2021, ഡിസംബർ 13, തിങ്കളാഴ്‌ച

കർശന നിയമ നടപടികളുമായി എംവിഡി ;വയനാട്ടിൽ ഓപ്പറേഷൻ ഡെസിബല്ലിൽ കുടുങ്ങി 138 വാഹനങ്ങൾ; രണ്ട് ദിവസങ്ങളിലായി 2,10,000 രൂപ പിഴ

 കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ മിക്ക നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. മോട്ടോർ വാഹന വകുപ്പിൽ ഇതിനെ കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇത്തരത്തിൽ പരാതികൾ നിരന്തരം ലഭിക്കുകയും, സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തപ്പോൾ, വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കുന്ന നടപടിക്രമിങ്ങൾ ആരംഭിക്കുമെന്ന് എംവിഡി തന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കാനും തുടങ്ങി.രണ്ട് ദിവസങ്ങളിലായി വയനാട് ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ ഡെസിബൽ എന്ന പരിശോധനയിൽ, 138 വാഹനങ്ങളിൽ നിന്നായി 2,10,000 രൂപയാണ് പിഴയായി ലഭിച്ചത്. നിരോധിത മേഖലയിൽ ഹോൺമുഴക്കി, ശബ്ദ പരധി ലംഘിച്ചു, സൈലൻസറുകളിൽ രൂപമാറ്റം വരുത്തി എന്നിവയ്‌ക്കായിരുന്നു പിഴ ഈടാക്കിയത്. എൻഫോഴ്‌സ്‌മെന്റിന്റെയും, ആർടിഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

നിരന്തരമായ ഹോൺ ഉപയോഗം ശല്യത്തെക്കാളുപരി ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്കു വരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടികൾ കർശനമാക്കാൻ എംവിഡി തീരുമാനിച്ചത്. 70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടാതെ 120 ഡെസിബല്ലിന് മുകളിൽ നിരന്തരം ശബ്ദം കേൾക്കുകയാണെങ്കിൽ ചെവിയുടെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയായേക്കുമെന്ന് എംവിഡി വ്യക്തമാക്കി.

0 comments: