2021, ജൂലൈ 14, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


എസ്.എസ്.എൽ.സി : 99.85 ശതമാനവുമായി ചരിത്രവിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.85 ശതമാനവുമായി റെക്കോഡ് വിജയമാണ് ഇത്തവ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതിൽ പേർ 4,19,651 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.കഴിഞ്ഞ വർഷം 98.28 ആയിരുന്നു വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ ഉണ്ടായത്. ഏറ്റവും അധികം എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും മലപ്പുറം ആണ് മുന്നിൽ

എസ്‌എസ്‌എല്‍സി: ചരിത്ര വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി

 എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ചരിത്രവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തില്‍ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാന്‍ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ച രീതിയില്‍ നടത്തി ഉന്നത വിജയം കരസ്ഥമാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ജീവിത വിജയാശംസകള്‍ - മുഖ്യമന്ത്രി പറഞ്ഞു. 

നീറ്റ് പിജി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 11ന് 

നീറ്റ് പി .ജി പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11  ന് പരീക്ഷ നടക്കും.ഏപ്രിലിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷയാണ് കോവിഡ് സാഹചര്യങ്ങൾ മൂലം മാറ്റിവച്ചത് .പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ.രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താൻ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആക്കി വർധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 

ഈ വർഷം മുതൽ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും. കുവൈറ്റിലും പരീക്ഷ കേന്ദ്രം 

മലയാളം ഉൾപ്പെടെ രണ്ട് ഭാഷകളാണ് പുതുതായി ചേർത്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബാണ് മറ്റൊരു ഭാഷ. കഴിഞ്ഞ വർഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ 9 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തിയിരുന്നു. 2020 ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.ജിസിസി രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പരിഗണിച്ച് ഈ വർഷം മുതൽ കുവൈറ്റിലും നീറ്റ് പരീക്ഷാ കേന്ദ്രം ആരംഭിക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ നീറ്റ് പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. neet.nta.nic.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

കീം 2021 ആഗസ്റ്റ് 5ന്

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ് ഫാർമസി പ്രവേശന പരീക്ഷ (കീം) ആഗസ്റ്റ് അഞ്ചിന് നടത്താൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും പ്രവേശന പരീക്ഷാകമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം

സ്‌കോൾ-കേരള: 2019-21 ബാച്ച് പ്ലസ്ടു വിദ്യാർഥികൾ ടി.സി. കൈപ്പറ്റണം

സ്‌കോൾ-കേരള മുഖേനെ 2019-21 ബാച്ചിൽ ഹയർസെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദങ്ങളിൽ നിന്നും, ഓപ്പൺ റെഗുലർ വിദ്യാർഥികൾ സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം.  കോഴ്‌സ് ഫീസ് പൂർണ്ണമായി അടച്ച വിദ്യാർഥികൾ ടി.സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് ജില്ല ഓഫീസിൽ സമർപ്പിക്കണം.www.scolekerala.org എന്ന വെബ്‌സൈറ്റിൽ നിന്നും യൂസർ ഐഡി, പാസ്സ് വേഡ് ഉപയോഗിച്ച് കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് പ്രിന്റെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ-ചാർജ്ജ് അറിയിച്ചു.

എൻട്രൻസ് പരീക്ഷ സൗജന്യ പരിശീലനം

തിരുവനന്തപുരം മണ്ണന്തലയിലെ ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. ആഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ്ടു) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 30ന് മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ ലഭിക്കും.

കുസാറ്റ് പൊതുപ്രവേശന പരീക്ഷ 16 മുതല്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (കാറ്റ്-2021) ജൂലൈ 16,17,18, തീയതികളിലായി കേരളത്തിനകത്തുംപുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടലായ https://admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2577100.

കുസാറ്റ്: ഹിന്ദി പി.എച്ച്.ഡി പ്രവേശന പരീക്ഷ ജൂലൈ 27 ന്

 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ ഹിന്ദി വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനായുള്ള (ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം) വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 27 ന് നടക്കും. ഇരുപതാം തീയതിക്കകം അറിയിപ്പ് ലഭിക്കാത്തവര്‍ ഹിന്ദി വകുപ്പ് (ഫോണ്‍: 0484-2575954) കാര്യാലയവുമായി ബന്ധപ്പെടണമെന്ന് വകുപ്പുമേധാവി അറിയിച്ചു

സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ കോളേജുകള്‍, സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ 2020-21 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.  പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി ഈ മാസം 14 മുതല്‍ 17 വരെ സമര്‍പ്പിക്കാവുന്നതാണ്.    കൂടുതല്‍ വിവരങ്ങള്‍ക്ക്  0471 – 2560363, 364.

വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി സാങ്കേതിക സര്‍വകലാശാല; ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല

ക്ലാസ് റൂം പഠനത്തിനവസരമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് മാത്രം ആശ്രയിച്ച്‌ പരീക്ഷയെഴുതേണ്ട എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി വീണ്ടും സാങ്കേതിക സര്‍വകലാശാല. രണ്ടാഴ്ച പോലും പഠനസമയം നല്‍കാതെ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ തീയതി സര്‍വകലാശാല പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരേപോലെ ആശങ്ക ഉളവാക്കിയിരിക്കുന്നു. ഓഫ് ലൈനായി കോളേജുകളില്‍ നടത്തുന്ന പരീക്ഷ ആഗസ്റ്റ് രണ്ടിനാണ് തുടങ്ങുന്നത്.

എസ്‌എസ്‌എല്‍സി പരീക്ഷ; വിജയശതമാനത്തില്‍ അഭിനന്ദിച്ച്‌ ജോസ് കെ മാണി

 ഇക്കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി മാറിയ പാലായിലെ വിദ്യാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അഭിനന്ദിച്ചു.99. I7% എന്ന റെക്കോര്‍ഡ്‌ പാലായ്ക്ക് നേടാന്‍ കഴിഞ്ഞത് കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും രക്ഷിതാക്കളുടെ ആത്മവിശ്വാസവും കൊണ്ടാണെന്ന് ജോസ് കെ മാണി പറഞ്ഞു.

ഗൗരവത്തിലുള്ള ആലോചനകള്‍ക്ക് വഴിവെക്കുന്നതാണ് ഇത്തവണത്തെ പരീക്ഷാ ഫലം: കെസി വേണുഗോപാല്‍

 മഹാമാരിക്കാലത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ച്‌ ഗൗരവത്തിലുള്ള ആലോചനകള്‍ക്ക് വഴിവെക്കുന്നതാണ് ഇത്തവണത്തെ എസ് എസ് എല്‍സി പരീക്ഷ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗാപോല്‍. കോവിഡ് പ്രതിസന്ധിക്കിടയില്‍ പഠനം മിക്കവാറും ഓണ്‍‌ലൈനിലായിരുന്നു. രോഗ ഭീതിയില്‍ പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ പലര്‍ക്കും നല്ല രീതിയില്‍ നടത്താനായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.


0 comments: