2024, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

നിങ്ങളുടെ ബോസ് നിങ്ങള്‍ മാത്രം: പഠിക്കാം എൻറ്റര്‍പ്രേണര്‍ഷിപ് മാനേജ്മെൻറ്റ്


പരമ്പരാഗത മാനേജ്മെൻറ്റ് പഠന ശാഖകളില്‍ നിന്നും വ്യത്യസ്തമായൊരു പഠന മേഖല, ഒപ്പം സ്വയം തൊഴില്‍ കണ്ടെത്തുവാൻ പ്രാപ്തരാക്കുന്ന നിലയിലുള്ള സിലബസ്.ഇതാണു ഈ അടുത്ത കാലത്തായി പ്രചാരമേറി വരുന്ന എൻറ്റർപ്രേണർഷിപ് ആൻഡ് ഫാമിലി ബിസിനസ്സ് മാനേജ്മെൻറ്റ്.

മാനുഫാച്വറിങ്ങ്, ഭഷ്യസംസ്കരണം, സുഗന്ധവ്യജ്ഞനം, സമുദ്രോത്പന്ന വ്യവസായം തുടങ്ങിയവയോടൊപ്പം തന്നെ ഐ ടി, ഇലക്‌ട്രോണിക്സ് വ്യവസായങ്ങള്‍ വളർന്ന് വരുന്നത് വ്യവസായ ശാലകളുടെ ചിത്രം തന്നെ മാറ്റുന്നുണ്ട്. യുവ തലമുറ കൂടുതലായി ഈ മേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട് എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആശ്വാസം നല്‍കുന്നയൊന്നാണു. കോളേജ് വിദ്യാർഥികളുടെ പല സംരംഭങ്ങളും ഇന്ന് വളർന്ന് പന്തലിച്ചതിൻറ്റെ വർത്തമാന കാല ഉദാഹരണങ്ങള്‍ ധാരാളം നമുക്കു മുൻപിലുണ്ട്. മാത്രവുമല്ല കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകള്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ചില പദ്ധതികള്‍ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ടെക്നോ പാർക്ക് ടെക്നോ ബിസിനസ് ഇൻക്യുബേറ്റർ (ടി ബി ഐ), എറണാകുളത്തെ സ്റ്റാർട്ട് അപ് വില്ലേജ്, കോഴിക്കൊട് എൻ ഐ ടി യിലെ ഇൻക്യുബേറ്റർ എന്നിവ ഏതാനും ഉദാഹരണങ്ങളാണ് . മൊബൈല്‍ ആപ്ലിക്കേഷൻ ഡവലപ്മെൻറ്റ്, ഐ ടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങി സാധ്യതകള്‍ ഏറെയാണ് . അതിനാല്‍ തന്നെ എങ്ങനെ സംരംഭകരാവാം എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ പഠന ശാഖക്ക് പ്രസക്തിയേറുന്നു.

പഠന വിഷയങ്ങള്‍

സാധാരണ എം ബി എ ക്കുള്ള പഠന വിഷയങ്ങളായ മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ്, ഫിനാൻസ്, ഓപ്പറേഷൻസ് റിസേർച്ച്‌ തുടങ്ങിയവയുണ്ടാവും. ഒപ്പം നിലവിലുള്ള വ്യവസായത്തെ വിപുലീകരിക്കുവാനും വൈവിധ്യവല്‍ക്കരിക്കാനുമുള്ള പ്രായോഗിയതയിലൂന്നിയ പാഠങ്ങള്‍.

പുതുതായി വ്യവസായ രംഗത്തെന്നുന്നവർക്ക് ഉണ്ടാവാനിടയുള്ള വെല്ലുവിളികള്‍ തരണം ചെയ്യുവാനുതകുന്ന പരിശീലനം, നിലവിലുള്ള വിപണി വിപുലീകരിക്കുവാനും പുത്തൻ വിപണി കണ്ടെത്തുവാനുമുള്ള പരിശീലനം, വിദേശ രാജ്യങ്ങളിലെ സാധ്യതകള്‍ കണ്ടെത്തുവാനും പ്രയോജനപ്പെടുത്തുവാമുള്ള പാഠങ്ങള്‍ , സ്വന്തം സംരംഭം ആരംഭിക്കുവാനുള്ള വിഭവ സമാഹരണം നടത്തുവാനുള്ള പരിശീലനം, സംരംഭകത്വ മനോഭാവം വളർത്തുവാനുതകുന്ന ക്ലാസുകള്‍, നിക്ഷേപകരെ കണ്ടെത്തുവാനുള്ള വഴികള്‍, വിജയം വരിച്ച സംരംഭകരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ യൂണിറ്റുകളിലേക്കുള്ള പഠന യാത്രകള്‍, വ്യവസായ അസോസിയേഷനുമായി ബണ്ഡപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സുകള്‍ തുടങ്ങിയവയും പാഠ്യ പദ്ധതിയുടെ ഭാഗമാണ് .

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി എടുത്തവർക്കാണു സാധാരണയായി എം ബി എ ക്ക് ചേരവാൻ കഴിയുക. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ പത്താം ക്ലാസ് കഴിഞ്ഞ സംരംഭകത്വ മനോഭാവമുള്ളവർക്കായി ഹ്രസ്വ കാല കോഴ്സുകളും നടത്തുന്നുണ്ട്.

എവിടെ പഠിക്കാം?

ഈ മേഖലയിലെ ഏറ്റവും നല്ല സ്ഥാപനമാണു ഗുജറാത്ത് ഗാന്ധിനഗറിലെ Entrepreneurship Development Institute of India (www.ediindia.org/). Post Graduate Diploma in Management - Business Entrepreneurship (PGDM-BE) ആണു ഇവിടുത്തെ കോഴ്സ്. 120 സീറ്റുണ്ട്.

കൂടാതെ ഐ ഐ എം പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങള്‍ ഹൃസ്വ കാല പ്രോഗ്രാമുകള്‍ നല്‍കുന്നുണ്ട്. ഐ ഐ എം ബാംഗ്ലൂരിലെ Post Graduate Certificate Program In Family Owned Business And Entrepreneurship (PGCFOBE)ഉദാഹരണമാണ്‌ . ഏതാനും ആഴ്ചകള്‍ മാത്രം ദൈർഖ്യമുള്ള സംരംഭക വിദ്യാഭ്യാസ പദ്ധതികള്‍ കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് (www.msmedibangalore.gov.in/) സന്ദർശിക്കുക.

ഇന്ന് മൂലധന സമാഹാരം സംരഭകർക്ക് മുൻപില്‍ ഒരു വെല്ലുവിളിയല്ല. വെഞ്ച്വല്‍ ക്യാപിറ്റേഴ്സ്, എയ്ഞ്ചല്‍ ഇൻവെസ്റ്റേഴ്സ് ഇങ്ങനെ സാധ്യതകള്‍ നിരവധിയുണ്ട്. ഇതൊന്നും പറ്റിയില്ലെങ്കില്‍ മാത്രം ബാങ്കുകളേയോ സിഡ്ബി/കെ എസ് ഐ ഡി സി/കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ സമീപിച്ചാല്‍ മതിയാകും. സത്യത്തില്‍ മൂലധനമല്ല ക്രിയേറ്റീവ് ആയ ആശയങ്ങളുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം.


0 comments: