2021, മേയ് 25, ചൊവ്വാഴ്ച

കോവിഡ് പ്രതിസന്ധി: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 1500 രൂപ ധനസഹായവുമായി സർക്കാർ, അപേക്ഷിക്കേണ്ടതിങ്ങനെ


 

കോവിഡ് പ്രതിസന്ധി: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 1500 രൂപ ധനസഹായവുമായി സർക്കാർ, അപേക്ഷിക്കേണ്ടതിങ്ങനെ

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങായി സർക്കാരിന്റെ ധനസഹായം. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സഹായവും പിന്തുണയും അഭ്യർഥിച്ച് സർക്കാരിനെ സമീപിച്ചിരുന്നതിനെ തുടർന്നാണ് ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിക്കുംഅടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1,500 രൂപ ഉപജീവന അലവൻസ് നൽകാൻ തീരുമാനിച്ചത്.

സർക്കാരിന്റെ ഈ ധനസഹായം ട്രാൻസ്‌ജെൻഡർ സമൂഹത്തെ അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.സോഷ്യൽ മീഡിയ അടക്കമുള്ള ചാനലുകൾ ഉപയോഗിച്ചു  ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രവർത്തിക്കുന്ന എൻ‌ജി‌ഒകളോടും കമ്മ്യൂണിറ്റി അധിഷ്ഠിത ഓർഗനൈസേഷനുകളോടും (സിബിഒ) ധനസഹായം സംബന്ധിച്ച് കൂടുതൽ ആളുകളിൽ അവബോധം സൃഷ്ടിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വർഷം കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ കിറ്റുകളും ട്രാൻസ്ജെൻഡർമാർക്ക്  മന്ത്രാലയം നൽകിയിരുന്നു.

 അപേക്ഷ നൽകുന്ന വിധം 

രാജ്യത്തെ ഏതൊരു ട്രാൻസ്‌ജെൻഡർ വ്യക്തിക്കും അവർക്കായി പ്രവർത്തിക്കുന്ന സിബിഒയ്ക്കും ഈ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഇതിനായി അടിസ്ഥാന വിവരങ്ങൾ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ പൂരിപ്പിച്ച് ഫോം സർപ്പിച്ചാൽ മാത്രം മതി. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിന്റെ വെബ്‌സൈറ്റിൽ ഈ ഫോം ലഭ്യമാണ്.


0 comments: