2022, ജൂലൈ 7, വ്യാഴാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: തിങ്കളാഴ്ച മുതല്‍ അപേക്ഷിക്കാം

 

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സംബന്ധിച്ചുള്ള പ്രോസ്പെക്ടസ് പുറത്തിറങ്ങി.അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 18. ജൂലൈ 21 ന് ട്രെയല്‍ അലോട്ട്മെന്‍റും 27ന് ആദ്യഅലോട്ട്മെന്‍റും നടക്കും. മുഖ്യഘട്ടത്തിന് അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 11 നാണ്.

ഓഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യ ഘട്ടം അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെഒഴിവുകള്‍ നികത്തി സെപ്റ്റംബര്‍ 30 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. നീന്തലിനു നല്‍കി വന്നിരുന്ന രണ്ട് ബോണസ് പോയിന്‍റ് ഇക്കുറി ഒഴിവാക്കി.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവും കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവും ഇക്കുറി നടപ്പാക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഇല്ല.

0 comments: