2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

സെക്കൻഡറി, ഹയർ സെക്കൻഡറി അക്കാദമിക ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങി സി.ബി.എസ്.ഇ

 

സെക്കൻഡറി, ഹയർ സെക്കൻഡറി അക്കാദമിക ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങി സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ).10ാം ക്ലാസില്‍ രണ്ട് ഭാഷകള്‍ പഠിക്കുന്നത് മൂന്നാക്കണമെന്നാണ് നിർദേശിച്ച്‌ പ്രധാന മാറ്റം. അതില്‍ രണ്ട് ഭാഷകള്‍ ഇന്ത്യനായിരിക്കണം. അതുപോലെ 10ാം ക്ലാസില്‍ അഞ്ച് വിഷയങ്ങളില്‍ വിജയവും അനിവാര്യമാണ്.

12ാം ക്ലാസില്‍ ഒന്നിന് പകരം രണ്ട് ഭാഷകള്‍ പഠിക്കാനാണ് നിർദേശം. അതില്‍ ഒരെണ്ണം മാതൃഭാഷയായിരിക്കണം. ഹയർ സെക്കൻഡറിക്ക് ആറ് വിഷയങ്ങളില്‍ വിജയം അനിവാര്യമാണ്.

നിലവില്‍ പരമ്പരാഗത  സ്കൂള്‍ പാഠ്യപദ്ധതിയില്‍ സംഘടിത ക്രെഡിറ്റ് സംവിധാനം ഇല്ല. സി.ബി.എസ്.സി നിർദ്ദേശം അനുസരിച്ച്‌ ഒരു മുഴുവൻ അധ്യയന വർഷം 40 ക്രെഡിറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ്.

പത്താം ക്ലാസില്‍ ക്രെഡിറ്റ് അധിഷ്‌ഠിത സംവിധാനത്തിന് കീഴില്‍, നിലവിലുള്ള അഞ്ച് വിഷയങ്ങള്‍ക്ക് (രണ്ട് ഭാഷകളും ഗണിതം, സയൻസ്, സോഷ്യല്‍ സ്റ്റഡീസ് എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന വിഷയങ്ങളും) പകരം 10 വിഷയങ്ങള്‍ (ഏഴ് പ്രധാന വിഷയങ്ങളും മൂന്ന് ഭാഷകളും) വിദ്യാർഥികള്‍ വിജയിക്കണം.

9, 10, 11, 12 ക്ലാസുകളിലെ അക്കാദമിക് ഘടനയിലെ മാറ്റങ്ങളുടെ രൂപരേഖ കഴിഞ്ഞ വർഷം അവസാനത്തോടെ സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന മേധാവികള്‍ക്കും അയച്ചിരുന്നു. 2023 ഡിസംബർ അഞ്ചിനകം ഇതെ കുറിച്ച്‌ അഭിപ്രായം അറിയിക്കണമെന്നായിരുന്നു അവർക്ക് നല്‍കിയ നിർദേശം.

0 comments: