കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയിരുന്ന വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നൊരുക്കള്‍ അവസാന ഘട്ടത്തില്‍ എത്തി.
വൃത്തിയാക്കലും മറ്റും ഭൂരിഭാഗം സ്‌കൂളുകളിലും പൂര്‍ത്തിയായി. രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് . ആദ്യഘട്ടത്തില്‍ ക്ലാസ് തലങ്ങളില്‍ യോഗം വിളിച്ച് കുട്ടികളെ സ്‌കൂളിലേക്ക് വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് വരുന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഇത് അടുത്ത ദിവസം പൂര്‍ത്തിയാകും.
വളരെ ഏതാനം പേര്‍ മാത്രമാണ് കുട്ടികളെ ഈ വര്‍ഷം അയയ്ക്കുന്നില്ലെന്ന് പറഞ്ഞത് . ഭൂരിഭാഗം സ്‌കൂളുകളിലും പത്താം ക്ലാസുകാര്‍ക്ക് എല്ലാ ദിവസവും മറ്റുള്ളവര്‍ക്ക് ആഴ്ച്ചയില്‍ മൂന്നു ദിവസവും എന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. ഒരു ക്ലാസില്‍ 20 കുട്ടികളെയായിരിക്കും പരമാവധി പ്രവേശിപ്പിക്കുന്നത് . അതേ സമയം ചില ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഒരു ക്ലാസിലെ മൊത്തം കുട്ടികളില്‍ 60 ശതമാനത്തോളം പേരെ സ്‌കൂളിലേക്ക് അയക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചാല്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരാം എന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ പ്രാവശ്യം യൂണിഫോം നിര്‍ബന്ധമില്ലെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വേഷവിതാനത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന കര്‍ശന നിര്‍ദ്ദേശവും അദ്ധ്യാപകര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുൻപ് പൊലീസിന്റെ നേതൃത്വത്തിലും യോഗം ചേരും.
വാഹന സൗകര്യം ; ഫീസ് കൂടും
കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം അധികൃതരെ വലയ്ക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ അയക്കാന്‍ രക്ഷിതാക്കള്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ബസുകളില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുക. കുട്ടികളുടെ എണ്ണം കുറയുന്നതോടെ സ്‌കൂള്‍ ബസിന്റെ പ്രതിമാസ വാടക നിരക്കില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ഒരോ പ്രദേശത്ത് ഉള്ളവര്‍ക്കും ഒരോ ദിവസം ക്ലാസ് എന്ന രീതിയില്‍ നടത്തുന്നതിനെ കുറിച്ചും സ്‌കൂള്‍ പ്രവർത്തകർ ആലോചിക്കുന്നുണ്ട്. നിലവില്‍ ഒരോ വിദ്യാര്‍ത്ഥിക്കും ആഴ്ചയില്‍ മൂന്നു ദിവസം മാത്രമെ ക്ലാസ് ഉണ്ടാകുകയുള്ളു. ബാക്കിയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നല്‍കാമെന്ന് വാഗ്ദാനം ഉണ്ടെങ്കിലും നിരക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് താങ്ങാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് നാമമാത്രമായ സ്‌കൂളുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് വ്യക്തമായ നിരക്ക് അവതരിപ്പിക്കാനും കഴിഞ്ഞിട്ടില്ല .
രക്ഷിതാക്കളില്‍ നിന്ന് സമ്മത പത്രം
നിര്‍ദ്ദേശം പാലിച്ച് കുട്ടികളെ സ്‌കൂളില്‍ അയക്കാമെന്ന സമ്മത പത്രം മാതാപിതാക്കളില്‍ നിന്നും വിവിധ സ്‌കൂള്‍ അധികൃതരും വാങ്ങുന്നുണ്ട്. വീട്ടിലുള്ളവരുടെ എണ്ണം, വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍, വാര്‍ഡ് മെമ്പറുടെ പേരും ഫോണ്‍നമ്പറും എന്നിവയും ശേഖരിക്കുന്നുണ്ട്.
അദ്ധ്യാപകര്‍ക്ക് മുട്ടൻ പണി
ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഓഫ് ലൈന്‍ ക്ലാസുകളിലേക്ക് നീങ്ങി തുടങ്ങിയതോടെ അദ്ധ്യാപകര്‍ക്ക് പിടിപ്പത് പണി. ഒരോ ക്ലാസിലും 20 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. അതിന് അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കല്‍, കുട്ടികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തല്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം അദ്ധ്യാപകരുടെ നിരീക്ഷണത്തിലാണ്.
0 comments: