ക്ലാസ്റൂം പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത ഗണിതപ്രക്രിയകള്‍ ആവർത്തിച്ച്‌ ചെയ്യുന്നത് പരീക്ഷയ്ക്ക് ഗുണകരമാകും. ലഭ്യമായിട്ടുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്നതിനും എല്ലാ വിദ്യാർഥികള്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • എല്ലാ പരീക്ഷയ്ക്കും 15 മിനിറ്റ് സമാശ്വാസസമയം ലഭിക്കും.ഈസമയത്ത് ചോദ്യങ്ങള്‍ ശ്രദ്ധയോടെ വായിച്ചുനോക്കുകയും ഉത്തരങ്ങള്‍ മനസ്സില്‍ ആസൂത്രണം ചെയ്യുകയുംവേണം.
  • സമ്മർദം ഒഴിവാക്കിവേണം പരീക്ഷാഹാളില്‍ എത്തേണ്ടത്.പരീക്ഷാസമയത്തിന് മുൻപ്  തന്നെ ഹാളില്‍ പ്രവേശിക്കാൻ ശ്രദ്ധിക്കുക.
  • ഉത്തരക്കടലാസിന്റെ ആദ്യപേജില്‍ രജിസ്റ്റർനമ്പർ   അക്ഷരത്തിലും അക്കത്തിലും എഴുതാൻ നല്‍കിയിട്ടുള്ള സ്ഥാനങ്ങളില്‍ അവ തെറ്റാതെ എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • വാങ്ങുന്ന അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം കൃത്യമായി ഫെയ്സിങ് ഷീറ്റില്‍ എഴുതാൻ വിട്ടുപോകരുത്.
  • ഉത്തരങ്ങള്‍ ആസൂത്രണംചെയ്യുമ്പോൾ  അതത് ചോദ്യത്തിന് നല്‍കിയിട്ടുള്ള സ്കോർ പരിഗണിക്കണം.
  • ചോയ്സ് ഉള്ള ചോദ്യങ്ങളില്‍ ഏറ്റവും നന്നായി ഉത്തരങ്ങളെഴുതാൻ കഴിയുന്നത് തിരഞ്ഞെടുക്കുക.നന്നായി ഉത്തരമെഴുതാൻ കഴിയുമെന്ന് തോന്നുന്ന ചോദ്യങ്ങള്‍ കൂള്‍ ഓഫ് ടൈമില്‍തന്നെ മുൻഗണനാക്രമത്തില്‍ നിശ്ചയിക്കുന്നത് നന്നാകും.
  • ഉത്തരം എഴുതുമ്പോൾ  അനാവശ്യമായ വിശദീകരണങ്ങള്‍ ഒഴിവാക്കുകയും കാര്യമാത്രപ്രസക്തമായി മാത്രം ഉത്തരം എഴുതുകയുംചെയ്യണം.

0 comments: