എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും വിജയ ശതമാനവും കുറഞ്ഞെങ്കിലും ജയിച്ചവരുടെ എണ്ണത്തില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷം പരീക്ഷയെഴുതിയ 4,21,887 ല്‍ 4,19,651 പേരാണ് ഉപരിപഠന യോഗ്യത നേടിയതെങ്കില്‍ ഇത്തവണ 4,26,469 ല്‍ 423303 പേര് ജയിച്ചു. ജയിച്ചവര്‍ 3652 പേര് കൂടുതലായതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ഈ വര്‍ഷവും തുടരും.
കഴിഞ്ഞ വര്‍ഷം 30 ശതമാനം വരെ ആനുപാതിക വര്‍ധന വരുത്തിയിട്ടും സീറ്റ് ക്ഷാമം തീര്‍ക്കാനായില്ല. തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ 79 താല്‍ക്കാലിക ബാച്ച് കൂടി അനുവദിച്ചിരുന്നു. സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചും കഴിഞ്ഞ വര്‍ഷത്തേക്ക് മാത്രമുള്ള ക്രമീകരണമായതിനാല്‍ ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റില്‍ മാറ്റമില്ല. 4,23,303 പേര് ജയിച്ചപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലായി ലഭ്യമായ പ്ലസ് വണ്‍ സീറ്റ് 3,61,307 ആണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി ഏകജാലക പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റ് 2,39,551 മാത്രമാണ്. ശേഷിക്കുന്നവ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അണ് എയ്ഡഡ് സീറ്റുമാണ്.
അണ് എയ്ഡഡ് സ്കൂളുകളില്‍ വന്‍ തുക ഫീസ് നല്കേണ്ടിവരുന്നതിനാല് പകുതിയോളം സീറ്റും ഒഴിഞ്ഞുകിടക്കാറാണ് പതിവ്. സി.ബി.എസ്.ഇയില്‍ പഠിച്ച 30757 പേരും ഐ.സി.എസ്.ഇയില്‍ പഠിച്ച 3303 പേരും മറ്റ് സ്റ്റേറ്റ് സിലബസുകളില്‍ പഠിച്ച 9178 പേരും കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. ഇതുകൂടി ചേരുമ്ബോള്‍ അപേക്ഷകരുടെ എണ്ണം അഞ്ചു ലക്ഷത്തോടടുക്കും.
സീറ്റ് വര്‍ധനയിലും അധിക ബാച്ച് അനുവദിക്കുന്നതിലും തീരുമാനം വൈകിയാല്‍ വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് നെട്ടോട്ടത്തിലാകും.കഴിഞ്ഞ വര്‍ഷം 79 താല്‍ക്കാലിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങിയത് ഡിസംബര്‍ 13നാണ്. അപ്പോഴേക്കും പലരും ഓപണ്‍ സ്കൂളില്‍ ഉള്‍പ്പെടെ പ്രവേശനം നേടിയിരുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പ്രധാനമായും സീറ്റിന് ക്ഷാമം നേരിടാറുള്ളത്. മലപ്പുറത്ത് 77,691 പേര് എസ്.എസ്.എല്‍.സി ജയിച്ചപ്പോള്‍ അണ് എയ്ഡഡില്‍ ഉള്‍പ്പെടെ 53225 സീറ്റാണുള്ളത്. എന്നാല്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയും ചെയ്യും.
0 comments: