2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നോ, ജോലിയോടൊപ്പം പഠനം തുടരാം; സാധ്യതകളുമായി വിദൂരവിദ്യാഭ്യാസം


വിവിധ കാരണങ്ങളാല്‍ കോളേജില്‍ ചേർന്ന് പഠിക്കാൻ കഴിയാതെ പോകുന്നവർക്ക് ഓപ്പണ്‍ സർവകലാശാല നടത്തുന്ന പ്രോഗ്രാമുകളില്‍ ചേർന്ന് ബിരുദം നേടാം.ക്ലാസ്റൂം പഠനകോഴ്സുകള്‍ നടത്തുന്ന ചില സർവകലാശാലകള്‍ വിദൂരപഠനരീതിയില്‍ കോഴ്സുകള്‍ നടത്താറുണ്ട്.ഓപ്പണ്‍/വിദൂരപഠന പ്രോഗ്രാമുകള്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മിഷൻ (യു.ജി.സി.) ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ (ഡി. ഇ.ബി.) അംഗീകാരം നിർബന്ധമാണ്. അംഗീകാരമുള്ള ഓപ്പണ്‍ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാമുകളുടെ വിവരങ്ങള്‍ക്ക് deb.ugc.ac.in സന്ദർശിക്കുക.

ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല

കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയ്ക്ക് യു.ജി.സി. ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുണ്ട്. തൃപ്പൂണിത്തുറ (ഗവണ്‍മെന്റ് ആർട്സ് കോളേജ്), പട്ടാമ്പി (എസ്.എൻ.ജി.എസ്. കോളേജ്), കോഴിക്കോട് (ഗവണ്‍മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്), തലശ്ശേരി (ഗവണ്‍മെന്റ് ബ്രണ്ണൻ കോളേജ്) എന്നിവിടങ്ങളില്‍ മേഖലാസെൻററുകളുണ്ട്. കൂടാതെ, 20 ലേണർ സപ്പോർട്ട് സെൻററുകളുമുണ്ട്. പഴ്സണല്‍ കോണ്ടാക്‌ട് പ്രോഗ്രാമുകളും കൗണ്‍സലിങ് സെഷനുകളും ലേണർ സപ്പോർട്ട് സെൻററുകളിലാണ് (കോളേജുകള്‍) നടത്തുന്നത്.

ബിരുദപ്രോഗ്രാമുകള്‍ സെമസ്റ്റർ രീതിയിലാണ് നടത്തുന്നത്. മൊത്തം ആറുസെമസ്റ്ററുകള്‍. ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് (ഔപചാരികരീതിയില്‍/ഓപ്പണ്‍ സംവിധാനം/തത്തുല്യം വഴി) പ്രവേശനം നേടാം.

കോഴ്സുകള്‍

 ●ബാച്ച്‌ലർ ഓഫ് ആർട്സ്-സംസ്കൃതം, ഹിന്ദി, അറബിക്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഫിലോസഫി, ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, അഫ്സല്‍-ഉല്‍-ഉലമ,

● ബാച്ച്‌ലർ ഓഫ് കൊമേഴ്സ്: നിലവില്‍ ബി.എ./ബി.കോം. സെമസ്റ്റർ ട്യൂഷൻ ഫീ 2760 രൂപയും ബി.ബി.എ. സെമസ്റ്റർ ട്യൂഷൻ ഫീ 3560 രൂപയും ആണ്. മറ്റ് ചില ഫീസുകളും ഉണ്ട്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാർ പ്രവേശനസമയത്ത് ട്യൂഷൻ ഫീസ് ഒടുക്കേണ്ടതില്ല. എന്നാല്‍, ഇവർക്ക് ഇ-ഗ്രാൻറ്്സ് സംവിധാനംവഴി ഫീസ് സൗജന്യം അനുവദിക്കാത്തപക്ഷം ട്യൂഷൻ ഫീസ് അടയ്ക്കേണ്ടിവരും.

പഠനം ബ്ലൻഡഡ് രീതിയിലായിരിക്കും. സ്റ്റഡിമെറ്റീരിയലുകള്‍ നല്‍കും. സ്വയംപഠിക്കാവുന്ന രീതിയിലായിരിക്കും ഇവ തയ്യാറാക്കുന്നത്. ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിച്ചുള്ള പഠനസാമഗ്രികളും ഉണ്ടാകും. ലേണർ സപ്പോർട്ട് സെൻററുകളില്‍ നടത്തുന്ന കൗണ്‍സലിങ് സെഷനുകളില്‍ അക്കാദമിക് കൗണ്‍സലർമാരുമായി സംവദിക്കാൻ അവസരം ലഭിക്കും. വിവരങ്ങള്‍ക്ക്: sgou.ac.in/

വിദൂരപഠനകോഴ്സുകള്‍

കേരള, കാലിക്കറ്റ് സർവകലാശാലകള്‍ യു.ജി.സി. ഡി.ഇ.ബി. അംഗീകാരമുള്ള വിദൂരപഠനകോഴ്സുകള്‍ നടത്തുന്നുണ്ട്.

കേരള സർവകലാശാല സ്കൂള്‍ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ നടത്തുന്ന യു.ജി. കോഴ്സുകള്‍: ബാച്ച്‌ലർ ഓഫ് കൊമേഴ്സ്, ബാച്ച്‌ലർ ഓഫ് ആർട്സ് -സോഷ്യോളജി, പൊളിറ്റിക്കല്‍ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്. വിവരങ്ങള്‍ക്ക്: ideku.net

കാലിക്കറ്റ് സർവകലാശാല സ്കൂള്‍ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ നടത്തുന്ന ബിരുദപ്രോഗ്രാമുകള്‍: ബാച്ച്‌ലർ ഓഫ് കൊമേഴ്സ്, ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്), ബാച്ച്‌ലർ ഓഫ് ആർട്സ് -സോഷ്യോളജി, സംസ്കൃതം, പൊളിറ്റിക്കല്‍ സയൻസ്, ഫിലോസഫി, മലയാളം, ഹിസ്റ്ററി, ഹിന്ദി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, അറബിക്, അഫ്സല്‍- ഉല്‍-ഉലമ. വിവരങ്ങള്‍ക്ക്: sde.uoc.ac.in

പ്രൈവറ്റ് രജിസ്ട്രേഷൻ

പ്രൈവറ്റ് രജിസ്ട്രേഷൻവഴി ബിരുദമെടുക്കാനും കേരളത്തില്‍ അവസരമുണ്ട്. പ്രൈവറ്റ് രജിസ്ട്രേഷൻവഴി ബിരുദമെടുക്കാവുന്ന കോഴ്സുകള്‍:

● കേരള സർവകലാശാല (ആനുവല്‍ സ്കീം):ബി.എ. - അറബിക്, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം (ജനറല്‍ ആൻഡ് സ്പെഷ്യല്‍), മലയാളം, തമിഴ്, അഫ്സല്‍ ഉല്‍ ഉലമ, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയൻസ്, ഇക്കണോമിക്സ്.ബി.കോം -ടാക്സേഷൻ, കോ-ഓപ്പറേഷൻ, ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ടേഷൻ. പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുന്നവർ വാർഷികപരീക്ഷകള്‍ക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യണം. വിവരങ്ങള്‍ക്ക്: de.keralauniversity.ac.in/pvtregn/register

മഹാത്മാഗാന്ധി സർവകലാശാല (ഫുള്‍ കോഴ്സ് -ചോയ്സ് ബേസ്ഡ് ക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം): ബി.എ. -പൊളിറ്റിക്കല്‍ സയൻസ്, ഇസ്ലാമിക് ഹിസ്റ്ററി *ബി.കോം. -കോ-ഓപ്പറേഷൻ, ഫിനാൻസ് ആൻഡ് ടാക്സേഷൻ, ട്രാവല്‍ ആൻഡ് ടൂറിസം. കോഴ്സിന്റെ ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ പരീക്ഷ റെഗുലർ കോളേജ് വിദ്യാർഥികളുടെ രണ്ടാംസെമസ്റ്റർ പരീക്ഷയ്ക്കൊപ്പം നടത്തും.മൂന്നുമുതല്‍ ആറുവരെ സെമസ്റ്ററുകളിലെ പരീക്ഷ റെഗുലർ കോളേജ് വിദ്യാർഥികളുടെ പരീക്ഷയ്ക്കൊപ്പം നടത്തും. വിവരങ്ങള്‍ക്ക്: www.mgu.ac.in/private-registration/

● കണ്ണൂർ സർവകലാശാല: 2023-'24 അധ്യയനവർഷം കണ്ണൂർ സർവകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ച ബിരുദപ്രോഗ്രാമുകള്‍: ബി.എ. -അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയൻസ്, കന്നഡ. ബികോം -മാർക്കറ്റിങ്, കോ- ഓപ്പറേഷൻ. വിവരങ്ങള്‍ക്ക്: www.kannuruniversity.ac.in

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (ഇഗ്നോ)

പാർലമെന്റ് ആക്‌ട് വഴി സ്ഥാപിച്ചിട്ടുള്ള സർവകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (ഇഗ്നോ). കോഴ്സുകള്‍ക്ക് യു.ജി.സി. (ഓപ്പണ്‍ ആൻഡ് സിസ്റ്റൻസ് ലേണിങ് പ്രോഗ്രാം ആൻഡ് ഓണ്‍ലൈൻ പ്രോഗ്രാം) റെഗുലേഷൻ വ്യവസ്ഥകള്‍ ബാധകമല്ല

ലേണർ സപ്പോർട്ട് സെൻററുകള്‍വഴി പഠിതാക്കള്‍ക്ക് പഠനകാര്യത്തില്‍ സഹായം ലഭിക്കുന്നു. സെല്‍ഫ് ഇൻസ്ട്രക്ഷണല്‍ പ്രിൻറഡ് മെറ്റീരിയല്‍, ഓഡിയോ വിഷ്വല്‍ മെറ്റീരിയല്‍ എയ്ഡ്സ്, കൗണ്‍സലിങ് സെഷൻസ്, ടെലി കോണ്‍ഫറൻസസ്, പ്രാക്ടിക്കല്‍സ്/പ്രോജക്‌ട് വർക്ക് തുടങ്ങിയ രീതികള്‍ അവലംബിച്ചാണ് പഠനം. കൂടാതെ എജുക്കേഷണല്‍ ടെലിവിഷൻ, എഫ്.എം. റേഡിയോ, സ്വയംപ്രഭ (ഡി.ടി.എച്ച്‌. ടി.വി. ചാനലുകള്‍), ഓഡിയോ കൗണ്‍സലിങ്, വെബ് എനേബിള്‍ഡ് അക്കാദമിക് സപ്പോർട്ട്, ലൈബ്രറിസേവനങ്ങള്‍ തുടങ്ങിയ സഹായ സംവിധാനങ്ങളും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ignou.ac.in 

കോഴ്സുകള്‍

പ്ലസ്ടു ജയിച്ചവർക്ക്, ദേശീയവിദ്യാഭ്യാസനയത്തിനനുസൃതമായ ബിരുദതലപ്രോഗ്രാമുകളുണ്ട്. ഈ കോഴ്സുകളുടെ ആദ്യവർഷം വിജയകരമായി പൂർത്തിയാക്കിയാല്‍ അണ്ടർ ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ്, രണ്ടുവർഷം പൂർത്തിയാക്കുന്നവർക്ക് അണ്ടർ ഗ്രാജ്വേറ്റ് ഡിപ്ലോമ, മൂന്നുവർഷം പൂർത്തിയാക്കുന്നവർക്ക് അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി നേടി പുറത്തുവരാം.

2024 ജനുവരി സെഷനിലെ നാലുവർഷ പ്രോഗ്രാമുകള്‍: ബാച്ച്‌ലർ ഓഫ് ആർട്സ്, ബാച്ച്‌ലർ ഓഫ് സയൻസ്, ബാച്ച്‌ലർ ഓഫ് ആർട്സ് (മേജർ) - ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയൻസ്, ജേണലിസം ആൻഡ് മീഡിയാസ്റ്റഡീസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, ആന്ത്രോപ്പോളജി, ഇംഗ്ലീഷ്, ഹിന്ദി, സാൻസ്ക്രിറ്റ്, ഉർദു, ഫിലോസഫി.ബാച്ച്‌ലർ ഓഫ് കൊമേഴ്സ് ,ബാച്ച്‌ലർ ഓഫ് സയൻസ് (മേജർ) ബയോകെമിസ്ട്രി , ബാച്ച്‌ലർ ഓഫ് സോഷ്യല്‍ വർക്ക് ,ബാച്ച്‌ലർ ഓഫ് ആർട്സ് -ഫെസിലിറ്റീസ് ആൻഡ് സർവീസ് മാനേജ്മെൻറ്.

മൂന്നുവർഷ ബാച്ച്‌ലർ ബിരുദ പ്രോഗ്രാമുകള്‍:● ബി.ബി.എ. ● ബി.ബി.എ. - സർവീസ് മാനേജ്മെന്റ് ●ബി.എസ്സി. - അപ്ലൈഡ് സയൻസ് - എനർജി ● ബി.സി.എ. ● ബി.എ -ടൂറിസം സ്റ്റഡീസ്, ഫെസിലിറ്റി ആൻഡ് സർവീസ് മാനേജ്മെന്റ്, ജെൻഡർ സ്റ്റഡീസ്, അപ്ലൈഡ് സാൻസ്ക്രിറ്റ്, അപ്ലൈഡ് ഹിന്ദി, അപ്ലൈഡ് ഉർദു, ജേണലിസം ആൻഡ് ഡിജിറ്റല്‍ മീഡിയ ● ബി.എസ്.ഡബ്ല്യു. ● ബി.എ. (വൊക്കേഷണല്‍ സ്റ്റഡീസ്) - ടൂറിസം മാനേജ്മെന്റ്, മൈക്രോ സ്മോള്‍ ആൻഡ് മീഡിയം എൻറർപ്രൈസസ്.

ബാച്ച്‌ലർ (ഓണേഴ്സ്) മൂന്നുവർഷ ഡിഗ്രി പ്രോഗ്രാം: ●ബി.എ (ഓണേഴ്സ്): ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, ആന്ത്രോപ്പോളജി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉർദു ● ബി.എസ്സി. (ഓണേഴ്സ്) ബയോകെമിസ്ട്രി, ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്സ് (ഓണേഴ്സ്) ഹിന്ദുസ്ഥാനി മ്യൂസിക്. കേരളത്തില്‍ കൊച്ചി (കലൂർ), തിരുവനന്തപുരം (മുട്ടത്തറ), കോഴിക്കോട് (വടകര) എന്നിവിടങ്ങളില്‍ മേഖലാസെന്ററുകളുണ്ട്.

0 comments: