2022, ജൂൺ 13, തിങ്കളാഴ്‌ച

3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ മെഡിസെപ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജൂലൈ ഒന്നു മുതല്‍ മെഡിസെപ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാല​ഗോപാല്‍.കേരള ​ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇടയിലാണ് ബാല​ഗോപാല്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി. വര്‍ഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേരിട്ട് സഹായം എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ബാല​ഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങള്‍ തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒഴികെ എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് അംഗത്വം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സില്‍ താഴെയുള്ള മക്കളെയും ആശ്രിതരായി ചേര്‍ക്കാം. പെന്‍ഷന്‍കാര്‍ക്ക് പങ്കാളിയെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. നിലവിലുള്ള രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ കാഷ്‌ലെസ് ചികില്‍സ നല്‍കും. എല്ലാവര്‍ക്കും 500 രൂപയാണ് പ്രതിമാസ പ്രീമിയം.

സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളിലെ ഉള്‍പ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം. സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അംഗങ്ങളാണ്. മെഡിസെപിലൂടെ ഒപി ചികിത്സയ്ക്കു കവറേജ് ഇല്ല. അതിനാല്‍, കേരള ഗവ. സെര്‍വന്റ് മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ക്കു വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍സിസി, ശ്രീചിത്ര, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് സമ്പ്രദായം  തുടരും.

0 comments: