2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

പ്രതിഭാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

പ്ലസ് ടുവിന് മികച്ച മാർക്കോടെ ഒന്നാം വർഷ ശാസ്ത്ര ബിരുദത്തിന് ചേർന്നവർക്ക് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വരുമാന പരിധിയില്ലാതെ നൽകുന്ന സ്കോളർഷിപ്പാണിത്. പ്ലസ് ടു വിൽ സയൻസ് വിഷയങ്ങളിൽ ലഭിച്ചിരിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 29 ആണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐസർ ഉൾപ്പെടെയുള്ള രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ആകെയുള്ള സ്കോളര്‍ഷിപ്പുകളിൽ 50% പെൺകുട്ടികൾക്കും 10% SC/ST വിഭാഗത്തിനും ആയി സംവരണം ചെയ്തിട്ടുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം?

പ്ലസ് ടുവിന് 90% മാർക്കെങ്കിലും നേടി ഒന്നാം വർഷ ശാസ്ത്ര ബിരുദത്തിന് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 80% മാർക്കു മതി. വരുമാന പരിധി നിഷ്ക്കർഷിച്ചിട്ടില്ലാത്തതിനാൽ, നിർദ്ദിഷ്ടയോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്.

സ്കോളർഷിപ്പ് ആനുകൂല്യം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ആദ്യ വർഷം 12,000 /- രൂപയും രണ്ടാം വർഷം 18,000 /- രൂപയും മൂന്നാം വർഷം 24,000 /- രൂപയും സ്കോളർഷിപ്പായി ലഭിക്കും. പ്രസ്തുത വിദ്യാർത്ഥികൾ 75% മാർക്കോടെ ബിരുദം പൂർത്തിയാക്കി ബിരുദാനന്തരബിരുദത്തിനു ചേർന്നാൽ മറ്റു മാനദണ്ഡങ്ങളൊന്നുമില്ലാതെ തന്നെ ആദ്യ വർഷം 40,000 /- രൂപയും രണ്ടാം വർഷം 60,000 /- രൂപയും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://kscste.kerala.gov.in 

https://kscste.kerala.gov.in


0 comments: