2020, ഡിസംബർ 28, തിങ്കളാഴ്‌ച

ജനുവരി 1ന് സ്കൂൾ തുറക്കൽ; മാർഗ്ഗനിർദ്ദേശം പുറത്തുവന്നു, ആദ്യത്തെ ഒരാഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി


കോവിഡ് പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ചുപൂട്ടിയ സ്കൂളുകൾ ജനുവരി ഒന്നിന് തുറക്കും. 10,12 ക്ലാസ്സുകുളാണ് ആരംഭിക്കുക. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തുവിട്ടു.

പ്രധാന നിർദേശങ്ങൾ

🔷️സ്കൂളുകൾ തുറന്നാൽ ഒരേസമയം 50% വിദ്യാർഥികളെ മാത്രമാവും പ്രവേശിപ്പിക്കുക. 10,12 ക്ലാസുകളിലായി മുന്നൂറിലധികം കുട്ടികൾ ഉണ്ടെങ്കിൽ ഒരേസമയം 25% കുട്ടികളെ മാത്രം ഉൾപ്പെടുത്തി ക്ലാസുകൾ ക്രമീകരിക്കുന്നതാണ് ഉചിതമെന്നും വിദ്യാഭ്യാസ ഡയറക്ടറുടെ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

🔷️ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ സജ്ജീകരിക്കണം.

🔷️പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ കോവിഡ് സെൽ രൂപീകരിച്ച് അതിൽ വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ, പി ടി എ പ്രസിഡൻറ്, അധ്യാപക-വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ ഉണ്ടാകണം. ആഴ്ചയിൽ ഒരു തവണ യോഗം ചേർന്നു സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് വിലയിരുത്തി ചർച്ച ചെയ്ത് വേണ്ടത് നടപ്പിലാക്കണം.

🔷️കോവിഡ് ലക്ഷണം ഉള്ള കുട്ടികളെ ചികിത്സിക്കാനായി സിക്ക് റൂം,  പ്രഥമ ശുശ്രൂഷ കിറ്റ് ഇവയൊക്കെ റെഡിയാക്കിയിരിക്കണം. റിപ്പോർട്ട് ദിവസേന ആരോഗ്യപ്രവർത്തകർക്ക് മുമ്പാകെ സമർപ്പിക്കണം. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് സ്റ്റാഫ് കൗൺസിൽ, പിടിഎ യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്ത് പിടിഎ യോഗത്തിന് വരുമ്പോൾ രക്ഷിതാക്കളെ അറിയിക്കണം. ഇത്തരത്തിൽ സ്കൂൾ തലത്തിൽ വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കണം.

മറ്റു നിർദേശങ്ങൾ:-

  • സ്കൂൾ വാഹനങ്ങളിൽ സുരക്ഷയ്ക്കായി സാമൂഹിക അകലം നിർബന്ധമായും പാലിക്കണം വാഹനങ്ങളിൽ വിദ്യാർഥികളെ കയറ്റുന്നതിനു മുമ്പ് തെർമൽ പരിശോധന നടത്തി മാസ്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.
  • അധ്യാപകർക്കും വിദ്യാർഥികൾക്കുമായി, ആവശ്യമെങ്കിൽ ആരോഗ്യ പരിശോധനാ സൗകര്യം ഏർപ്പെടുത്തണം.
  • വിദ്യാർത്ഥികൾക്ക് മാനസികമായ പിന്തുണ നൽകാൻ കൗൺസലിങ്ങുകൾ ഏർപ്പെടുത്താം.
  • പ്രത്യേക പരിഗണന അർഹിക്കുന്നവർ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഇവർക്കൊക്കെ ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് പഠനത്തിൽ പിന്തുണ നൽകാം. ഇതിനായി റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താം.

💠 സാനിറ്റൈസർ, സോപ്പ്, ഡിജിറ്റൽ തെർമോമീറ്റർ, മാസ്ക്, ഇവ സ്കൂളുകളിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

💠 സ്കൂളുകളിൽ വരാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴി തന്നെ ക്ലാസ്സുകൾ നല്കണം.

💠 രക്ഷിതാക്കളുടെ സമ്മതപത്രം ഉള്ള വിദ്യാർത്ഥികൾ മാത്രമേ സ്കൂളുകളിൽ പ്രവേശിക്കാവൂ. വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് വിരോധമില്ലെന്ന് കാണിച്ചുകൊണ്ടുള്ള രക്ഷിതാവിന്റെ സമ്മതപത്രം നിർബന്ധമാണ്.

💠 50% വിദ്യാർഥികൾക്കാണ് ഒരു സമയം ക്ലാസ് നല്കുക. ആവശ്യമെങ്കിൽ ഷിഫ്റ്റ്    അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കാം.

💠 സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചായിരിക്കണം വിദ്യാർത്ഥികളുടെ ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത്. അതിനാൽ തന്നെ ആദ്യ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലക്ക് സജ്ജീകരിക്കുക. വിദ്യാർഥികൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ എങ്കിലും ശാരീരിക അകലം എപ്പോഴും പാലിക്കുക.

💠 ജനുവരി 10നകം പത്താം ക്ലാസ്സുകാരുടെ ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകുന്നതാണ്. പന്ത്രണ്ടാം ക്ലാസുകാർക്ക് ഇത് ജനുവരി 30 നകം പൂർത്തിയാകും.

💠 ആദ്യത്തെ ആഴ്ചയിലെ ക്ലാസുകൾ രാവിലെയും ഉച്ചയ്ക്കും ആയി മൂന്ന് മണിക്കൂർ വീതം രണ്ടു ഘട്ടങ്ങളായി ക്രമീകരിക്കണം.

💠 ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്ന പതിവ് വിദ്യാർഥികൾ നിർബന്ധമായും ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജല, മറ്റ് സാധനങ്ങൾ ഇവയൊന്നും കുട്ടികൾ തമ്മിൽ പങ്കു വെക്കാൻ പാടുള്ളതല്ല.

💠 ക്ലാസിലെ ബെഞ്ച്, ഡെസ്ക്, വാതിലിന്റെ കൈപ്പിടി, ഡസ്റ്റർ, എന്നിവ ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുക.


0 comments: