മെഡിക്കല്‍ കോളജില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സ് തുടങ്ങാത്തതില്‍ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആശങ്കയില്‍.വിദ്യാര്‍ഥികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച കോഴ്സുകള്‍ ഈ വര്‍ഷവും തുടങ്ങിയിട്ടില്ല. കഴിഞ്ഞവര്‍ഷം പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്കായി എല്‍.ബി.എസ് സെന്‍റര്‍ പ്രോസ്പെക്ടസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ഫീസടച്ച് അപേക്ഷ നല്‍കിയെങ്കിലും കോഴ്സുകള്‍ തുടങ്ങിയില്ല.
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ പാരമെഡിക്കല്‍ കോഴ്സുകള്‍ ഡിപ്ലോമ മാത്രമാണ്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ ഡിഗ്രി കോഴ്സുകളുണ്ട്. ഏറ്റവുമധികം തൊഴില്‍സാധ്യതയുള്ള മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, റേഡിയോ തെറപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തില്‍ നിലവില്‍ ഡിഗ്രി കോഴ്സുകള്‍ ഇല്ല.
ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന വിചിത്രമായ ന്യായമായിരുന്നു കഴിഞ്ഞവര്‍ഷം വരെ പറഞ്ഞിരുന്നത്. കഴിഞ്ഞവര്‍ഷം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ വിവിധ ഡിഗ്രി കോഴ്സുകള്‍ പ്രഖ്യാപിക്കുകയും പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ഇത്തരം കോഴ്സുകള്‍ കേരളത്തില്‍ തുടങ്ങുന്നത് അന്തര്‍ സംസ്ഥാനത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കിനെ ബാധിക്കുന്നതിനാല്‍ വിദ്യാഭ്യാസ കച്ചവട ലോബിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ വര്‍ഷവും കോഴ്സുകള്‍ പ്രോസ്പെക്ടസില്‍ ഉണ്ടെങ്കിലും കോഴ്സ് ആരംഭിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
0 comments: