2024, ഫെബ്രുവരി 6, ചൊവ്വാഴ്ച

പരീക്ഷ പടിവാതില്‍ക്കല്‍; പേടി അകറ്റാം

 


പരീക്ഷയെ കടുത്ത പരീക്ഷണം ആയി കാണാതിരിക്കുക.പലരും പല വിധത്തിലാണ് പരീക്ഷയെ കുറിച്ച്‌ കുട്ടികളോട് പറയുന്നത്. കിട്ടിയില്ലെങ്കില്‍ നിനക്കിനി ഒന്നും ചെയ്യാനില്ല, ഒന്നിനും പറ്റാത്തവൻ ആയി പ്പോകും, ജീവിതത്തില്‍ തന്നെ ഒന്നും അല്ലാതായി, നല്ല ജോലി ഇല്ല, പദവിയില്ല, ഇങ്ങനെ ഒന്നുമല്ലാതാകുന്ന ഒരു അവസ്ഥയുടെ വിവരണമാണ് പരീക്ഷ എന്ന വാക്കിനെ കുറിച്ച്‌ കുട്ടിയുടെ മനസ്സില്‍. അതുകൊണ്ടുതന്നെയാണ് പലരിലും ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത ഒരു വാക്ക് ആയി പരീക്ഷ മാറുന്നത്.
എന്താണ് പരീക്ഷ
ഞാൻ പഠിച്ച, പഠിക്കാൻ ശ്രമിച്ച കാര്യങ്ങള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമ്മളെക്കൊണ്ട് പറ്റുന്ന വിധത്തില്‍ കൃത്യമായി ആസൂത്രിതമായി തന്ന ചോദ്യങ്ങള്‍ക്ക് വ്യക്തതയോടെ ഉത്തരം എഴുതുക എന്നതാണല്ലോ. ഓരോരുത്തർക്കും ഓരോ കഴിവും ഓരോ സൂത്രവും ഉണ്ട്, അത് വിനിയോഗിച്ചാല്‍ പരീക്ഷയെ എളുപ്പത്തില്‍ ഉത്തരം കണ്ടെത്തുന്ന പരീക്ഷണമാക്കി മാറ്റാൻ പറ്റും.
പരീക്ഷയെ സ്‌നേഹിക്കണമെങ്കില്‍ ഞാൻ എന്തിനാണ് പരീക്ഷ എഴുതുന്നത് എന്നതിന് ഉത്തരം കണ്ടെത്തണം. എ പ്ലസ് /ഉയർന്ന മാർക്ക് വാങ്ങല്‍ മാത്രമല്ല പരീക്ഷയുടെ ലക്ഷ്യം. നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പല വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ്ബയായി അതിനെ കാണണം. 

പരീക്ഷയെ സ്‌നേഹിച്ച്‌ നേരിടാൻ ചില വഴികള്‍:

ലക്ഷ്യം നിശ്ചയിക്കുക
നമ്മുടെ കഴിവിനും അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചുള്ള ഒരു ലക്ഷ്യം നിശ്ചയിക്കണം. ഇങ്ങനെയുള്ള ലക്ഷ്യത്തിലേക്കുള്ള വഴികളില്‍ നമുക്ക് തോല്‍വിയോ മാനസിക പിരിമുറുക്കങ്ങളോ കുറവായിരിക്കും. കാരണം നമ്മുടെ മേഖലയാണ് നാം ലക്ഷ്യമായി തിരഞ്ഞെടുത്തത്.
സമയക്രമം
പ്രാവർത്തികമാക്കാൻ പറ്റുന്ന ഒരു സമയക്രമം ഉണ്ടാക്കിയെടുക്കുക അതിരാവിലെ, രാത്രി വൈകി, ഓരോ ഒഴിവുസമയം, എന്നിങ്ങനെ നിങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ പഠിക്കാൻ പറ്റുന്ന സമയമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പഠിക്കാൻ ഏറ്റവും പറ്റിയ സമയം എന്ന് മുദ്രകുത്തപ്പെട്ട പ്രത്യേക സമയമില്ല. നിങ്ങളുടെ സൗകര്യം ആണ് പ്രധാനം. അത് കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തരുത്.
വിഷയ ക്രമീകരണം
എല്ലാവർക്കും എല്ലാ വിഷയങ്ങളും ഒരേപോലെ താത്പര്യം ഉണ്ടാകണമെന്നില്ല, എന്നാല്‍ പരീക്ഷക്കായി നാം അവയും പഠിച്ചേ പറ്റൂ.
ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ഇഷ്ട സമയങ്ങളില്‍ പഠിക്കാനായി തിരഞ്ഞെടുത്ത് മടുപ്പുളവാക്കുന്നതില്‍ നിന്നും മുക്തി നേടാൻ സാധിക്കും. ഇഷ്ടവിഷയങ്ങള്‍ കൈകാര്യം ചെയ്യാൻ ഏത് സമയവും ഉപയോഗിക്കാമല്ലോ.
പഠന ക്രമം
നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു പഠന ക്രമം ആയിരിക്കണം ഉണ്ടാക്കിയെടുക്കേണ്ടത്. എല്ലാം കൂടി ഒന്നോ രണ്ടോ ദിവസം കൊണ്ടോ ഒരു വിഷയം ഒറ്റയിരുത്തത്തിലോ തീർക്കാൻ പറ്റില്ല എന്ന യാഥാർഥ്യം ഉള്‍ക്കൊള്ളുക. പഠന വിഷയങ്ങള്‍ ചെറിയ ഭാഗങ്ങളായി തരംതിരിച്ച്‌ പൂർത്തീകരിക്കാൻ ശ്രമിക്കുക. അതിനായി മുൻകൂട്ടി പാഠഭാഗങ്ങള്‍ ക്രമീകരിച്ച്‌ ലിസ്റ്റ് ഉണ്ടാക്കുക.
ചെറിയ ഇടവേളകള്‍ എടുക്കുക
ചെറിയ ഇടവേള എടുക്കുന്നത് പ്രധാനമാണ്. നീണ്ട പഠന സെഷനുകള്‍ മടുപ്പിക്കുന്നതും സമ്മർദപൂരിതവുമാണ്. അതിനാല്‍ നിങ്ങളുടെ മനസ്സ് ഊർജസ്വലവും സജീവവുമാക്കാൻ ചെറിയ ഇടവേളകള്‍ എടുക്കുക.
ചെറുകുറിപ്പുകള്‍
പഠിക്കുന്ന സമയത്ത് തയ്യാറാക്കുന്ന ചെറുകുറിപ്പുകള്‍ ആവർത്തിച്ചു വായിച്ച്‌ ആശയം പൂർണമായും തെളിഞ്ഞു വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ നമ്മുടെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കും. ഇതിലൂടെ വ്യക്തതയോടെ കാര്യങ്ങള്‍ ഓർത്തിരിക്കാൻ ഉള്ള കഴിവിനെ പരിപോഷിപ്പിക്കുകയും ആവാം.
ഓർമശക്തിക്കൊപ്പം വേഗതയും കൂട്ടിക്കിട്ടാനുള്ള മാർഗങ്ങള്‍ അവലംബിക്കണം. കൃത്യസമയത്തിനുള്ളില്‍ പഠിച്ച ഭാഗങ്ങള്‍ മാർക്കിന് അനുസരിച്ച്‌ എഴുതി ഫലിപ്പിക്കുകയാണല്ലോ പരീക്ഷ, അതിനാല്‍ മുൻകാല ചോദ്യപേപ്പറുകള്‍ സമയബന്ധിതമായി ചെയ്തു ശീലിക്കല്‍ പ്രധാനമാണ്.
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക
സമീകൃത ആഹാരം, മതിയായ ഉറക്കം, വ്യായാമം എന്നിവ ഉറപ്പ് വരുത്തുക. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ജങ്ക്ഫുഡ് ഒഴിവാക്കുക, ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക, പ്രോട്ടീൻ (മാംസ്യം) കൂടുതല്‍ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക, കൃത്യസമയത്ത് ആഹാരം കഴിക്കുക തുടങ്ങിയവ ശീലിക്കാം.
പരീക്ഷാ കാലത്ത് വീട്ടിലുള്ളവരും ശ്രദ്ധിക്കണം ചില കാര്യങ്ങള്‍
കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സഹായം വീട്ടിനകത്ത് സമാധാന അന്തരീക്ഷം നിലനിർത്തുക എന്നതാണ്. മുതിർന്നവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഒഴിവാക്കുക. ടി വി സിനിമ എന്നിവയുടെ ഉപയോഗം കുറക്കുക.
ബന്ധു, വിരുന്ന് സന്ദർശനം ഒഴിവാക്കുക. ഇവ ചെയ്യുന്നതിലൂടെ നമ്മളും അവരോടൊപ്പം ഉണ്ട് എന്ന തോന്നല്‍ കുട്ടികളില്‍ ഉണർത്താനും മാനസിക പിന്തുണ നല്‍കി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുമാകും. ആവശ്യത്തിലധികം മക്കളെ പുകഴ്ത്തി സംസാരിക്കുന്നതും ആത്മവിശ്വാസം തകർക്കുന്ന രീതിയില്‍ കുറ്റപ്പെടുത്തുന്നതും താരതമ്യം ചെയ്യലും നല്ലതല്ല.
നമ്മുടെ കുട്ടികളുടെ മാനസിക സമ്മർദം കൂട്ടാൻ മാത്രമാണ് ഇവ രണ്ടും ഉപകരിക്കുക. ആദ്യത്തെ വിഭാഗത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ പറ്റുമോ എന്ന ആശങ്കയും രണ്ടാമത്തെ വിഭാഗക്കാരില്‍ ഇനിയും ഞാൻ കഷ്ടപ്പെട്ട് പഠിച്ചിട്ട് എന്ത് കാര്യം എന്നുള്ള തോന്നലും ഉണ്ടാക്കാനേ ഇത് ഉപകരിക്കു. 

0 comments: