2024, ഫെബ്രുവരി 3, ശനിയാഴ്‌ച

കേന്ദ്ര സര്‍വകലാശാലകള്‍ വേറെ ലെവല്‍, വേറിട്ട പഠനം

 

''ഇവിടെത്തന്നെ ഒരുപാട് നല്ല കോളജുകള്‍ ഇല്ലേ. പിന്നെ എന്തിനാ പുറത്തുപോയി പഠിക്കണമെന്ന് വാശി പിടിക്കുന്നത്. പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഇവിടെത്തന്നെ ഇല്ലേ?''.സി.യു.ഇ.ടി പരീക്ഷയെഴുതി കേരളത്തിന് പുറത്തെ പ്രമുഖ കേന്ദ്ര സർവകലാശാലയില്‍ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന നിരവധി കുട്ടികളുടെ മാതാപിതാക്കളുടെ പൊതു സംശയമാണിത്.

അങ്ങനെ പറഞ്ഞൊഴിയേണ്ട ഒന്നല്ല പുതുതലമുറയുടെ ഈ ആഗ്രഹം. വെറുതെ പുറംലോകം കാണാനുള്ള വഴി എന്ന അർഥത്തില്‍ ലാഘവത്തോടെ കാണേണ്ട ഒന്നുമല്ല ഇത്.ആദ്യമേ പറയട്ടെ, കേന്ദ്ര സർവകലാശാലകളിലെ അല്ലെങ്കില്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ പഠനം ഉപകാരപ്രദമാവുന്നത് നിങ്ങളുടെ കരിയർ ആസൂത്രണങ്ങളെയും ഉദ്ദേശ്യങ്ങളെയും ആശ്രയിച്ചാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഏതില്‍ പഠിക്കണം, എന്തിന് പഠിക്കണം, എന്ത് പഠിക്കണം എന്നിവയെക്കുറിച്ച സ്വയംബോധവും ധാരണയും ഉണ്ടെങ്കില്‍ മാത്രമേ അവിടെ പഠിക്കുന്നതുകൊണ്ട് കാര്യമുള്ളൂ.

അവശ്യ അവബോധങ്ങള്‍

അക്കാദമിക-അടിസ്ഥാന വിഷയങ്ങളെ (ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഗണിതം, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയൻസ് മുതലായവ) ആധാരമാക്കിയുള്ള ഡിഗ്രികള്‍ തിരഞ്ഞെടുക്കുമ്പോൾ , അവയില്‍ മിക്കതും കൂടുതലും ഊന്നുന്നത് അധ്യാപനം, ഗവേഷണം എന്നീ കരിയർ സാധ്യതകളെയാണ്.അധിക കേന്ദ്ര വാഴ്സിറ്റികളും അടിസ്ഥാന ബിരുദങ്ങള്‍ ഓണേഴ്സ് ബിരുദങ്ങള്‍ ആയാണ് നല്‍കുന്നത്. ഓണേഴ്സ് ബിരുദങ്ങളുടെ ഘടന തന്നെ ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, അതിനു അടിത്തറ ഇടുന്നതോ ആണ്.ഈ അക്കാദമിക/അടിസ്ഥാന വിഷയങ്ങളിലെ ചില ഡിഗ്രികള്‍ മികവോടെ പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴില്‍ സാധ്യതകളുണ്ട്. 33 ലക്ഷം വരെ ശമ്പളം ഓഫർ ചെയ്ത സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ച്‌ ഇക്കണോമിക്സ്, ബി.കോം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി പോലുള്ള വിഷയങ്ങളില്‍.

ഒട്ടുമിക്ക കേന്ദ്ര സർവകലാശാലകളിലും ലൈബ്രറി, അധ്യാപകർ, അടിസ്ഥാന സൗകര്യം എന്നിവ ലോകനിലവാരം പുലർത്തുന്നതാണ്. അവ കൈമാറുന്ന അക്കാദമിക നിലവാരം മികച്ചതാണ്. രാജ്യത്തെ തന്നെ ഏറ്റവും നല്ല വിദ്യാർഥികളെ സഹപാഠികളായി കിട്ടുന്നു എന്നതും പ്രധാനമാണ്.

കേന്ദ്ര സർവകലാശാലകള്‍ വിദേശ പഠനങ്ങള്‍ക്ക് സാധ്യതകള്‍ തുറന്നുതരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതും മെറിറ്റ് അടിസ്ഥാനമാക്കി നല്ല സ്റ്റൈപ്പന്റ് ലഭ്യമാക്കിത്തന്നെ. പല കേന്ദ്ര വാഴ്സിറ്റികളും വിദേശ സർവകലാശാലകളിലെ ഫെലോഷിപ് നേടാൻ സഹായിക്കുന്ന സാഹചര്യം ഒരുക്കുന്നു.

ഇന്ത്യയില്‍ ഒരുപാട് സ്വകാര്യ സർവകലാശാലകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇവിടെ അധ്യാപക തസ്തികകളില്‍ നല്ല ശമ്ബളത്തോടുകൂടിയ തൊഴില്‍ സാധ്യതയേറെയാണ്. കേന്ദ്ര സർവകലാശാലകളില്‍ പഠിച്ച ശേഷമുള്ള വിദേശ പഠനം ഇത്തരം സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള മികച്ച കോംബിനേഷനാണ്.

നിങ്ങള്‍ തിരഞ്ഞെടുത്ത ഡിഗ്രികളില്‍ തുടർപഠനം നടത്താൻ ഇഷ്ടം ഇല്ലാതായി എന്ന് കരുതുക, തീർച്ചയായും നിങ്ങളുടെ ബിരുദത്തെ അടിസ്ഥാനമാക്കി പുതുതായി തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാർന്ന മേഖലകളുണ്ട്. അത്തരം സാധ്യതകളെ തുറന്നു വെക്കുന്നു കേന്ദ്ര സർവകലാശാല പഠനം.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഭാഷാ - സാംസ്കാരിക വൈജാത്യങ്ങളില്‍ നിന്നും വരുന്ന ഒട്ടേറെ വിദ്യാർഥികളുമായി സംവദിക്കാനും ഇടപെടാനും അവസരം ലഭിക്കുന്നു.ഇന്റേണ്‍ഷിപ് അവസരങ്ങള്‍, വിവിധ ഫെലോഷിപ്പുകള്‍, പ്രായോഗിക പരിശീലനങ്ങള്‍, പാഠ്യേതര പരിശീലനങ്ങള്‍ എന്നിവ കേന്ദ്ര സർവകലാശാലകളില്‍ മികച്ചതാണ്നമുക്ക് അറിയാത്ത പല പുതിയ അവസരങ്ങളും മേഖലകളും ഇവിടെ തുറന്നു കിട്ടുന്നു.

സാധ്യതകളുടെ കാമ്പസ്

മലയാളികളുടെ പതിവ് ശൈലി പിന്തുടർന്ന്, മലയാളി ഭക്ഷണം, മലയാളി സംഘടനകള്‍, മലയാളി സുഹൃത്തുക്കള്‍ എന്നതില്‍ മാത്രം ഒതുങ്ങുന്ന രീതി ഒഴിവാക്കി, അക്കാദമിക മികവിനും വ്യക്തിത്വ ഭാഷാ വികാസത്തിനും മുൻഗണന നല്‍കുക. ആഗോള പൗരൻ എന്ന സാധ്യതകള്‍ തേടുന്നവർ സ്വന്തം കഴിവുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന സാമൂഹിക അക്കാദമിക പരിസരങ്ങള്‍ തേടുക.

ഗൃഹാതുരത്വം, താമസം, ഭക്ഷണം തുടങ്ങിയവ പ്രശ്നമായി കരുതുന്ന വ്യക്തിത്വം ആണ് നിങ്ങളുടേതെങ്കില്‍, ബിരുദ പഠനം നാട്ടില്‍ ആക്കിയശേഷം പി.ജി പഠനം മുതല്‍ കേന്ദ്ര സർവകലാശാലകളില്‍ ആരംഭിക്കാം. ഇത് മനസ്സിലാക്കാതെ ചേരുന്ന ഒട്ടേറെ മലയാളി വിദ്യാർഥികള്‍ പഠനം പാതിവഴിക്ക് ഉപേക്ഷിക്കുന്നുണ്ട്.

നമ്മള്‍ പഠിച്ച രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കേന്ദ്ര സർവകലാശാലകളിലേത്. അതിനാല്‍ അവിടത്തെ അക്കാദമിക രീതികളോട് പൊരുത്തപ്പെട്ടുവരാൻ അല്‍പം സമയമെടുക്കുമെന്ന് മനസ്സിലാക്കിയാല്‍ നിരാശരായി തിരിച്ചുപോരുന്ന അവസ്ഥ ഒഴിവാക്കാം

ഡിഗ്രി അടിസ്ഥാനമാക്കിയുള്ള തൊഴില്‍, ഉപരിപഠന സാധ്യതകള്‍, ഫെലോഷിപ്പുകള്‍, മറ്റു വൈവിധ്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണമെങ്കില്‍ ആദ്യവർഷം മുതല്‍ തന്നെ അവക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം.

മുമ്പ്  പ്ലസ് ടു, ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനമെങ്കില്‍, ഇപ്പോള്‍ പ്രവേശന പരീക്ഷയിലെ മികവ് നോക്കി മാത്രമാണ്. അതിനുവേണ്ടി നന്നായി തയാറെടുക്കുക. ആഗ്രഹിക്കുന്ന ഡിഗ്രി, അതില്‍ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍, സി.യു.ഇ.ടി പരീക്ഷയുടെ ഘടന എന്നിവ മനസ്സിലാക്കുക.

രസകരമായ ചില തൊഴില്‍ സാധ്യതകള്‍, വൈവിധ്യമാർന്ന ഉപരിപഠന അവസരം, വിദേശ ഫെലോഷിപ്പുകള്‍ എന്നിവയിലേക്ക് കൃത്യമായ ദിശാബോധം നല്‍കുന്നു എന്നതാണ് കേന്ദ്ര സർവകലാശാല പഠനത്തിന്റെ ആത്യന്തികമായ ഉപകാരം

0 comments: