2021, ഡിസംബർ 13, തിങ്കളാഴ്‌ച

ഒറ്റ ഫോണ്‍വിളിയില്‍ ബാങ്ക് അക്കൗണ്ട് കാലിയാക്കാവുന്ന ആപ്പുകളുമായി ഹാക്കര്‍മാര്‍

 




ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ് ഇപ്പോള്‍. നോട്ട് വഴി കൊവിഡ് പകരുന്നത് തടയാന്‍ പരമാവധി ഓണ്‍ലൈന്‍ പണമിടപാട് നടത്താനാണ് മിക്ക രാജ്യത്തും ജനങ്ങള്‍ ശ്രമിക്കുന്നത്.എന്നാല്‍ ഇത്തരം പണമിടപാടിന്റെ സുരക്ഷിതത്വം എത്രയെന്ന് പല ചോദ്യങ്ങളും പല അവസരങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവ‌ര്‍ക്ക് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒറ്റ ഫോണ്‍കോളില്‍ ബാങ്ക് അക്കൗണ്ട് മുഴുവന്‍ കാലിയാക്കാന്‍ കഴിയുന്ന ആപ്പ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നതായാണ് അറിയിപ്പ്.

കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള‌ള തട്ടിപ്പുകളുടെ എണ്ണം വ‌ര്‍ദ്ധിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിമോട്ട് ആക്‌സെസ് ട്രോജന്‍(റാറ്റ്) എന്ന ആപ്പാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ബ്രാറ്റ(BRATA) എന്ന മാല്‍വെയര്‍ പ്രോഗ്രാം ബ്രസീല്‍, ലിത്വാനിയ, ഇറ്റലി,നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളില്‍ കണ്ടെത്തി. അമേരിക്കയിലോ ബ്രിട്ടണിലോ കണ്ടെത്തിയില്ലെങ്കിലും ഇവിടങ്ങളിലെയും വിദഗ്ദ്ധര്‍ ജാഗരൂകരാണ്. ഇത് കണ്ടെത്താന്‍ വളരെ പ്രയാസമുള്ളോരു  മാല്‍വെയറാണ്.

ഒരു വെബ്‌സൈറ്റിലേക്കുള‌ള ലിങ്ക് മെസേജായി അയക്കും. ഇത് ബാങ്കില്‍ നിന്നുള‌ളതാണെന്ന് തോന്നിപ്പിക്കും. ലിങ്കില്‍ ക്ളിക്ക് ചെയ്‌താല്‍ ആന്റി സ്‌പാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന സൈ‌റ്റിലെത്തും. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ ചോദിച്ച ശേഷം ബാങ്കില്‍ നിന്നും വിളിക്കുമെന്ന് അറിയിപ്പ് വരും. തുട‌ര്‍ന്ന് തട്ടിപ്പുകാരന്‍ വിളിച്ച്‌ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതിലൂടെ അക്കൗണ്ടിലെ പണം തട്ടാനോ സൈബര്‍ ക്രൈം നടത്താനോ കഴിയും.സംശയാസ്‌പദമായ ലിങ്കുകളില്‍ ക്ളിക്ക് ചെയ്യാതിരുന്നാല്‍ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും രക്ഷനേടാം.സംശയം തോന്നിയാല്‍ ബാങ്കിലെ നമ്പറിൽ  വിളിച്ച്‌ നേരിട്ട് അന്വേഷിക്കുന്നതാണ് തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ അഭികാമ്യം.

0 comments: