2021, നവംബർ 30, ചൊവ്വാഴ്ച

സർക്കാരിൻ്റെ പുതുവർഷ സമ്മാനമായി പതിനായിരം പേർക്കു ജോലി, തൊഴിൽ മേളകൾ നടത്തും

 


പതിനായിരം പേർക്കു ജോലിയുമായി പുതുവർഷം തുടങ്ങാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിനായി കേരള നോളജ് ഇക്കോണമി മിഷൻ്റെ നേതൃത്വത്തിൽ ഡിസംബർ 15 മുതൽ ജനുവരി 18 വരെ 14 ജില്ലകളിൽ തൊഴിൽ മേളകൾ നടത്തും.

സർക്കാർ പ്രഖ്യാപിച്ച ‘5 വർഷത്തിനകം 20 ലക്ഷം പേർക്കു തൊഴിൽ’ പദ്ധതി ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപ് 10,000 പേർക്കെങ്കിലും ജോലി നൽകി വിശ്വാസ്യത നേടണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശപ്രകാരമാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. 

രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കളെ കേരളത്തിലെത്തിക്കും. രാജ്യാന്തര തൊഴിൽ പ്ലാറ്റ്‌ഫോം ആയ മോൺസ്റ്റർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. തൊഴിൽ പ്ലാറ്റ്‌ഫോം ഫ്രീലാൻസർ ഉൾപ്പെടെ സ്ഥാപനങ്ങളുമായി ഉടൻ ധാരണയിലെത്തും. കഴിഞ്ഞ മന്ത്രിസഭാ യോഗം 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതി തത്വത്തിൽ അംഗീകരിച്ചിരുന്നു.

5 വർഷം കൊണ്ട് 5000 കോടി രൂപയാണു പദ്ധതി ചെലവു കണക്കാക്കിയിരിക്കുന്നത്. 1500 കോടി രൂപ പ്ലാനിങ് ഫണ്ട് ആയി മാറ്റിവച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ 2000 കോടി രൂപ കിഫ്ബിയിൽ നിന്നും 1500 കോടി രൂപ ലോകബാങ്ക്, എഡിബി എന്നിവിടങ്ങളിൽ നിന്നും വായ്പയെടുക്കും.

കോർപറേറ്റുകൾ ചെയ്യേണ്ട നൈപുണ്യ പരിശീലനം സർക്കാർ ചെലവിൽ നടത്തണോ എന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്ന പശ്ചാത്തലത്തിലാണു തൊഴിൽ മേള നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചതെന്നാണ്  സൂചന. പദ്ധതിയുടെ ഘടനയിൽ മാറ്റം വേണമെന്ന് ആസൂത്രണ ബോർഡും ആവശ്യപ്പെട്ടിട്ടുണ്ട്.

0 comments: