2022, ജൂൺ 15, ബുധനാഴ്‌ച

'എ പ്ലസ് വിപ്ലവത്തിന്' ഫോക്കസ് ഏരിയയിലെ കടുംപിടുത്തത്തിലൂടെ നിയന്ത്രണം


കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തില്‍ ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ച എസ്.എസ്.എല്‍.സി പരീക്ഷയിലെ എ പ്ലസ് വിപ്ലവം ഫോക്കസ് ഏരിയയിലെ കടുംപിടുത്തത്തിലൂടെ നിയന്ത്രണത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്.കഴിഞ്ഞവര്‍ഷം 1,25,509 പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തില്‍ നാല് അലോട്ട്മെന്‍റുകള്‍ പിന്നിട്ടിട്ടും എ പ്ലസുകാര്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഒടുവില്‍ 30 ശതമാനം വരെ സീറ്റ് വര്‍ധനവും 79 താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. കോവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞവര്‍ഷം 40 ശതമാനം പാഠഭാഗങ്ങള്‍ ഫോക്കസ് ഏരിയയായി നിശ്ചയിക്കുകയും ഇതില്‍നിന്ന് 80 ശതമാനം മാര്‍ക്കിന് ചോദ്യങ്ങള്‍ വരുന്ന രീതിയില്‍ ചോദ്യപേപ്പര്‍ ക്രമീകരിക്കുകയും ചെയ്തു. അവശേഷിക്കുന്ന 20 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഫോക്കസ് ഏരിയ ഉള്‍പ്പെടെ മുഴുവന്‍ പാഠഭാഗത്തില്‍നിന്നുമായും ക്രമീകരിച്ചു.

ഫലത്തില്‍ 40 ശതമാനം പാഠഭാഗം പഠിച്ചാല്‍ തന്നെ മുഴുവന്‍ മാര്‍ക്കും നേടാവുന്ന സ്ഥിതിയായി. ഇതിനുപുറമെ ഉത്തരമെഴുതേണ്ടതി‍െന്‍റ ഇരട്ടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും എത്ര ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനുള്ള അവസരം നല്‍കുകയും ചെയ്തു. ഇതുവഴി എ പ്ലസുകാരുടെ എണ്ണം 2020ലെ 41906ല്‍നിന്ന് ഒന്നേകാല്‍ ലക്ഷമായി കുതിച്ചുയര്‍ന്നു.

ഇത്തവണ ഫോക്കസ് ഏരിയ പാഠഭാഗങ്ങള്‍ 40 ശതമാനത്തില്‍നിന്ന് 60 ആയി വര്‍ധിപ്പിച്ചു. ഇതില്‍നിന്ന് വരുന്ന ചോദ്യങ്ങള്‍ 70 ശതമാനമായി നിജപ്പെടുത്തി. അവശേഷിക്കുന്ന 30 ശതമാനം മാര്‍ക്കിനുള്ള ചോദ്യം പൂര്‍ണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുമാക്കി. ഇരട്ടി ചോദ്യങ്ങള്‍ എന്നത് 50 ശതമാനം ചോയ്സ് ചോദ്യങ്ങളാക്കിയും ചുരുക്കി. ഇതോടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാന്‍ പാഠഭാഗം പൂര്‍ണമായും പഠിക്കണമെന്നായി.

ഇതിനെതിരെ വിമര്‍ശനമുയര്‍ന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തില്‍ ഉറച്ചുനിന്നു. ഫലം വന്നപ്പോള്‍ 2020ലെ എ പ്ലസ് നേട്ടത്തില്‍നിന്ന് 2457 പേരുടെ വര്‍ധനയോടെ ഇത്തവണ 44363 ആയി. കഴിഞ്ഞവര്‍ഷം എ പ്ലസുകാര്‍ക്ക് പോലും പ്രവേശനം ലഭിക്കാത്ത സാഹചര്യം ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പി‍െന്‍റ കണക്കുകൂട്ടല്‍.

എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണത്തില്‍ 3652 പേരുടെ വര്‍ധനവുണ്ട്. കഴിഞ്ഞവര്‍ഷം ഉപരിപഠന യോഗ്യത നേടിയവരില്‍ 29 ശതമാനവും സമ്ബൂര്‍ണ എ പ്ലസോടെയാണ് വിജയിച്ചതെങ്കില്‍ ഇത്തവണ 10.48 ശതമാനമായി കുറഞ്ഞു. കൂടുതല്‍ പേര്‍ എ പ്ലസ് നേട്ടത്തിലെത്തിയത് മലപ്പുറം ജില്ലയിലാണ് -7230 പേര്‍. കഴിഞ്ഞവര്‍ഷം ഇത് 18,970 പേരായിരുന്നു. എ പ്ലസ് നേട്ടത്തില്‍ രണ്ടാംസ്ഥാനത്ത് കോഴിക്കോട് ജില്ലയാണ് -5466 പേര്‍.

0 comments: