പത്തനംതിട്ട: ജില്ലയില്‍ പ്ലസ് വണ്ണിന് 2508 സീറ്റുകള്‍ ഒഴിവുണ്ട്.ജനറല്‍ വിഭാഗത്തില്‍ 1546 സീറ്റുകള്‍ ഒഴിവ് വന്നിട്ടുണ്ട് .
ധീവര 22, ഭിന്നശേഷി 38, ഇ. ഡബ്ല്യു. എസ് 112, ഈഴവ/ തീയ്യ/ ബില്ലവ 89, ഹിന്ദു ഒ. ബി.സി 34, കുടുംബി 11, കുശവ 11, എല്‍.സി/ എസ്.ഐ.യു.സി/ ആംഗ്ലോ ഇന്ത്യന്‍ 34, മുസ്ലിം 78, എസ്. സി 301, എസ്. ടി 200, വിശ്വകര്‍മ 22 , ക്രിസ്ത്യന്‍ ഒ.ബി.സി 11 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റ് അനുസരിച്ചു പ്രവേശന നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലയില്‍ ഇപ്പോൾ 10,341 പേരാണ് എസ്.എസ്.എല്‍.സി ജയിച്ചത്. ഇതില്‍ 2612 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. ജില്ലയില്‍ ഇനി അധിക ബാച്ചുകളുടെ ആവശ്യമില്ല. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ഉറപ്പായിട്ടുണ്ട്. എന്നാല്‍, മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ചില കുട്ടികള്‍ക്ക് ആവശ്യപ്പെട്ട സയന്‍സ് വിഷയം കിട്ടിയില്ലെന്ന പരാതിയുമുണ്ട്.
ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിവ് വന്നിട്ടുള്ളത്. യാത്രാ സൗകര്യത്തിന്റെ അഭാവം കാരണം പല കുട്ടികളും ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകള്‍ തെരഞ്ഞെടുക്കാന്‍ തയാറായില്ല. എന്നാല്‍, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പ്രധാന ടൗണ്‍ പ്രദേശങ്ങളിലെ മികച്ച സ്കൂളുകളാണ് കൂടുതല്‍ പേരും തെരഞ്ഞെടുത്തത്. ഉയര്‍ന്ന വിജയ ശതമാനമുള്ള സ്കൂളുകളോടാണ് കൂടുതല്‍ കുട്ടികൾക്കും താല്‍പര്യം ഉള്ളത് .
0 comments: