2024, ഫെബ്രുവരി 6, ചൊവ്വാഴ്ച

കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി.എം.എ); പഠനവും കരിയര്‍ സാധ്യതകളും

 


സാമ്പത്തിക- വ്യവസായിക രംഗത്ത് ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ കൊമേഴ്‌സ് മേഖലയിലെ അവസരങ്ങള്‍ വര്‍ധിച്ച്‌ വരുന്നു.10ാം ക്ലാസ് ജയിച്ചവര്‍ക്ക് കൊമേഴ്‌സ് രംഗത്ത് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമായ പഠന ശാഖയാണ് കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി.എം.എ). മറ്റ് പഠന ശാഖകളുമായി താരതമ്യം ചെയ്യുമ്പോൾ  കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

കോഴ്‌സ് വിജയിച്ചവരെ 25 ലക്ഷം രൂപയിലധികം വാര്‍ഷിക ശമ്പളത്തില്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയാണ് കോഴ്‌സ് നടത്തുന്നത്. ഫെബ്രുവരി 10 വരെ പ്രവേശനം നേടുന്നവര്‍ക്ക് ജൂണിലെ പരീക്ഷയും, ജൂലായ് 31 വരെ പ്രവേശനം നേടുന്നവര്‍ക്ക് ഡിസംബറിലെ പരീക്ഷയും എഴുതാം.

കോഴ്‌സിന്റെ ഘടന

മൂന്ന് ഘട്ടങ്ങളിലായി 20 പേപ്പറുകളുണ്ട്.

ഫൗണ്ടേഷന്‍

നാല് പേപ്പറുകളുള്ള പരീക്ഷയ്ക്ക് എസ്.എസ്.എല്‍.സി ജയിച്ച കുട്ടികള്‍ക്കും, പ്ലസ് വണ്‍, പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികള്‍ക്കും ചേരാം. പ്ലസ് ടു ജയിക്കുന്ന മുറയ്ക്ക് പരീക്ഷ എഴുതാവുന്നതും പ്ലസ് ടുവും ഫൗണ്ടേഷനും പാസാകുന്നവര്‍ക്ക് സി.എം.എ കോഴ്‌സിന്റെ ഇന്റര്‍മീഡിയേറ്റിന് ചേരാവുന്നതുമാണ്. ഫീസ്: 6000 രൂപ.

ഇന്റര്‍മീഡിയേറ്റ്

നാല് പേപ്പറുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍. പ്ലസ് ടുവും, ഫൗണ്ടേഷനും ജയിച്ചവര്‍ക്കും ഫൈന്‍ ആര്‍ട്‌സ് ഒഴികെയുള്ള ബിരുദധാരികള്‍ക്കും എഞ്ചിനീയറിങ് നാലാം സെമസ്റ്റര്‍ വിജയിച്ചവര്‍ക്കും നേരിട്ട് ചേരാം. ഫീസ്: 23,100 രൂപ.

ഫൈനല്‍

നാല് പേപ്പറുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍. ഇന്റര്‍മീഡിയേറ്റ് ജയിച്ചവര്‍ക്ക് മാത്രം ചേരാം. ഫീസ് 25,000 രൂപ. സി.എം.എ കോഴ്‌സ് വിജയിക്കാന്‍ വേണ്ടി വരുന്ന മൊത്തം ചെലവ് 60,000 രൂപയാണ്. ഈ ഫീസിനുള്ളില്‍ എല്ലാ വിഷയങ്ങളിലുമുള്ള പാഠപുസ്തങ്ങളും അവയ്ക്കുള്ള ക്ലാസുകളും ലഭിക്കും. ഇന്റര്‍മീഡിയേറ്റ് പാഠ്യപദ്ധതിയില്‍ എട്ട് പേപ്പറുകള്‍ക്ക് പുറമെ ആഗോളതലത്തില്‍ ഉയര്‍ന്ന സാധ്യതകളുള്ള SAP Power Module, MS Office Certificate (Word Excel, Powerpoint) തുടങ്ങിയവയുടെ 200 മണിക്കൂര്‍ പരിശീലനവുമുണ്ട്.

അവസരങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.എഫ്.എ.സി, സി.എ.പി.എ, എസ്.എ.എഫ്.എ എന്നീ രാജ്യാന്തര സ്ഥാപനങ്ങളില്‍ അംഗമാണ്. കൂടാതെ കോഴ്‌സ് ജയിച്ചവര്‍ക്ക് അമേരിക്കയിലെ സി.എം.എ, ഇംഗ്ലണ്ടിലെ സി.ഐ.പി.എഫ്.എ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം ലഭിക്കും. രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ അവസരങ്ങള്‍ ഏറെയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട നവരത്‌ന കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍, അധ്യാപനം തുടങ്ങിയ ഒട്ടേറെ മേഖലയില്‍ അവസരങ്ങളുണ്ട്. ഇന്ത്യന്‍ കോസ്റ്റ് അക്കൗണ്ടിങ് സര്‍വ്വീസിലും അവസരമുണ്ട്. സ്വതന്ത്ര പ്രാക്ടീസും നടത്താം. പി.എച്ച്‌.ഡിക്കും ചേരാം. വിവരങ്ങള്‍ക്ക്: www.icmai.in. അവസാന തീയതി: ഫെബ്രുവരി 10.

മറ്റ് കോഴ്‌സുകള്‍

സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍സ് (സി.എ.ടി)

പ്ലസ് ടു പഠിക്കുന്നവരെ അക്കൗണ്ടന്റ് ജോലിക്ക് പ്രാപ്തരാക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന കോഴ്‌സാണിത്. പ്ലസ് ടു ജയിച്ച ശേഷം ഓണ്‍ലൈനായി പരീക്ഷ എഴുതാം. തുടര്‍ന്ന് പഠിക്കണമെന്നുള്ളവര്‍ക്ക് സി.എം.എ ഇന്റര്‍മീഡിയേറ്റിന് ചേരാം. ഫീസ്: 12,660 രൂപ.

ജി.എസ്.ടി കോഴ്‌സ്

കോളജിലും സര്‍വ്വകലാശാലകളിലും പഠിക്കുന്നവരെ ജി.എസ്.ടി രജിസ്‌ട്രേഷനും ഫയലിങ്ങും നടപടിക്രമങ്ങളും പ്രായോഗിക വശങ്ങളും പരിചയപ്പെടുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടാക്‌സ് റിസര്‍ച്ച്‌ വിഭാഗം നടത്തുന്നതാണിത്. ഫീസ്: 1200 രൂപ + 18 ശതമാനം ജിഎസ്ടി.

ഇന്‍കം ടാക്‌സ് കോഴ്‌സ്

കോളജിലും, സര്‍വ്വകലാശാലകളിലും പഠിക്കുന്ന കുട്ടികളെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയലിങ്ങും, വിവിധ തരത്തിലുള്ള റിട്ടേണുകള്‍, എന്നിവയുടെ പ്രായോഗിക വശങ്ങള്‍ പരിചയപ്പെടുത്തുന്നു. ഫീസ്: 1500+ 18% ജിഎസ്ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തിരുവനന്തപുരം: 0471 2723579, 9400029101 

കോട്ടയം: 0481 256 3237 

കൊച്ചി: 0484 2400130, 2403536 

തൃശ്ശൂര്‍: 0487 2385440, 9946522440 

പാലക്കാട്: 0491 2576097, 9400170797 

കോഴിക്കോട് - മലപ്പുറം: 0495 3500642, 8590669449.

0 comments: