2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

അമുൽ ഇന്ത്യയിൽ മുതൽ ഇന്റലിജന്‍സ് ബ്യൂറോയിൽ വരെ; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ

 

ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം.

അമുല്‍ ഇന്ത്യ

അമുല്‍ ഇന്ത്യ അക്കൗണ്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. വിജയവാഡയിലെ ഓഫീസിലായിരിക്കും നിയമനം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അമുല്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നവര്‍ 28 വയസ്സിനു മുകളില്‍ പ്രായമുള്ളവരാകരുത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

റിസ്‌ക് മാനേജര്‍മാരുടെ 40 തസ്തികകളിലേക്കും 100 ക്രെഡിറ്റ് മാനേജര്‍മാരുടെ തസ്തികകളിലേക്കും 5 സീനിയര്‍ മാനേജര്‍മാരുടെ തസ്തികകളിലേയ്ക്കും ഉള്‍പ്പെടെ 145 മാനേജര്‍ തസ്തികകളിലേക്കാണ് പിഎന്‍ബി (PNB) ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഏപ്രില്‍ 22നാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കിഴക്കന്‍ മേഖലയിലെ ആര്‍സിഎസ് (regional connectivity scheme) എയര്‍പോര്‍ട്ടുകളിലേക്കായി മൊത്തം എട്ട് സീനിയര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള അപേക്ഷകര്‍ മെയ് 15നകം അപേക്ഷകള്‍ അയയ്ക്കുക.

യുപിഎസ്‌സി സിഎപിഎഫ് എസി

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) കേന്ദ്ര സായുധ പോലീസ് സേനയില്‍ 253 അസിസ്റ്റന്റ് കമാന്‍ഡന്റുകളെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തുടനീളം ഈ തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 7 ന് നടക്കും. അപേക്ഷകള്‍ മെയ് 10 വരെ സമര്‍പ്പിക്കാം. യുപിഎസ്സി സിഎപിഎഫ് എസി തസ്തികകളിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഇന്റലിജന്‍സ് ബ്യൂറോ

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് ബ്യൂറോ, ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (IB ACIO) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ACIO ഗ്രേഡ്-II/ ടെക്‌നിക്കല്‍ തസ്തികയിൽ അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംഎച്ച്എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മെയ് 7നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

ജെഎസ്എസ്ബി ഛത്തീസ്ഗഢ് ആരോഗ്യ വകുപ്പ്

ചത്തീസ്ഗഢിലെ സ്പെഷ്യല്‍ ജൂനിയര്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ്, സര്‍ഗുജ (ജെഎസ്എസ്ബി) സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ 174 ഗ്രേഡ് 3 തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. .

ഡല്‍ഹി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍

ഡല്‍ഹി സര്‍വ്വകലാശാലയിലെ കിരോരി മാല്‍ കോളേജ് വിവിധ വകുപ്പുകളിലേക്ക് 110 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ തേടുന്നു. യോഗ്യതയുള്ള അപേക്ഷകര്‍ https://colrec.du.ac.in/ എന്ന കോളേജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്.

0 comments: