2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

പ്ലസ് വൺ പ്രവേശനം:ഫുൾ എ പ്ലസുകാർക്ക് പോലും ഇഷ്ട്ട വിഷയത്തിന് ലഭിക്കുന്നില്ല

                                           

 

ആദ്യ അലോട്ട്മെൻറിൻ്റെ സൂചന നൽകുന്ന ട്രയൽ അലോട്ട്മെൻറിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഒരു സ്കൂളിൽ പോലും അലോട്ട്മെന്റ് വന്നിട്ടില്ല.ട്രയൽ അലോട്ട്മെന്റ് വിദ്യാർഥിപ്രവേശനത്തിന് പരിഗണിക്കില്ലെങ്കിലും 22ന് നടക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യത സൂചിപ്പിക്കുന്ന താണിത്.സമ്പൂർണ എ പ്ലസുകാർക്കുപോലും ഇ ഷ്ടപ്പെട്ട സ്കൂളും വിഷയ കോമ്പിനേഷനും ലഭിക്കില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

 ഏകജാലക പ്രവേശനത്തിനുള്ള സയൻസ് സീറ്റുകളുടെ എണ്ണം എസ്.എസ്.എൽ.സി പരീ ക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണ ത്തെക്കാൾ കുറവാണ്. 1,21,318 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. സയൻസിൽ ആകെയുള്ളത് 1,20,400 സീറ്റുകളാണ്. സ്പോർട്സ് ക്വോട്ടയിലെ 3216 സീറ്റുകൾ മാറ്റിയാൽ ശേഷിക്കുന്നതാവട്ടെ 1,17,184 സയൻസ് സീറ്റും.

പരീക്ഷയിലെ ഗ്രേഡിനൊപ്പം ബോണസ് പോയിന്റ് കൂടി പരിഗണിച്ചുള്ള പ്രവേശനമായതിനാൽ എ പ്ലസ് നേടിയാലും പരമാവധി ബോണസ് പോയൻ്റ്കൂടി നേടിയാൽ മാത്രമേ ഇഷ്ട വിഷയത്തിന് അലോട്ട്മെന്റ് ലഭിക്കൂ എന്ന സൂചനയാണ് ട്രയലിൽ പുറത്തുവരുന്നത്. അലോട്ട്മെന്റിൽ ടൈ ബ്രേക്ക് ചെയ്യുന്നത് ജനനത്തീയതിയും പേരിന്റെ അക്ഷരമാലാ ക്രമവും അനുസരിച്ചാണ്. അക്ഷരമാലയിലെ അവസാനമാണ് പേരിന്റെ തുടക്കത്തിലെ അക്ഷരമെങ്കിൽ അങ്ങനെയും പുറകിലായിപ്പോവുന്നവരുണ്ട്. എ പ്ലസുകാരെ പിന്തള്ളി ബോണസ് പോയിന്റ് കൂടുതലുള്ള കുട്ടികൾ അലോട്ട്മെന്റ് നേടുന്ന സാഹചര്യമാണ് കാണുന്നത്.

വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ലസ് പ്രവേശനത്തിന് എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിനാൽ, അടുത്ത അലോട്ട്മെന്റുകളിലൂടെ തന്നെ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.



   


 .

0 comments: