2022, മേയ് 19, വ്യാഴാഴ്‌ച

സ്‌കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം; മുഖ്യമന്ത്രി

 

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചു മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അവയിൽ നിന്നും ഷോക്കേൽക്കാനുള്ള സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂൾ തുറക്കുന്ന ദിവസങ്ങളിൽ കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽക്കണ്ട് വാഹനം പാർക്ക് ചെയ്യാൻ അതതു സ്‌കൂളുകൾ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോഡരികിലും മറ്റുമായി  അലക്ഷ്യമായി പാർക്കു ചെയ്യുന്നത് ഗതാഗതതടസം സൃഷ്ടിക്കും. കുട്ടികൾ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങൾ സ്‌കൂൾ പരിസരത്ത് നിർത്തിയിട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷം കുട്ടികളുമായി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകരുത്. സ്വകാര്യ / ടാക്സി വാഹനങ്ങൾ കുട്ടികൾ വരുന്നതുവരെ നിർത്തിയിടുകയാണെങ്കിൽ അതിനുള്ള സൗകര്യം സ്‌കൂൾ ഒരുക്കണം.

വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കിൽ അവ മാറ്റണം. ട്രാഫിക് ഐലന്റ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ബോർഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കണം. വിദ്യാലയത്തിനു സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ മുതലായവ സ്ഥാപിക്കണം.

സ്‌കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്നസ്സ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്‌ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. സ്‌കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസ്സിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അദ്ധ്യാപകർ വിവരം തിരക്കണം. സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി സ്‌കൂളിൽ എത്തിയില്ലെങ്കിൽ അടിയന്തിരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണം. യോഗത്തിൽ മന്ത്രിമാരായ എം. വി ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചു.

0 comments: