2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

പ്ലസ് വൺ പരീക്ഷ നിയമക്കുരുക്കിൽ:വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലേക്ക്

                                           


സെപ്റ്റംബർ ആറിന് ആരംഭിക്കാനിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധിയായതിനാൽ 15ലേക്ക് മാറ്റിയിരിക്കുകയാണ്.

പ്ലസ് വൺ പരീക്ഷ എഴുതാനായി 3.68 ലക്ഷം വിദ്യാർഥികളുടെ പ്ലസ് ടു ഓൺലൈൻ/ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ അവസാനം മുതൽ നിർത്തിവെച്ചു. ഈ വിദ്യാർഥികൾക്ക് പ്ലസ് വൺ പരീക്ഷ പൂർത്തിയായ ശേഷം പ്ലസ് ടു അധ്യയനം പുനരാരംഭിക്കുകയും അടുത്ത മാർച്ച്/ ഏപ്രിലിൽ പ്ലസ് ടു പരീക്ഷ എഴുതുകയും ചെയ്യേണ്ടവരാണ്. പ്ലസ് വൺ പരീക്ഷ നിയമക്കുരുക്കിലായതോടെ ഈ വിദ്യാർഥികളുടെ അധ്യയനവും അനിശ്ചിതത്വത്തിലായി. 4.17 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 3.68 ലക്ഷം വിദ്യാർഥികൾ റെഗുലർ വിദ്യാർഥികളാണ്. അവശേഷിക്കുന്നവർ സ്കോൾ കേരളക്ക് കീഴിൽ പഠനം നടത്തുന്നവരുമാണ്.

പ്ലസ് വൺ പരീക്ഷയെച്ചൊല്ലി പ്ലസ് ടു അധ്യയനം വൈകിയാൽ അത് ഇവരുടെ പ്ലസ് ടു പരീക്ഷയെയും ബാധിക്കും. അധ്യയനം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മാർച്ചിൽ പരീക്ഷ നടത്താൻ കഴിയില്ല. ഇത് കേരളത്തിന് പുറത്ത് ഉപരിപഠനം തേടുന്ന വിദ്യാർഥികളെയടക്കം പ്രതി കൂലമായി ബാധിക്കും. പ്ലസ് വൺ പരീക്ഷക്കായുള്ള ചോദ്യപേപ്പറുകൾ സെപ്റ്റംബർ മൂന്നോടെ പകുതി സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന സ്കൂളുകളിൽ എത്രനാൾ ചോദ്യപേപ്പർ സുരക്ഷിതമായി സൂക്ഷിക്കുമെന്നത് ഹയർ സെക്കൻഡറി പരീക്ഷവിഭാഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സെപ്റ്റംബർ 15ന് കേസ് പരിഗണിച്ചാൽ തന്നെ അന്നുതന്നെ വിധിയുണ്ടായില്ലെങ്കിൽ അനിശ്ചിതത്വം പിന്നെയും നീളും. പ്ലസ് വൺ പരീക്ഷ കേരളത്തിൽ പൊതുപരീക്ഷയാണെന്നും ഉപേക്ഷിക്കുന്നത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നുമുള്ള നിലപാടിലാണ് സർക്കാർ. പ്ലസ് ടു പരീക്ഷയും എസ്.എസ്.എൽ.സി പരീക്ഷയും തടസ്സങ്ങളില്ലാതെ കോവിഡ് വ്യാപനകാലത്ത് പൂർത്തിയാക്കിയതും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


0 comments: