2021, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 പ്ലസ് വണ്‍ പ്രവേശനം: തിങ്കളാഴ്ച മുതല്‍ അപേക്ഷ നല്‍കാം

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഈ മാസം 16 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. 

ഓൺലൈൻ ക്ലാസ്​ മാത്രം ലഭിച്ച പ്ലസ് വൺ വിദ്യാർഥികൾക്ക് പൊതു പരീക്ഷ നടത്തരുതെന്ന്​ പ്രിൻസിപ്പൽസ് അസോസിയേഷൻ

ഓൺലൈൻ വഴിമാത്രം ക്ലാസുകൾ ലഭിച്ച ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർഥികൾക്ക് സെപ്റ്റമ്പർ ആദ്യവാരത്തിൽ പൊതു പരീക്ഷ നടത്തരുതെന്ന് കേരളാ ഹയർ സെക്കണ്ടറി സ്​കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ.പാഠ ഭാഗങ്ങൾ ഓൺ ലൈൻ വഴി തീർക്കുകയും പരീക്ഷക്കായി ഫോക്കസ് ഏരിയ നൽകുകയുംഎല്ലാം ചെയ്തിട്ടുണ്ടങ്കിലും നേരിട്ട് ക്ലാസ് കിട്ടാതെയും ഒരു മോഡൽ പരീക്ഷ എങ്കിലും എഴുതാതേയും പ്ലസ് വൺ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം  ബഹുഭൂരിപക്ഷം കുട്ടികൾക്കുമായിട്ടില്ല.

കോവിഡ്; ICSE, ISC ബോര്‍ഡ് പരീക്ഷയ്ക്കായുള്ള സിലബസ് ചുരുക്കുന്നു

2022 ലെ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള ഐസിഎസ്സിയുടെ പത്താം ക്ലാസിലേയ്ക്കും ഐഎസ്സിയുടെ പന്ത്രണ്ടാം ക്ലാസിലേക്കുമുള്ള ചുരുക്കിയ പാഠ്യ വിഷയങ്ങള്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സെര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് അഥവാ സിഐഎസ്സിഇ പുറത്തിറക്കി. സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cisce.org ല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൗണ്‍സില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2022 ബോര്‍ഡ് പരീക്ഷയ്ക്കായുള്ള ക്ലാസ് 10, 12 വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സിലബസ് ലളിതമായ സ്റ്റപ്പുകളിലൂടെ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

  • കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org സന്ദര്‍ശിക്കുക
  • വെബ്സൈറ്റിന്റെ ഹോംപേജില്‍, മുകളിലുള്ള ബാറില്‍ നിന്നും 'പബ്ലിക്കേഷന്‍സ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങള്‍ അത് തിരഞ്ഞെടുക്കുമ്ബോള്‍, ഒരു പുതിയ പേജ് ഓപ്പണാകും
  • ഐസിഎസ്സി അല്ലങ്കില്‍ ഐഎസ്സി സിലബസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • സിലബസ്സിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഭാവിയിലേക്കായി സേവ് ചെയ്യുകയും ചെയ്യുക


സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം നാളെമുതൽ: വിതരണം ചെയ്യുന്നത് 5മാസത്തെ ഭക്ഷ്യ ഭദ്രതാ അലവൻസ്

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യഭദ്രതാ അലവൻസ് വിതരണം നാളെമുതൽ. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.തിരുവനന്തപുരം അമ്പലത്തറ ഗവൺമെന്റ് യുപി സ്കൂളിൽ നാളെ ഉച്ചയ്ക്ക് 12നാണ് ഉദ്ഘാടനം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഈ അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ “ഭക്ഷ്യ ഭദ്രതാ അലവൻസ്” വിതരണം ചെയ്യുവാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണമാണ് ആരംഭിക്കുന്നത് .

കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം പ്രഖ്യാപിച്ചു: 2022 ജനുവരിയിൽ കരട് തയ്യാറാക്കും

ആധുനിക ശാസ്ത്ര-സാമൂഹ്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടന്നത്.

പൊതുവിദ്യാലയങ്ങളിലെ ഫർണീച്ചർ നവീകരിക്കുന്നതിന് സമഗ്ര പദ്ധതി: മന്ത്രി വി.ശിവൻകുട്ടി

ഈ അധ്യയനവർഷം മുതൽ സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും വിദ്യാലയങ്ങളിലെ ഫർണീച്ചർ നവീകരിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരുമെന്നും മന്ത്രി പറഞ്ഞു. 

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനം

തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്ബനികള്‍, മേജര്‍ ഫാക്ടറി, മൈനര്‍ ഫാക്ടറി, സഹകരണ സ്ഥാപനങ്ങള്‍, പ്ലാന്റേഷന്‍സ് തൊഴിലാളികളുടെയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്ത മോട്ടോര്‍ തൊഴിലാളികളുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍നിനിന്നും സ്‌റ്റൈപന്റ് നല്‍കുമെന്ന്് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.  ഫോണ്‍ : 0495 2372480, 9496553292.

യു.ജി.സി നെറ്റ്​ 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്ടോബറില്‍

യു.ജി.സി നെറ്റ്​ 2021-​െന്‍റ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ നാഷനല്‍ ടെസ്​റ്റിങ്​ ഏജന്‍സി (എന്‍.ടി.എ) അവരുടെ ഒൗദ്യോഗിക വെബ്​ സൈറ്റായ ugcnet.nta.nic.in -ല്‍ ​പ്രസിദ്ധീകരിച്ചു. സെപ്​തംബര്‍ അഞ്ച്​ വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബര്‍ ആറിന് ഓണ്‍ലൈന്‍ മോഡില്‍ ആരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക - ആദ്യത്തേത് രാവിലെ ഒമ്ബത്​ മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത് വൈകുന്നേരം മൂന്ന്​ മണി മുതല്‍ ആറ്​ മണി വരെയും ആയിരിക്കും.

2020 ഡിസംബര്‍ സൈക്കിളിലെ യു.ജി.സി നെറ്റിന് രജിസ്റ്റര്‍ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കാനും കഴിയും. പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്​തംബര്‍ ആറാണ്​. 

കുസാറ്റ് അഡ്‌മിഷൻ: പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ ഫലം പ്രഖ്യാപിച്ചു. റാങ്ക് വിവരം അഡ്‌മിഷൻ പോർട്ട (https:/admissions.cusat.ac.in) ലിൽ ലഭിക്കും. ബിടെക്, ഫോട്ടോണിക്‌സ്, ഇൻറഗ്രേറ്റഡ് എംഎസ്‌സി, എൽഎൽബി തുടങ്ങി വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് തിങ്കളാഴ്‌ച മുതൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു.

കോഴിക്കോട് നീലിറ്റില്‍ എം.ടെക് കോഴ്‌സ് പഠിക്കാം

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴില്‍, കോഴിക്കോട്ടുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) എം.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റംസ്, ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ടെക്‌നോളജി എന്നീ സവിശേഷമേഖലകളിലാണ് കോഴ്‌സ്.ഓരോ സ്‌പെഷ്യലൈസേഷനുംവേണ്ട എന്‍ജിനിയറിങ് ബ്രാഞ്ച്, ഗേറ്റ് യോഗ്യത നേടിയിരിക്കേണ്ട ബ്രാഞ്ച് എന്നിവ https://nielit.gov.in/calicut/-എന്ന  ലിങ്കിൽ .

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം

കണ്ണൂര്‍ സര്‍വകലാശാലയുടെ സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദപ്രവേശനത്തിന് അപേക്ഷിക്കാം.

കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ നല്‍കണം. www.admission.kannuruniverstiy.ac.in വഴി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സഹായങ്ങള്‍ക്ക്: 0497-2715261, 7356948230 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

സിഡിഎസ്: അപേക്ഷ 24 വരെ

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.  സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനികവിഭാഗങ്ങളിൽ 339 ഒഴിവുണ്ട്. നവംബർ 14 നു പരീക്ഷ നടക്കും. ഓഗസ്റ്റ് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.  സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്‌സൈറ്റിൽ.

കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എസ്എസ്എൽസിക്കാർക്ക് 2 കോഴ്സുകൾ; 2000 സീറ്റ്.

കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രണ്ടു കോഴ്സുകളിലെ പ്രവേശനത്തിന് എസ്എസ്എൽസി ജയിച്ച് ഉപരിപഠനയോഗ്യത നേടിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോസ്പെക്ടസും അപേക്ഷാഫോമും www.sitttrkerala.ac.in എന്ന സൈറ്റിലുണ്ട്.

ബി.ടെക് എൻ ആർ ഐ ക്വാട്ട അഡ്മിഷൻ

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ എൻ ആർ ഐ ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

കീം എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും, നേരിട്ടും സമർപ്പിക്കാം. ആഗസ്റ്റ് 18 നകം അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in/admission, ഫോൺ: 9447570122, 9447192559, 9497444392.

കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പ്രവേശനം: അപേക്ഷ തിയ്യതി നീട്ടി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ച് വരെ നീട്ടി.

അപേക്ഷ www.ihrd.kerala.gov.in/enggnri ലോ കോളേജ് വെബ്സൈറ്റിലോ (പ്രോസ്പെക്ടസ് പ്രകാരമുള്ള) സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും, അനുബന്ധ രേഖകളും കോളേജില്‍ ഓഗസ്റ്റ് 24 ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ :8547005034, 04692678983

സംസ്‌കൃത സര്‍വകലാശാലയില്‍ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം ; അവസാനതീയതി ഓഗസ്റ്റ് 24

 ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.സംസ്‌കൃതംസാഹിത്യം, സംസ്‌കൃതംവേദാന്തം, സംസ്‌കൃതംവ്യാകരണം, സംസ്‌കൃതംന്യായം, സംസ്‌കൃതംജനറല്‍, സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, സ്‌കള്‍പ്ചര്‍ എന്നീ ബിരുദപ്രോഗ്രാമുകളിലേക്കും ഡിപ്ലോമ പ്രോഗ്രാമായ ആയുര്‍വേദ പഞ്ചകര്‍മയിലേക്കുമാണ് പ്രവേശനം.www.ssusonline.org വഴി അപേക്ഷിക്കാം. അവസാനതീയതി: ഓഗസ്റ്റ് 24. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ 27-നു മുന്‍പ് ലഭിക്കണം.

സാങ്കേതിക സര്‍വ്വകലാശാല: ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിന് വന്‍ സ്വീകാര്യത

തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത പോര്‍ട്ടലില്‍ ഈ സൗകര്യം ലഭ്യമാക്കിയതിന് ശേഷം ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മിനിറ്റുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി അപേക്ഷിച്ചത്.പുതിയ സംവിധാനത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിക്കാനും പിശകുകള്‍ ചൂണ്ടിക്കാണിക്കുവാനും കഴിയും. സുതാര്യതയോടെയും കാര്യക്ഷമതയോടെയും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ഈ സൗകര്യം സര്‍വകലാശാലയെ സഹായിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ പറഞ്ഞു.

നാളത്തെ കാലിക്കറ്റ്‌ പിജി പരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ തടസം

കാലിക്കറ്റ് സർവകലാശാലയുടെ നാളെ തുടങ്ങാനിരിക്കുന്ന വിദൂര വിഭാഗം പി.ജി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്യുന്നതിൽ സാങ്കേതിക തടസ്സം. പ്രശ്നം പരിഹരിച്ച് ഉച്ചയോടെ ഹാൾ ടിക്കറ്റ് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും പരീക്ഷാ ഭവൻ അറിയിച്ചു.

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനവും മോപ്പ്-അപ്പ് കൗൺസലിംഗും

2020-21 അധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസലിംഗ് ആഗസ്റ്റ് 13 രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തും.  എസ്.റ്റി വിഭാഗത്തിൽ വിദ്യാർത്ഥികൾ ഇല്ലാത്ത പക്ഷം സ്റ്റേറ്റ് മെറിറ്റിലെ വിദ്യാർത്ഥികളെ പരിഗണിക്കും.മോപ്പ്-അപ്പ് കൗൺസലിംഗിലൂടെ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥി അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്:www.dme.kerala.gov.in.

പ്ലസ്ടു കഴിഞ്ഞ് സ്റ്റാറ്റിസ്റ്റിക്‌സ് പഠിക്കാം, ജോലി നേടാം

ഐ.ടി മേഖലയിലെ വികസനം സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവര്‍ക്ക് അനന്തസാധ്യതകളാണ് തുറന്നിരിക്കുന്നത്. ഏറെ പ്രാധാന്യമുള്ള ഡാറ്റാ അനലിസ്റ്റെന്ന ജോലി സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവര്‍ക്ക് നല്‍കുന്ന സാധ്യകള്‍ ഏറെ വലുതാണ്. ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സിനു ശേഷം എം.എസ്‌സി സ്റ്റാറ്റിസ്റ്റിസ്റ്റിക്‌സ് കൂടി പഠിക്കുകയായാണെങ്കില്‍ കേരളത്തിലും പുറത്തും ധാരാളം അവസരങ്ങള്‍ ഇവരെ കാത്തിരിപ്പുണ്ട്. . മാസത്തില്‍ രണ്ട് ലക്ഷത്തിലധികം ശമ്പളം ലഭിക്കുന്ന ഡാറ്റ സയന്റിസ്റ്റ് മേഖലയിലും എം.എസ്‌സി  സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞവര്‍ക്ക് ശോഭിക്കാന്‍ കഴിയും.

0 comments: