2022 ജൂലൈ 17-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാഷണൽ എലിജിബിലിറ്റി എൻട്രൻസ് പരീക്ഷയുടെ (National Eligibility cum Entrance Test (NEET-UG) അഡ്മിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. നീറ്റ് അഡ്മിറ്റ് കാർഡ് പുറത്തു വിടുന്ന തീയതി എന്നാണെന്ന് എൻടിഎ ഇതുവരെ അറിയിച്ചിട്ടില്ല. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ neet.nta.nic.in എന്ന വെബ്സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാൻ കഴിയും.
സാധാരണയായി, പരീക്ഷയ്ക്ക് 10-15 ദിവസം മുമ്പാണ് അഡ്മിറ്റ് കാർഡുകൾ റിലീസ് ചെയ്യുന്നത്. ഈ വർഷം ജൂലൈ 17 ന് പരീക്ഷ നടത്താനിരിക്കുന്നതിനാൽ അഡ്മിറ്റ് കാർഡ് വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?
അഡ്മിറ്റ് കാർഡ് പുറത്തിറങ്ങിക്കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് താഴെ പറയുന്നതു പ്രകാരം അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
1. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
2. ‘NEET UG 2022 അഡ്മിറ്റ് കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. അപേക്ഷകന്റെ പോർട്ടലിൽ ലോഗിൻ ചെയ്യുക.
4. അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും
5. അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ പരിശോധിക്കുക
6. അത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം എഴുത്തു പരീക്ഷയായി നടത്തുന്ന നീറ്റ് പതിമൂന്ന് ഭാഷകളിലാണ് നടത്തപ്പെടുന്നത്. മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് നീറ്റ് പരീക്ഷയുടെ ദൈർഘ്യം. ആകെ 200 ചോദ്യങ്ങളുണ്ടാകും. അതിൽ 180 ചോദ്യങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ഉത്തരം നൽകണം. ഓരോ ചോദ്യത്തിനും നാല് മാർക്ക് വീതം ഉണ്ടായിരിക്കും. 720-ൽ ആയിരിക്കും സ്കോർ. എഴുതാത്ത ചോദ്യോത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടാകില്ല, എന്നാൽ തെറ്റായ ഉത്തരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് 1 മാർക്ക് നഷ്ടപ്പെടും.
അതേസമയം, ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ പരീക്ഷാര്‍ത്ഥികള്‍ പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ ഓഗസ്റ്റില്‍ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ വര്‍ഷം കോവിഡ് 19 പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ 543 നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയുള്‍പ്പെടെ 13 ഭാഷകളില്‍ നീറ്റ് പരീക്ഷ നടക്കും.
എംബിബിഎസ് (MBBS), ബിഡിഎസ് (BDS), ആയുഷ് കോഴ്‌സുകള്‍, ബിഎസ്സി നഴ്‌സിംഗ്, ബിഎസ്സി ലൈഫ് സയന്‍സസ്, വെറ്ററിനറി കോഴ്‌സുകള്‍ തുടങ്ങിയ ബിരുദ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് നീറ്റ്. ഇതുവരെ 11 ലക്ഷത്തിലധികം നീറ്റ് അപേക്ഷകള്‍ എന്‍ടിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2021ല്‍ ഏകദേശം 16 ലക്ഷം പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നു.
0 comments: