2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

മെയ്‌ 15 മുതൽ വാട്സാപ്പിൽ സന്ദേശങ്ങൾ ലഭിക്കുകയോ അയക്കാനോ സാധിക്കില്ല, കൂടുതൽ അറിയാം



മുംബൈ:മെയ് 15 മുതല്‍ വാട്സാപില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. നാലുമാസങ്ങള്‍ക്ക് ശേഷം അകൗണ്ട് ഡിലീറ്റ് ചെയ്യും. ബാധകമാകുന്നത് സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മാത്രം.വാട്സാപ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്കാണ് പണി കിട്ടുന്നത്. ഇത്തരക്കാരുടെ അകൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പെടുത്തി മാറ്റിനിര്‍ത്തും.

നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അകൗണ്ട് 120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ അകൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.പോളിസി അംഗീകരിക്കാത്ത അകൗണ്ടുകളില്‍ സന്ദേശങ്ങള്‍ അയക്കുന്നതിനാണ് വിലക്കേര്‍പെടുത്തിയതെങ്കിലും കുറച്ച്‌ ആഴ്ചക്കാലത്തേക്ക് വീഡിയോ വോയ്സ് കോള്‍ സേവനം ലഭ്യമാവും.

ജനുവരിയിലാണ് വാട്സാപ് പുതിയ പോളിസി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതുള്‍പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അകൗണ്ട് നീക്കം ചെയ്യപ്പെടില്ലെന്നും വാട്സാപില്‍ നിന്ന് പുറത്ത് പോവാമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം ആഗോളതലത്തില്‍ വലിയ കോലാഹലമുണ്ടാക്കിയിരുന്നു.

എന്നാല്‍, ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പേമെന്റ് സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സേവന നയം പരിഷ്‌കരിച്ചത് എന്നും വാട്സാപിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്ക് പറയുന്നു.

ആഗോള തലത്തില്‍ പ്രതിഷേധം കനത്തതോടെയാണ് പോളിസി നടപ്പിലാക്കുന്നത് ഫെബ്രുവരിയില്‍നിന്നു മേയ് മാസത്തിലേക്ക് നീട്ടിവെച്ചത്. അതിനിടെ എതിരാളികളായ ടെലഗ്രാം, സിഗ്‌നല്‍ പോലുള്ള സേവനങ്ങള്‍ ആളുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയതും വാട്സാപിന് വെല്ലുവിളി സൃഷ്ടിച്ചു.

0 comments: