2022, ജൂൺ 15, ബുധനാഴ്‌ച

ഇനി ശിശുക്കള്‍ക്കും ആധാര്‍; പൗരന്മാരുടെ ജനനം മുതല്‍ മരണം വരെയുള്ള ഡാറ്റ ആധാര്‍ നമ്പറിലേക്കു സംയോജിപ്പിക്കും; എന്തുകൊണ്ടെന്നറിയാം

യുഐഡിഎഐ നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പറുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നു.നവജാത ശിശുക്കളുടെ കുടുംബങ്ങളെ യുഐഡിഎഐ സംഘം സന്ദര്‍ശിക്കുകയും അവരുടെ ബയോമെട്രിക്സ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. കുട്ടിക്ക് 18 വയസ് തികയുമ്പോൾ ള്‍, ബയോമെട്രിക്‌സ് വീണ്ടും രജിസ്റ്റര്‍ ചെയ്യും. ഒരു കുട്ടിയുടെ പേരില്‍ ഒന്നിലധികം ഐഡികള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഇത് ഉറപ്പാക്കും.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് ഐഡന്റിറ്റി ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഇകണോമിക് ടൈംസ് റിപോര്‍ട് ചെയ്യുന്നു. ഡ്യൂപ്ലികേഷന്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ മരിച്ചവരുടെ വിവരങ്ങള്‍ക്കായി പൊതു, സ്വകാര്യ ആശുപത്രികളെ സമീപിക്കാനും യുഐഡിഎഐ പദ്ധതിയിടുന്നു. പൗരന്മാരുടെ ജനനം മുതല്‍ മരണം വരെയുള്ള ഡാറ്റ 12 അക്ക ആധാര്‍ നമ്പറിലേക്ക് യുഐഡിഎഐ സംയോജിപ്പിക്കും.

ഒരു വ്യക്തിയുടെ ജീവിതചക്ര ഡാറ്റയും ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം സര്‍കാര്‍ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയും രാജ്യവ്യാപകമായി ആധാറിന്റെ വ്യാപനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. ജനനം മുതല്‍ മരണം വരെയുള്ള ഡാറ്റ സംയോജിപ്പിക്കുന്നത് ക്ഷേമ പദ്ധതികളുടെ ദുരുപയോഗം തടയുമെന്നും സാമൂഹിക സുരക്ഷാ വലയില്‍ നിന്ന് ആരും വിട്ടുപോകില്ലെന്നും സര്‍കാര്‍ വിശ്വസിക്കുന്നു.

2010ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ആധാര്‍ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി ഡാറ്റാബേസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതില്‍ രാജ്യത്തെ മിക്കവാറും എല്ലാ പ്രായപൂര്‍ത്തിയായവരെയും എന്റോള്‍ ചെയ്തിട്ടുണ്ട്.

0 comments: