2020, ഡിസംബർ 30, ബുധനാഴ്‌ച

SSLC, പ്ലസ് ടു പരീക്ഷകൾ വിഷമകരമായിരിക്കില്ല; ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാൻ അവസരം


തിരുവനന്തപുരം: 2021ൽ നടക്കാൻ പോകുന്ന SSLC, പ്ലസ് ടു പരീക്ഷകളുടെ സ്വഭാവത്തെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാനുള്ള വലിയൊരു അവസരമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. അതിനാൽ തന്നെ പരീക്ഷകളെ സംബന്ധിച്ച് ഭയപ്പാട് വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഫുൾ മാർക്ക് നേടാൻ എത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്നുള്ളതിന്റെ വിവരം ചോദ്യപേപ്പറിൽ തന്നെ രേഖപ്പെടുത്തിയിരിക്കും.

ഈ വർഷത്തെ വലിയ മാറ്റങ്ങളിൽ ഒന്ന് പരീക്ഷയ്ക്ക് ആകെ ഉണ്ടാകുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുതലായിരിക്കും എന്നതാണ്. ഒരു ചോദ്യത്തിന് തന്നെ ഓപ്ഷനുകളായി മറ്റു പല ചോദ്യങ്ങളും ഉണ്ടാകും. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് അവർ നന്നായി പഠിച്ചിരിക്കുന്ന പാഠ ഭാഗങ്ങളിലെ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരങ്ങൾ എഴുതാൻ സാധിക്കും.

മാത്രമല്ല ഇത്തവണ വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഉത്തരങ്ങൾ എഴുതാൻ സാധിക്കുന്നതാണ്. ഇതിനായി ഈ വർഷത്തെ പരീക്ഷയ്ക്ക് സമയം കൂടുതൽ അനുവദിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത്തരത്തിൽ വിദ്യാർഥിക്ക് കൂൾ ഓഫ് ടൈം കൂടുതൽ ലഭിക്കും. ഈ അവസരത്തിൽ മൊത്തം ചോദ്യങ്ങളും വായിച്ച് ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ ടിക്ക് ചെയ്തു വയ്ക്കാൻ വിദ്യാർത്ഥിക്ക് സാധിക്കും.

സിലബസ് വെട്ടി കുറയ്ക്കാതെ ആണ് ഇത്തവണത്തെ പരീക്ഷ. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി വിഭിന്നമായ ചോദ്യങ്ങൾ ഓപ്ഷണൽ ആയി നൽകി അവയിൽ നിന്ന് അറിയാവുന്നവ തിരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷൻ ക്ലാസുകൾ ആയിരിക്കും പ്രധാനമായും വരുന്ന രണ്ടര മാസക്കാലം സ്കൂളുകളിൽ നടക്കുക. അധ്യാപകരുടെ സഹായത്തോടെ ഈ ക്ലാസ്സുകൾ എല്ലാം ഒന്നുകൂടെ നന്നായി ആവർത്തിച്ച് പഠിച്ചാൽ കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച വിജയം കൈവരിക്കാൻ ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തിയറി പരീക്ഷയ്ക്ക് ശേഷം ചെറിയ ഇടവേള കഴിഞ്ഞ് മാത്രമേ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന ഈ രണ്ടര മാസക്കാലം മാത്രമേ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ലഭ്യമാകുകയുള്ളൂ എന്നതിനാൽ തന്നെ തിയറി പരീക്ഷ കഴിഞ്ഞ് ചെറിയ ഇടവേള കൊടുക്കുന്നത് മൂലം പ്രാക്ടിക്കൽ ക്ലാസ്സുകൾ ഓർത്തെടുക്കാനും ഒന്നുകൂടി പരിശീലിക്കാനും വിദ്യാർഥികൾക്ക് കഴിയും.

കോവിഡിന്റ പശ്ചാത്തലത്തിൽ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമം മൂലം വിജയകരമാക്കാൻ സാധിച്ചുവെന്ന് അറിയിച്ചുകൊണ്ട് അധ്യാപകർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു മന്ത്രി. ഇനി വരുന്ന മൂന്നുമാസക്കാലവും അധ്യാപകരുടെ മേൽ വലിയ ഉത്തരവാദിത്വം ആണുള്ളത്. സ്കൂൾ തുറന്നതുമൂലം കോവിഡ് വ്യാപനം ഉണ്ടാകാനുള്ള യാതൊരുവിധ സാഹചര്യങ്ങളും ഉണ്ടാവാതിരിക്കാൻ സ്കൂൾ അധികൃതരും അദ്ധ്യാപകരും തീർച്ചയായും പരമാവധി ശ്രദ്ധിക്കേണ്ടതാണ്.

രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ ഒരിക്കലും മുഖാവരണം താഴ്ത്താൻ ഇടയാകരുത്. കുട്ടികളുടെ സുരക്ഷയും അവരുടെ മികച്ച പ്രകടനവും അധ്യാപകർ വിലയിരുത്തണം. പ്രസക്തഭാഗങ്ങൾ കൂടുതലായി ഫോക്കസ് ചെയ്തു വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും പഠനവും ലഭ്യമാക്കണമെന്ന് മന്ത്രി പ്രത്യേകം അറിയിച്ചു.


0 comments: