2022, ജൂലൈ 29, വെള്ളിയാഴ്‌ച

തൊഴിൽ അവസരം; സൗദി ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു

 റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലാണ് (PBSK) ഒഴിവുകളുള്ളത്. ക്ലർക്ക് പോസ്റ്റിൽ രണ്ട് ഒഴിവുകളിലേക്കാണ് എംബസി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്കാലിക അടിസ്ഥാനത്തിലാകും നിയമനം. താൽപര്യമുള്ളവർക്ക് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.eoiriyadh.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓ​ഗസ്റ്റ് ഏഴ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. 

ഉദ്യോ​ഗാർഥികൾക്ക് അം​ഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. അധിക യോ​ഗ്യതയുള്ളവർ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഉദ്യോ​ഗാർഥിക്ക് കമ്പ്യൂട്ടർ ഉപയോ​ഗത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഇം​ഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അറബി ഭാഷ അറിയുമെങ്കിൽ നല്ലത്. 21നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂലൈ ഒന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഉദ്യോ​ഗാർഥിയുടെ പ്രായം കണക്കാക്കുക. 

തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർഥികൾക്ക് പ്രതിമാസ ശമ്പളമായി 4000 റിയാൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രത്യേക പരിശീലനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും തിയതികൾ പിന്നീട് അറിയിക്കും. അപേക്ഷയിൽ തെറ്റായ വിവരങ്ങളോ, ആവശ്യമായ രേഖകൾ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്താൽ ആ അപേക്ഷ നിരസിക്കപ്പെടും. 


0 comments: