2024, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

കാലം മാറി, പഠനവും; പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാം തൊഴിലധിഷ്ഠിത കോഴ്സുകള്‍

 


പ്ലസ് ടുവിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കടക്കുമ്പോൾ ള്‍ രക്ഷിതാക്കള്‍ക്കും വിദ്യാർഥികള്‍ക്കും എളുപ്പത്തില്‍ തൊഴില്‍ ലഭിക്കുന്ന കോഴ്സുകളെക്കുറിച്ചറിയാനാണ് താത്പര്യം.കോഴ്സുകളുടെ കാര്യത്തില്‍ ലോകത്തെമ്പാടും മാറ്റം പ്രകടമാണ്. വ്യവസായസ്ഥാപനങ്ങളുമായിച്ചേർന്നുള്ള കോഴ്സുകള്‍ക്ക് പ്രസക്തിയേറിവരുന്നു. ബിരുദതലത്തില്‍ രണ്ടു മേഖലകള്‍ കൂട്ടിച്ചേർന്നുള്ള മള്‍ട്ടി ടാസ്കിങ് കോഴ്സുകള്‍ക്കും പ്രിയമേറിവരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലൈമറ്റ് ചേഞ്ച് & ഇക്കണോമിക്സ്, എനർജി & ഇക്കണോമിക്സ് കോഴ്സുകള്‍ക്ക് ലോകത്തെമ്പാടും കൂടുതല്‍ പ്രാധാന്യം ലഭിച്ചുവരുന്നു. ബിസ്സിനസ്സ് & മാനേജ്മന്റ്, ബിസിനസ് & സൈക്കോളജി, എന്റർപ്രെന്യൂർഷിപ് & മാനേജ്മന്റ്, ബി.ബി.എ./ബി.എ./ ബി.കോം/ബി എസ് ഡബ്ല്യൂ- എല്‍.എല്‍.ബി. പ്രോഗ്രാമുകള്‍, ഫാഷൻ & ഡിസൈൻ, മെഷീൻ ഡിസൈൻ, പ്രൊജക്റ്റ് മാനേജ്മെന്റ് എന്നിവയ്ക്ക് സാധ്യതകളേറെയുണ്ട്. മാത്രമല്ല 2024-ല്‍ ഒരു തൊഴില്‍ മേഖലയില്‍ നിന്നും മറ്റൊന്നിലേക്കു മാറാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം വർധിച്ചു വരുന്നു. 74 ശതമാനം പേരാണ് സാധ്യതയുള്ള പുത്തൻ തൊഴില്‍ മേഖലകളിലേക്ക് ചേക്കേറാനാഗ്രഹിക്കുന്നത്. ആഗോളതലത്തില്‍ മൂന്നിലൊന്നോളം തൊഴിലാളികളും തൊഴില്‍ മേഖല മാറാനാഗ്രഹിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി എ.ഐ. അധിഷ്ഠിത മാറുന്ന സ്കില്‍ മേഖലകളാണ്. ടെക്നോളജി രംഗത്താണ് തൊഴിലുകള്‍ ഏറി വരുന്നത്. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവർ സ്കില്‍ കൈവരിക്കാൻ ശ്രമിക്കണം. ഇത് അപ്പ്സ്കില്ലിങ്ങോ, സ്കില്ലുകള്‍ സ്വായത്തമാക്കാനുള്ള റീ സ്കില്ലിങ്ങോ ആകാം. മാറുന്ന തൊഴില്‍ മേഖലകള്‍, പുത്തൻ പ്രവണതകള്‍, സ്കില്‍ വികസന കോഴ്സുകള്‍ എന്നിവയെക്കുറിച്ചു അറിഞ്ഞിരിക്കണം. ലോകസാമ്പത്തിക ഫോറം ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഭാവിയില്‍ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും, ഓട്ടോമേഷൻ കൂടുതല്‍ പ്രവർത്തികമാകുമ്പോൾ  എ.ഐ. സ്കില്ലുകള്‍ തൊഴില്‍ മേഖലയ്ക്ക് അത്യന്താപേക്ഷിതമാണ്. മാറുന്ന സ്കില്‍ പ്രവണതകള്‍ 2030-ഓടെ 65 ശതമാനം തൊഴിലുകളെയും ബാധിക്കും.

സംസ്ഥാന ഗവണ്മെന്റ് 2029-ഓടു കൂടി 50000 പേർക്ക് തൊഴില്‍ നല്‍കാനുതകുന്ന അനിമേഷൻ പോളിസിക്കു രൂപം കൊടുത്തിട്ടുണ്ട്. അനിമേഷൻ, വിഷ്വല്‍ ഗ്രാഫിക്സ്, കോമിക്സ്, ഗെയിമിംഗ് ടെക്നോളജി, വിർച്വല്‍/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയില്‍ വരാനിരിക്കുന്ന തൊഴിലവസരങ്ങള്‍, സാദ്ധ്യതകള്‍, ഉപരിപഠന, സ്കില്‍ വികസന സാദ്ധ്യതകള്‍, മീഡിയ, എന്റർടൈൻമെന്റ് രംഗത്തെ അവസരങ്ങള്‍, സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് പോളിസിയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ യഥേഷ്ടം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിങ് ടെക്നോളജിയില്‍ ബി ടെക് പ്രോഗ്രാമുണ്ട്.

ലോകത്താകമാനം അതിവേഗം വളരുന്ന തൊഴില്‍ മേഖലകളാണ് പ്രോഗ്രാം അനലിസ്റ്റ്, കണ്‍സള്‍റ്റൻറ്, പ്രൊജക്റ്റ് മാനേജർ എന്നിവ. എല്ലാ മേഖലകളിലും ഇവരുടെ ആവശ്യമുണ്ട്. സുസ്ഥിര വികസന മേഖലയില്‍ വിദഗ്ധരുടെ ആവശ്യകത വർധിച്ചുവരും. എൻവിയോണ്മെന്റല്‍ കണ്‍സള്‍റ്റൻറ്, എൻജിനീയർ, സേഫ്റ്റി മാനേജർ എന്നിവയില്‍ തൊഴിലവസരങ്ങള്‍ വർധിച്ചുവരും. ഡേറ്റ അനലിറ്റിക്സ്, ഡേറ്റ മാനേജ്മെന്റ്, ഇലക്‌ട്രിക്ക് വെഹിക്കിള്‍/ ഹൈബ്രിഡ്ടെക്നോളജി പൂർത്തിയാക്കിയവർക്ക് സുസ്ഥിര വികസനമേഖലയില്‍ പ്രവർത്തിക്കാം. ഫിസിയോതെറാപ്പിസ്റ്, നഴ്സുമാർ എന്നിവർക്ക് ലോകത്താകമാനം അവസരങ്ങളേറും. എ ഐ എൻജിനീയർ, റിക്രൂട്ടർ, എ.ഐ. കണ്‍സള്‍റ്റൻറ് എന്നിവ മികച്ച തൊഴില്‍ മേഖലകളാകും. കമ്മ്യൂണിക്കേഷൻസ് മാനേജർ, സെക്യൂരിറ്റി എൻജിനീയർ, പ്രോഗ്രാം മാനേജർ, പ്ലാനിംഗ്, സേഫ്റ്റി, അധ്യാപനം, കോച്ചിങ്, സൈക്കോളജി, ഭക്ഷ്യ സംസ്കരണം, ഇ റീറ്റെയ്ല്‍, പാക്കേജിങ്, ബ്രാൻഡിംഗ്, കോസ്മെറ്റോളജി, ക്വാന്റം കമ്പുട്ടിങ്, ബിസിനസ്സ് ഇക്കണോമിക്സ്, ഡിസൈൻ, ക്രീയേറ്റിവിറ്റി, ന്യൂമീഡിയ, എനർജി, സേഫ്റ്റി, ജനറ്റിക്സ്, മോളിക്യൂലാർ ബയോളജി, ഹോളിസ്റ്റിക് തെറാപ്പി, അഗ്രിബിസിനസ്സ്, ലോജിസ്റ്റിക്സ് മാനേജ്മന്റ്, ഇന്റലിജൻറ് പ്രോസസ്സ് ഓട്ടോമേഷൻ, കംപ്യൂട്ടർ  എഞ്ചിനീയറിംഗ്, ഇന്റഗ്രേറ്റഡ് നിയമം, അനിമേഷൻ, ഗെയിമിംഗ്, വിർച്വല്‍ റിയാലിറ്റി, അക്കൗണ്ടിംഗ്, കോമിക്സ്, പെറ്റ് കെയർ & മാനേജ്മന്റ്, പ്രൊജക്റ്റ് മാനേജ്മെന്റ്, സംരംഭകത്വം എന്നിവ കൂടുതല്‍ വളർച്ച കൈവരിക്കും.

പ്ലസ് ടു തലത്തില്‍ പഠിച്ച വിഷയങ്ങള്‍ക്കിണങ്ങിയതു തന്നെ തിരെഞ്ഞെടുക്കണമെന്നില്ല. താല്പര്യം, അഭിരുചി, കോഴ്സിന്റെ പ്രസക്തി, തൊഴില്‍ സാധ്യതകള്‍,ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്സുകള്‍ കണ്ടെത്താം. താല്പര്യമുള്ള വിഷയത്തില്‍ ബിരുദം പൂർത്തിയാക്കിയശേഷം മേല്‍ സൂചിപ്പിച്ച മേഖലകളിലേക്ക് കടക്കാനുള്ള നിരവധി ബിരുദാനന്തര, സ്കില്‍ വികസന പ്രോഗ്രാമുകളുണ്ട്.

0 comments: